മുഖവും ചിരിയും ഇന്‍ഷൂര്‍ ചെയ്യാം, സെലിബ്രിറ്റികള്‍ക്കിടയിലെ ട്രന്‍ഡ്

കരൺ ജോഹര്‍ | AFP
കരൺ ജോഹര്‍ | AFP

ബോളിവുഡ് സംവിധായകനും അവതാരകനുമായ കരണ്‍ ജോഹര്‍ തന്റെ ശരീരത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഭാഗമെന്ന നിലയില്‍ മുഖം ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ടെന്ന് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചുതുടങ്ങിയിട്ട് കുറച്ചുകാലമായി. ഇടയ്ക്കിടെ അദ്ദേഹം ദക്ഷിണ കൊറിയയില്‍ പോകുന്നത് ഇതിന്റെ നടപടികള്‍ക്കുവേണ്ടിയാണത്രേ. ഇതൊക്കെ കേള്‍ക്കുമ്പോള്‍ മുഖക്കുരുവും പാടുകളുമൊക്കെ ഇന്‍ഷൂറന്‍സ് പരിധിയില്‍ വരുമോയെന്നായിരിക്കും നമ്മുടെ ആദ്യത്തെ ചോദ്യം.

മുഖം നേരിട്ട് ഉപജീവനമാര്‍ഗ്ഗവുമായി ബന്ധപ്പെട്ടിരിക്കുന്ന സെലിബ്രിറ്റികള്‍, മോഡലുകള്‍, അഭിനേതാക്കള്‍,  ഇന്‍ഫ്‌ളൂവന്‍സര്‍മാര്‍, പൊതുരംഗത്തുള്ള വ്യക്തികള്‍ എന്നിവരാണ് പൊതുവെ ഈ സാധ്യത ഉപയോഗപ്പെടുത്താറ്. അവര്‍ക്ക് മുഖം വെറും ഒരു ശരീരഭാഗമല്ല. അത് വ്യവസായ മൂല്യമുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ മുഖം ഇന്‍ഷൂര്‍ ചെയ്ത് സുരക്ഷിതമാക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.

മുഖം തന്നെ ബ്രാന്‍ഡ് ആയിട്ടുള്ളവരാണ് സെലിബ്രിറ്റികള്‍. മുഖത്തുണ്ടാകുന്ന പരിക്ക്, വൈകല്യം, പൊള്ളല്‍, ശസ്ത്രക്രിയാ സങ്കീര്‍ണ്ണതകള്‍ എന്നിവ കാരണം വരുമാനം നഷ്ടപ്പെടുകയോ കരിയറിന് തടസ്സം നേരിടുകയോ ചെയ്താല്‍ ഇത്തരം ഇന്‍ഷുറന്‍സ് സാമ്പത്തിക നഷ്ടപരിഹാരം ഉറപ്പാക്കുന്നു. സാധാരണക്കാര്‍ക്കിടയില്‍ അത്ര പ്രചാരമുള്ള രീതിയല്ലിത്. പ്രത്യേക ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കസ്റ്റമൈസ്ഡ് പോളിസികളാണിവ.

നടന്മാര്‍, അത്ലറ്റുകള്‍ തുടങ്ങിയവര്‍ അവരുടെ തൊഴിലിന് നിര്‍ണായകമായ ശരീരഭാഗങ്ങളും ഇന്‍ഷുര്‍ ചെയ്യാറുണ്ട്. പോളിസി എടുക്കുന്നതിനു മുമ്പ് മെഡിക്കല്‍ പരിശോധനകളുണ്ടാവും. മുഖ ശസ്ത്രക്രിയ, ഡെര്‍മറ്റോളജി, ബയോമെട്രിക് രംഗത്തെ വിദഗ്ധര്‍ പരിശോധന നടത്തും. മുഖത്തിന്റെ വാണിജ്യമൂല്യം അനുസരിച്ച് ഓരോരുത്തര്‍ക്കും ഓരോ രീതിയിലായിരിക്കും പോളിസി.

പരിക്ക്, പൊള്ളല്‍, വൈദ്യശാസ്ത്രപരമായി ആവശ്യമായ ശസ്ത്രക്രിയ, കരിയറിനെ ബാധിക്കുന്ന രൂപമാറ്റം എന്നിവയെല്ലാം ഇതിന്റെ പരിധിയില്‍ വരും. ശരീരഭാഗങ്ങളുടെ കാര്യത്തിലേക്ക് വന്നാല്‍, ആ ശരീരഭാഗം ഒരു യഥാര്‍ഥ ആസ്തിയാണെന്നും വെറും ഒരു ശരീരഭാഗം മാത്രമല്ലെന്നും നിങ്ങള്‍ തെളിയിക്കണം. ഉദാഹരണത്തിന്, സര്‍ജന്‍മാര്‍ക്ക് അവരുടെ കൈകള്‍ ഇന്‍ഷുര്‍ ചെയ്യാന്‍ കഴിയും. അവര്‍ ആ രംഗത്ത് വലിയ പരിശീലനം നേടിയവരായതിനാല്‍ കൈകള്‍ക്ക് വലിയ മൂല്യമുണ്ട്.

അമേരിക്കന്‍ മോഡലും ടെലിവിഷന്‍ താരവുമായ ഹെയ്ഡി ക്ലൂം തന്റെ കാലുകള്‍ ഏകദേശം 2 മില്യണ്‍ ഡോളറിന് ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട്. കിം കര്‍ദാഷിയാന്‍, മൈലി സൈറസ്, ജൂലിയ റോബര്‍ട്ട്‌സ് തുടങ്ങിയവര്‍ മുഖം, ചിരി, വിവിധ ശരീരഭാഗങ്ങള്‍ എന്നിവ ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നു. യുകെ, യുഎസ് അടക്കം പല രാജ്യങ്ങളിലും സ്‌പെഷ്യലിസ്റ്റ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.