പേടിയെ അതിജീവിച്ച് ഫാത്തിമ സന ഷെയ്ഖ്; ഗോവയിലെ ക്ലിഫ് ഡൈവിങ് വീഡിയോ വൈറൽ

ഫാത്തിമ സന ഷെയ്ഖ്/ Instagram
ഫാത്തിമ സന ഷെയ്ഖ്/ Instagram

ദംഗൽ എന്ന ഒറ്റച്ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഫാത്തിമ സന ഷെയ്ഖ്. താരം തന്റെ പുതുവർഷത്തിന് തുടക്കം കുറിച്ചത് ആവേശകരമായ ഒരു ക്ലിഫ് ഡൈവിങ്ങിലൂടെയാണ്. ഗോവയിൽ അവധിക്കാലം ആഘോഷിക്കുന്ന താരം, മലമുകളിൽ നിന്നു വെള്ളത്തിലേക്കു ചാടുന്നതിന് മുൻപ് ഏകദേശം 20 മിനിറ്റോളം പേടിച്ചു നിന്നുപോയെന്ന് വെളിപ്പെടുത്തുകയാണ്.

തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ ഫാത്തിമ പങ്കുവെച്ചത്. പാറക്കെട്ടിന് മുകളിൽ നിന്ന് വെള്ളത്തിലേക്ക് ചാടുന്നതിന് മുൻപ് തന്റെ മനസ്സിലൂടെ കടന്നുപോയ ഭയത്തെക്കുറിച്ചും പിന്നീട് അതിനെ അതിജീവിച്ചതിനെക്കുറിച്ചും താരം വിവരിച്ചു.

'ആ പാറക്കെട്ടിന് മുകളിൽ നിന്ന് ചാടാനുള്ള ധൈര്യം സംഭരിക്കാൻ ഞാൻ 20 മിനിറ്റോളം അവിടെ നിന്നു. ഒടുവിൽ ഞാൻ അത് ചെയ്തു. വെള്ളത്തിൽ പതിക്കുന്നതിന് തൊട്ടുമുൻപ് വായുവിലൂടെ താഴേക്ക് പോകുന്ന ആ നിമിഷം ഭയാനകമായി തോന്നി. വയറ്റിൽ അനുഭവപ്പെടുന്ന ആ വികാരം എന്നെ വേട്ടയാടി’, ഫാത്തിമ കുറിച്ചു.

'ആ നിമിഷങ്ങളിൽ ഭയം അഡ്രിനാലിൻ ആയി മാറുന്നത് എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. അത് അതിശയകരമായിരുന്നു. അതിനുശേഷം എന്റെ പേടി മാറി. പിന്നെ നാല് തവണ കൂടി ഞാൻ ചാടി. യഥാർത്ഥത്തിൽ ആ ചാട്ടമായിരുന്നില്ല പേടിപ്പിച്ചത്, മറിച്ച് ചാടുന്നതിന് മുൻപ് എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഭയമായിരുന്നു.'

പുതുവർഷം ആഘോഷിക്കാൻ ഗോവയിലെത്തിയ ഫാത്തിമ, കടൽത്തീരത്തെ മനോഹരമായ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. തന്റെ പ്രിയപ്പെട്ട നായയ്ക്കും പൂച്ചയ്ക്കും ഒപ്പമുള്ള നിമിഷങ്ങളും സൂര്യാസ്തമയം ആസ്വദിക്കുന്ന ചിത്രങ്ങളും ഇതിലുണ്ട്.
1997-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം 'ഇഷ്‌ക്' എന്ന സിനിമയിലാണ് ഫാത്തിമ സന ഷെയ്ഖ് ബാലതാരമായി സിനിമയിൽ എത്തിയത്. കമൽ ഹാസൻ ചിത്രം 'അവ്വൈ ഷണ്മുഖി' യിലും ബാലതാരമായി എത്തി. പല സിനിമകൾ ചെയ്‌തെങ്കിലും ഫാത്തിമയുടെ ജീവിതത്തിൽ വഴിത്തിരിവായത്, 2016-ൽ പുറത്തിറങ്ങിയ 'ദംഗൽ' എന്ന ചിത്രമാണ്. ഗുസ്തി താരം ഗീത ഫോഗട്ടിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ ആമിർ ഖാന്റെ മകളായാണ് ഫാത്തിമ എത്തിയത്.

ലുഡോ, ഥാർ, സാം ബഹാദൂർ തുടങ്ങിയ ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. മെട്രോ... ഇൻ ദിനോ, ആപ് ജൈസ കോയി, ഗുസ്താഖ് ഇഷ്ഖ് എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Watch Fatima Sana Shaikh conquer her fear with a daring cliff dive in Goa! The `Dangal` actress shares her exhilarating experience and overcoming adrenaline.