സ്‌നേഹവും വിശ്വസ്തതയും കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ ചില വളര്‍ത്തുമൃഗങ്ങള്‍

പ്രതീകാത്മക ചിത്രം / freepik
പ്രതീകാത്മക ചിത്രം / freepik

ഏതൊരു ഉടമയ്ക്കും തങ്ങളുടെ വളര്‍ത്തുമൃഗം പ്രിയപ്പെട്ടതാവും. തിരിച്ച് ഉടമയോടും അതേ സ്‌നേഹവും നന്ദിയും പ്രകടിപ്പിക്കുന്നവരാണ് ഒട്ടുമിക്ക ജീവികളും. വളര്‍ത്തുമൃഗങ്ങള്‍ സ്‌നേഹത്താലും വിശ്വസ്തതയാലും ലോകത്തെ അത്ഭുതപ്പെടുത്തിയ ചില അസാധാരണ കഥകളുണ്ട്. അക്കൂട്ടത്തിൽ സവിശേഷമായ ചിലരെ മനുഷ്യർ പ്രതിമയുണ്ടാക്കി ആദരിച്ചിട്ടുമുണ്ട്.

ടോക്കിയോവിലെ ഹാച്ചിക്കോ 
എക്കാലത്തെയും ഏറ്റവും പ്രശസ്തമായ വളര്‍ത്തുമൃഗങ്ങളുടെ കഥകളിലൊന്നാണ് ഹാച്ചിക്കോയുടേത്. ജാപ്പനീസ് അകിത എന്ന, വലിപ്പമേറിയ ഇനം നായയായിരുന്നു ഹാച്ചിക്കോ. ദിവസവും ജോലി കഴിഞ്ഞുവരുന്ന തന്റെ ഉടമയെ കാത്ത് ഹച്ചിക്കോ സ്റ്റേഷനില്‍ ഇരിക്കുമായിരുന്നു.

ഉടമ മരിച്ചതറിയാതെ ഏകദേശം പത്ത് വര്‍ഷത്തോളം ആ നായ എല്ലാ ദിവസവും സ്റ്റേഷനില്‍ കാത്തിരുന്നു. മറ്റൊരിടത്തേക്ക് മാറ്റാന്‍ പലരും ശ്രമിച്ചെങ്കിലും അതിനെയെല്ലാം അവന്‍ തടുക്കുകയും സ്റ്റേഷന് ചുറ്റും അലഞ്ഞുനടക്കുകയും ചെയ്തു. ടോക്കിയോയിലെ ഷിബുയ ഡിസ്ട്രിക്റ്റില്‍ ഇപ്പോള്‍ ഹാച്ചിക്കോയുടെ വിശ്വസ്തതയെയും ഭക്തിയെയും ആദരിച്ചുകൊണ്ട് ഒരു വെങ്കല പ്രതിമയുണ്ട്. ഹാച്ചിക്കോയുടെ കഥ സിനിമയുമായിട്ടുണ്ട്.

വാഷിങ്ടണിലെ ഫാല നായ
യുഎസ് പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ ഡി. റൂസ്വെല്‍റ്റിന്റെ സ്ഥിരം കൂട്ടാളിയായിരുന്നു ഫാല. ഒരു വളര്‍ത്തുമൃഗം  എന്നതിലുപരിയായിരുന്നു ഈ ടെറിയര്‍ നായ. പരിപാടികളിലും യാത്രകളിലുമെല്ലാം വരാറുണ്ടായിരുന്ന ഈ നായ വൈറ്റ് ഹൗസ് ജീവിതത്തെക്കുറിച്ചുള്ള ഒരു സിനിമയില്‍ പോലും അഭിനയിച്ചു. റൂസ്വെല്‍റ്റ് സ്മാരകത്തില്‍ റൂസ്വെല്‍റ്റിനൊപ്പം ഫാലയുടെ ഒരു പ്രതിമയുമുണ്ട്. ഈ രീതിയില്‍ ആദരിക്കപ്പെടുന്ന ഒരേയൊരു വളര്‍ത്തുമൃഗമാണ് ഫാല.

സ്കോട്ട്ലൻഡിലെ ബോബി 
സ്‌കോട്ട്‌ലന്‍ഡിലെ വളരെ പ്രശസ്തമായ ഒരു നായയാണ് ഗ്രേഫ്രിയേഴ്‌സ് ബോബി. സ്‌കൈ ടെറിയര്‍ വിഭാഗത്തിൽ പെടുന്ന ഈ നായ, മരിച്ചുപോയ തന്റെ ഉടമയുടെ ശവകുടീരം വിട്ടുപോകാന്‍ 14 വര്‍ഷത്തോളം വിസമ്മതിച്ചു. അവന്റെ വിശ്വസ്തതയില്‍ മനസ്സലിഞ്ഞ സ്‌കോട്ട്‌ലന്‍ഡുകാര്‍ 1873-ല്‍ ശവകുടീരത്തിനടുത്തുള്ള ഒരു കുടിവെള്ള ഫൗണ്ടന് മുകളില്‍ അവന്റെ പൂര്‍ണ്ണകായ വെങ്കല പ്രതിമ സ്ഥാപിച്ചു. നിരവധി പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും കഥ പുനരാവിഷ്‌കരിക്കപ്പെട്ടതോടെ പ്രിയപ്പെട്ട നായ പ്രശസ്തിയിലേക്ക് ഉയര്‍ന്നു.

എലിയെപ്പിടിച്ച ടൗസര്‍ 
ജോലിയുള്ള, റെക്കോര്‍ഡ് ജേതാവായ പൂച്ചയായിരുന്നു ടൗസര്‍. ഗ്ലെന്‍ടൂറെറ്റ് ഡിസ്റ്റിലറിയില്‍ ജീവിച്ചിരുന്ന അത് തന്റെ ജീവിതകാലത്ത് 28,000-ത്തിലധികം എലികളെ പിടിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി. പകരമായി അവള്‍ക്ക് ഭക്ഷണവും അഭയവും ലഭിച്ചു. വിസ്‌കി ഡിസ്റ്റിലറികള്‍ എലികള്‍ക്ക് പ്രധാന തീറ്റയും പ്രജനന കേന്ദ്രങ്ങളുമാണ്.

സ്‌കോച്ച് വിസ്‌കി ഉണ്ടാക്കാനാവശ്യമായ ബാര്‍ലി ഉള്ളിടത്ത് എലികള്‍ ധാരാളമുണ്ടാകും. ഡിസ്റ്റിലറികൾക്ക് വലിയ ശല്യമാണിവ. വിസ്‌കിയുടെ ഉത്പാദനം സുഗമമാക്കാന്‍ എലികളെ പിടിച്ച് സഹായിച്ച ഈ ജോലിക്കാരിയായ പൂച്ചയെ ആദരിക്കുന്ന ഒരു പ്രതിമ ഇവിടെയുണ്ട്.  ഡിസ്റ്റിലറിയിലുണ്ട്.

റഷ്യയിലെ കോസ്ത്യ 
റഷ്യയിലെ ടോളിയാറ്റിയിലുള്ള ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പെട്ട ഒരു നായയായിരുന്നു കോസ്ത്യ. 1995-ലെ  ദാരുണമായൊരു കാറപകടത്തിലാണ് കോസ്ത്യയുടെ ഉടമകള്‍ മരിക്കുന്നത്. തുടര്‍ന്ന്, ഈ വിശ്വസ്തനായ നായ ഏഴ് വര്‍ഷത്തോളം അതേ റോഡരികില്‍ കാത്തുനിന്നു. ദത്തെടുക്കാനുള്ള ശ്രമങ്ങളെ നിരസിച്ച് 2002-ല്‍ മരിക്കുന്നതുവരെ അതവിടെ ഉണ്ടായിരുന്നു.

നാട്ടുകാര്‍ അവനെ 'കോസ്ത്യ' എന്ന് വിളിക്കുകയും ഭക്ഷണവും അഭയവും നല്‍കി പരിപാലിക്കുകയും ചെയ്തു. അവന്റെ ഓര്‍മ്മയ്ക്കായി, 2003-ല്‍ ‘ലോയൽറ്റി’ എന്നു പേരിട്ട ഒരു വെങ്കല പ്രതിമ സ്ഥാപിക്കപ്പെട്ടു. പിന്നീട് ഇത് ഒരു വിനോദസഞ്ചാരകേന്ദ്രവുമായി. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: discover inspiring true stories of remarkable pets and the monuments erected in their honor. celebrate the extraordinary loyalty of animals like hachiko, fala, bobby, towser, and kostya.