വായ്പകള്‍ കാലാവധിക്കുള്ളില്‍ തിരിച്ചടക്കുന്നത് മണ്ടത്തരമാണോ?

പ്രതീകാത്മകചിത്രം (AI Generated)
പ്രതീകാത്മകചിത്രം (AI Generated)

കയ്യില്‍ പണം ഇല്ലാത്തപ്പോള്‍ വായ്പ കിട്ടുന്നത് വലിയ സന്തോഷമാണ്. എന്നാല്‍ സന്തോഷം അവസാനിച്ചു കഴിയുമ്പോള്‍ വായ്പ പലിശയെക്കുറിച്ച് ആധിയാണ്. നിശ്ചിത കാലാവധി വരെ തവണകളായി പണം അടച്ച് വായ്പ തീര്‍ക്കാം. എങ്കിലും അതുവരെ കാത്തിരിക്കാന്‍ സമയമില്ല. എവിടെ നിന്നെങ്കിലും കുറെ പണം സംഘടിപ്പിച്ച് അത് ഒരുമിച്ച് തിരിച്ചടച്ചാലേ സമാധാനമുള്ളൂ. പലിശ ഭാരത്തില്‍ നിന്ന് കരകയറാന്‍ ആണ് ഈ കൈകാലിട്ടടിക്കല്‍.

എന്നാല്‍ എല്ലാ വായ്പകളും ഇങ്ങനെ മുന്‍കൂര്‍ തിരിച്ചടയ്ക്കുന്നത് ലാഭകരമല്ല. അതുപോലെ എല്ലാത്തരം ആളുകള്‍ക്കും ഒരുപോലെ പ്രയോജനപ്പെടില്ല വായ്പകള്‍ മുന്‍കൂര്‍ തിരിച്ചടയ്ക്കുന്നത്. ചിലരുടെയെങ്കിലും ക്രഡിറ്റ് സ്‌കോറിനെ വരെ ഇത് ദോഷകരമായി ബാധിച്ചേക്കും. വായ്പകള്‍ എടുക്കുമ്പോള്‍ എന്നതുപോലെ മുന്‍കൂര്‍ തിരിച്ചടയ്ക്കുമ്പോഴും കൃത്യമായ ഗൃഹപാഠം ചെയ്യുന്നത് നഷ്ടം കുറയ്ക്കാന്‍ സഹായിക്കും എന്നതിനാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

1. സാമ്പത്തികമായി അച്ചടക്കമില്ലാത്ത ഒരാളുടെ കാര്യത്തില്‍ വായ്പകള്‍ മുന്‍കൂര്‍ തിരിച്ചടയ്ക്കുന്നതുകൊണ്ട് എന്തുസംഭവിക്കുമെന്ന് നോക്കാം. അഞ്ചു ലക്ഷം രൂപ 12 ശതമാനം പലിശയ്ക്ക് അഞ്ചുവര്‍ഷത്തേക്ക് പേഴ്സണല്‍ ലോണ്‍ എടുത്തു എന്നുവയ്ക്കുക. മാസം ഏകദേശം 11,000 രൂപവീതം ഇഎംഐ അടച്ചുകൊണ്ടിരിക്കുന്നു. മാസശമ്പളത്തില്‍ നിന്ന് അല്‍പ്പം ബുദ്ധിമുട്ടിയാണെങ്കിലും ഈ മാസതവണ കുടുംബ ബജറ്റിനെ വലിയ രീതിയില്‍ താളം തെറ്റിക്കാതെ അടച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുപണം കയ്യില്‍ കിട്ടിയപ്പോള്‍ വായ്പ പൂര്‍ണമായും തിരിച്ചടച്ച് ക്ലോസുചെയ്തു. പലിശയിനത്തില്‍ അഞ്ചുവര്‍ഷം കൊണ്ട് ഉണ്ടായേക്കുമായിരുന്ന ബാധ്യത ലാഭിച്ചു. പക്ഷേ പ്രതിമാസം മിച്ചം പിടിച്ച് അടച്ചുകൊണ്ടിരുന്ന 11,000 രൂപയ്ക്ക് പിന്നീട് എന്തുസംഭവിച്ചു എന്ന് ഏതാനും മാസം കഴിഞ്ഞ് ആലോചിച്ചാല്‍ എത്തും പിടിയും കിട്ടില്ല. ആദ്യത്തെ ഒന്നോ രണ്ടോ മാസം ഈ തുക അക്കൗണ്ടില്‍ ഉണ്ടായെന്നിരിക്കും. പതുക്കെ പതുക്കെ പലവിധ ചെലവുകള്‍ വന്ന് ഈ മിച്ചവും ഇല്ലാതാകും. കയ്യില്‍ വന്ന വലിയ ഒരു തുകയും നഷ്ടമായി. പ്രതിമാസം മിച്ചം പിടിച്ച് അടച്ചുകൊണ്ടിരുന്ന 11,000 രൂപയും ഇല്ലാതായി. ഫലത്തില്‍ ഇരട്ടി നഷ്ടമാണ് ഉണ്ടായത്. വായ്പ തവണ അടയ്ക്കേണ്ടിവരുന്നതുകൊണ്ടുമാത്രം സാമ്പത്തിക അച്ചടക്കം പാലിക്കുന്നവരില്‍ വായ്പ ഇല്ലാതാകുന്നതോടെ ഈ അച്ചടക്കം ഇല്ലാതാകും. ഇത്തരത്തിലൊരാളാണ് നിങ്ങളെങ്കില്‍ കയ്യില്‍ അധികം പണം വരുമ്പോള്‍ വായ്പ മുന്‍കൂര്‍ തിരിച്ചടയ്ക്കാതെ ആ തുക ഏതെങ്കിലും നിക്ഷേപമാക്കി മാറ്റുന്നതാണ് അഭികാമ്യം. അല്ലെങ്കില്‍ വായ്പ മുന്‍കൂര്‍ തിരിച്ചടച്ചതിനുശേഷം ഇഎംഐ യ്ക്ക് തുല്യമായ തുക കൊണ്ട് ഒരു ചിട്ടിയോ, റെക്കറിംഗ് ഡിപ്പോസിറ്റോ, മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയോ തുടങ്ങണം. എങ്കില്‍ ഇരട്ടി ലാഭമാണ് ഉണ്ടാകുക. വായ്പ പലിശ ഇനത്തില്‍ ഉണ്ടാകുമായിരുന്ന നഷ്ടം ഒഴിവാക്കുകയും ചെയ്യാം പുതിയ ഒരു നിക്ഷേപം തുടങ്ങിയതിലൂടെ വായ്പ തിരിച്ചടയ്ക്കാന്‍ ഉപയോഗിച്ച പണം വീണ്ടെടുക്കുകയും ചെയ്യാം.

2. വായ്പ നേരത്തെ തിരിച്ചടയ്ക്കുന്നതുകൊണ്ട് പലിശയിനത്തില്‍ ലാഭം ഉണ്ടാകും എന്നതില്‍ തര്‍ക്കമില്ല. അഞ്ചുലക്ഷം രൂപയുടെ പേഴ്സണല്‍ ലോണ്‍ 12 ശതമാനം പലിശയ്ക്ക് ആറു വര്‍ഷത്തേക്ക് എടുത്താല്‍ മൊത്തം 7.03 ലക്ഷം രൂപ തിരിച്ചടയ്ക്കണം. അതായത് 2.03 ലക്ഷം രൂപയാണ് പലിശയിനത്തില്‍ നല്‍കേണ്ടിവരുന്നത്. അതായത് മൊത്തം തിരിച്ചടവിന്റെ 29 ശതമാനത്തോളം പലിശമാത്രമാണ്. ഏതുഘട്ടത്തിലും ഇത്തരത്തിലുള്ള വായ്പകള്‍ തിരിച്ചടയ്ക്കുമ്പോള്‍ പലിശയിനത്തില്‍ ലാഭം ഉണ്ടാകും. പക്ഷേ മുന്‍കൂര്‍ വായ്പ തിരിച്ചടയ്ക്കുന്നതിന് ബാങ്കുകള്‍ പെനാല്‍റ്റി ഈടാക്കും. വായ്പയില്‍ ബാക്കിയുള്ള തുകയുടെ അഞ്ചുശതമാനം വരെ ഇത്തരത്തില്‍ പെനാല്‍റ്റി ഈടാക്കുന്ന ബാങ്കുകളുണ്ട്. നിങ്ങളുടെ ബാങ്ക് ഇത്തരത്തില്‍ പെനാല്‍റ്റി ഈടാക്കുന്നുണ്ടോ എന്നും അത് എത്രയാണ് എന്നും അറിഞ്ഞുവയ്ക്കുക. പലിശയിനത്തില്‍ വായ്പ നേരത്തെ തിരിച്ചടയ്ക്കുന്നതുകൊണ്ട് ലഭിക്കുന്ന ലാഭവുമായി താരതമ്യം ചെയ്യുക.

3. ഒന്നിലേറെ വായ്പകള്‍ ഉണ്ടെങ്കില്‍ ഏറ്റവും ഹ്രസ്വ കാലയളവിലേക്കുള്ള വായ്പ വേണം ആദ്യം തിരിച്ചടയ്ക്കേണ്ടത്. അതുപോലെ ഈടൊന്നും നല്‍കാതെ എടുക്കുന്ന വായ്പകളും കഴിയുന്നത്ര വേഗം തിരിച്ചടയ്ക്കാം.

4. ഏറ്റവും കൂടുതല്‍ പലിശ ഈടാക്കുന്ന വായ്പകള്‍ ഉണ്ടെങ്കില്‍ ആദ്യം അത്തരത്തിലുളള വായ്പകള്‍ മുന്‍കൂര്‍ തിരിച്ചടയ്ക്കാം.

5. ക്രഡിറ്റ് കാര്‍ഡ് വായ്പകള്‍ ഉണ്ടെങ്കില്‍ മറ്റൊന്നും ആലോചിക്കേണ്ട എത്രവേഗം അത് മുന്‍കൂര്‍ തിരിച്ചടയ്ക്കാമോ അത്രയും വേഗം തിരിച്ചടയ്ക്കാം. തിരിച്ചടവില്‍ വീഴ്ച വന്നാല്‍ പലിശയും പലിശയ്ക്ക് മേല്‍ പലിശയും വരും.

6. സ്വര്‍ണ പണയ വായ്പകള്‍ ബ്രിഡ്ജ് വായ്പകള്‍ എന്നാണറിയപ്പെടുന്നത്. മൂന്നുമാസം മുതല്‍ പരമാവധി ഒരു വര്‍ഷമാണ് അതിന്റെ കാലാവധി. പിന്നീട് പുതുക്കിക്കൊണ്ടിരിക്കണം. കൃത്യസമയത്ത് പുതുക്കിയില്ലെങ്കില്‍ പലിശ നിരക്ക് കൂടും. അതുകൊണ്ട് കയ്യില്‍ പണം വരുമ്പോള്‍ അടച്ച് സ്വര്‍ണം വീണ്ടെടുക്കാം.

7. മുന്‍കൂര്‍ തിരിച്ചടയ്ക്കാന്‍ പ്ലാന്‍ ഉണ്ടെന്നുകരുതി മാസതവണ അടവ് ഒരു കാരണവശാലും മുടക്കരുത്. തിരിച്ചടവ് മൂന്നുതവണ മുടങ്ങിയാല്‍ കിട്ടാക്കടമായിത്തീരും. പിന്നീട് വായ്പ മുഴുവനായി തിരിച്ചടച്ചാലും അത് ക്രഡിറ്റ് സ്‌കോറിനെ മോശമായി ബാധിക്കും.

8. ആദായ നികുതി ഇളവ് ലഭിക്കുന്ന ഭവന, വിദ്യാഭ്യാസ വായ്പകള്‍ ഇത്തരത്തില്‍ മുന്‍കൂറായി തിരിച്ചടയ്ക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത കാട്ടണം. ഈ വായ്പകള്‍ തിരിച്ചടയ്ക്കുന്നതോടെ ഇല്ലാതാകുന്ന ആദായ നികുതി ഇളവ് നിങ്ങളുടെ നികുതി ബാധ്യതയെ എങ്ങനെ ബാധിക്കും എന്ന് പരിശോധിക്കണം. ഒരു രൂപയുടെ വ്യത്യാസത്തില്‍ വരെ നികുതി സ്ലാബുകള്‍ മാറും എന്നതിനാല്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

( ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ഫോണ്‍: 9447667716. ഇ-മെയില്‍. jayakumarkk8@gmail.com)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Is prepaying loans always beneficial? Learn about the pros and cons, impact on credit score, and tips for smart loan managemen