ഭാര്യമാര്‍ക്കും കുട്ടികള്‍ക്കുമായി 35 മില്യണ്‍ ഡോളറിന്റെ വില്ല;വ്യത്യസ്തം ഇലോണ്‍ മസ്‌കിന്റെ ഈ വീട്

കുട്ടികളും ഭാര്യമാരുമടങ്ങുന്ന കുടുംബത്തിനായി പുതിയ അത്യാഡംബര വില്ല വാങ്ങി, എക്‌സ് കോര്‍പ്പറേഷന്‍ ഉടമസ്ഥനും ലോകത്തിലെ ഏറ്റവും വലിയ പണക്കാരിലൊരാളുമായ ഇലോണ്‍ മസ്‌ക്. ടെക്‌സസിലാണിതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 35 മില്യണ്‍ ഡോളറിനാണ് മസ്‌ക് വില്ല വാങ്ങിയത്. 14,400 ചതുരശ്രയടിയാണ് വില്ലയുടെ വലുപ്പം. അതിനോട് ചേര്‍ന്നുതന്നെ ആറ് ബെഡ്‌റൂമുള്ള മറ്റൊരു വസതിയും മസ്‌ക് വാങ്ങിയിട്ടുണ്ട്.
ജനസംഖ്യ വര്‍ധിപ്പിക്കണമെന്ന ആശയക്കാരനായ മസ്‌കിന്, മൂന്ന് ഭാര്യമാരില്‍നിന്നായി 11 മക്കളാണുള്ളത്. എല്ലാ കുട്ടികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും മസ്‌കിന് കുട്ടികള്‍ക്കൊപ്പം ഒരുപോലെ സമയം ചെലവഴിക്കാനുമാണത്രേ ഇങ്ങനെയൊരു വില്ല കോംപ്ലക്‌സ് വാങ്ങിയത്.
കനേഡിയന്‍ എഴുത്തുകാരിയായ ജസ്റ്റിന്‍ വില്‍സണ്‍ ആണ് ആദ്യഭാര്യ. 2000-ലാണ് ഇരുവരും വിവാഹിതരായത്. ആ വിവാഹത്തില്‍ ആറുമക്കളുണ്ടായെങ്കിലും, അതിലൊരാള്‍ ചെറുപ്പത്തില്‍ തന്നെ മരിച്ചു. ആ കുട്ടിയുടെ മരണശേഷം ഐ.വി.എഫിലൂടെ അഞ്ച് കുട്ടികള്‍ കൂടി ജനിച്ചു. ആദ്യത്തേത് ഇരട്ടക്കുട്ടികളും അടുത്തത് ഒറ്റപ്രസവത്തില്‍ മൂന്നുകുട്ടികളും. 2008-ല്‍ ഈ ദമ്പതികള്‍ വിവാഹമോചിതരായി. പക്ഷേ, കുട്ടികളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് ഇവര്‍ ഒരുമിച്ചാണ്.
ഇരട്ടക്കുട്ടികളിലൊരാളായ സേവ്യര്‍ മസ്‌ക് 2022-ല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. പേരുമാറ്റിയതിന്റെ പേരിലായിരുന്നുവത്. ട്രാന്‍സ് ജെന്‍ഡറായ അവര്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുകയും, വിവിയന്‍ ജെന്ന വില്‍സണ്‍ എന്ന് പേരുമാറ്റുകയും ചെയ്തിരുന്നു. തന്നോട് പിതാവ് ക്രൂരമായി പെരുമാറിയിരുന്നുവെന്നും തന്റെ വ്യക്തിത്വം അംഗീകരിക്കുന്നില്ലെന്നും അന്ന് വിവിയന്‍ ആരോപിച്ചിരുന്നു. അതിനോടുള്ള പ്രതിഷേധസൂചകമായാണ് സ്വന്തം പേരില്‍നിന്ന് അച്ഛന്റെ പേര് അവര്‍ എടുത്തുമാറ്റിയത്.
ബ്രിട്ടീഷ് അഭിനേത്രിയും എഴുത്തുകാരിയുമാണ് ടുലൂല റൈലിയാണ് രണ്ടാമത്തെ ഭാര്യ. ഇരുവരും രണ്ടുതവണയാണ് വിവാഹിതരായത്. 2010-ല്‍ വിവാഹിതരായ ടുലൂലയും മസ്‌കും 2012-ല്‍ വിവാഹമോചിതരായി. 2013-ല്‍ വീണ്ടും വിവാഹം കഴിച്ചെങ്കിലും, അത് മൂന്നുവര്‍ഷമേ നീണ്ടുനിന്നുള്ളൂ. ആ ബന്ധത്തില്‍ മക്കളില്ല.
കനേഡിയന്‍ സംഗീതജ്ഞയായ ക്ലെയര്‍ എലിസില്‍ (ഗ്രൈംസ്) മൂന്ന് കുട്ടികളാണ് മസ്‌കിനുള്ളത്. 2018-ലാണ് എലിസും മസ്‌കും ഡേറ്റിങ് തുടങ്ങുന്നത്. 2020-ല്‍ ആദ്യത്തെ കുട്ടി ജനിച്ചു. പിന്നീട് രണ്ടുകുട്ടികളും. എക്‌സ്, വൈ, തൗ എന്നീ ഓമനപ്പേരുകളിലാണ് ആ കുട്ടികള്‍ അറിയപ്പെടുന്നത്. നിലവില്‍ മക്കള്‍ക്കുവേണ്ടിയുള്ള നിയമപോരാട്ടത്തിലാണ് എലിസും മസ്‌കും.
2021-ല്‍ മസ്‌കിന് ഇരട്ടക്കുട്ടികള്‍ ജനിച്ചിരുന്നു. അപ്പോഴാണ് പുതിയ പങ്കാളിയെക്കുറിച്ച് പുറംലോകം അറിയുന്നത്. ന്യൂറാലിങ്ക് എന്ന മസ്‌കിന്റെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയില്‍ എക്‌സിക്യുട്ടീവായ ഷിവോണ്‍ സിലിസാണ് ആ കുഞ്ഞുങ്ങളുടെ അമ്മ. ഐ.വി.എഫ് വഴിയാണ് ഇരട്ടകള്‍ ജനിച്ചത്. ഈ വര്‍ഷം ഇരുവര്‍ക്കും ഒരു കുഞ്ഞ് കൂടി ജനിച്ചതായി മസ്‌ക് പറയുന്നു. എലിസ് ഒഴികെയുള്ള മൂന്ന് പങ്കാളികളും കുട്ടികള്‍ക്കൊപ്പം പുതിയ വില്ലയിലേക്ക് മാറുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
Content Highlights: elon musk bought this villa for his wives and kids