ഇന്നും തെളിയിക്കപ്പെടാതെ ഒമ്പത് പർവതാരോഹകരുടെ മരണം; ദുരൂഹത കൂട്ടിയത് ശരീരത്തിലെ പരിക്കുകൾ

പ്രകൃതിയോട് ഏറ്റുമുട്ടിയാണ് ഓരോ പര്‍വതാരോഹകനും ലക്ഷ്യം നേടുന്നത്. പലരും യാത്രയ്ക്കിടയില്‍ മരിച്ചുവീഴാറുണ്ട്. എന്നാല്‍, മഞ്ഞോ കാറ്റോ ഒന്നുമല്ലാത്ത മറ്റേതോ ദുരൂഹ കാരണത്താല്‍ പര്‍വതാരോഹകരുടെ മരണം സംഭവിച്ച കഥയാണ് ഇനി പറയാന്‍ പോകുന്നത്. 1959-ല്‍ റഷ്യയിലെ യുറാല്‍ പര്‍വതനിരകളില്‍ 9 പേരുടെ മൃതദേഹം കണ്ടെത്തി. ഇത്രയും വര്‍ഷമായിട്ടും അവരുടെ മരണം സംഭവിച്ചതെങ്ങനെയെന്ന് ആര്‍ക്കും കണ്ടെത്താനായിട്ടില്ല. പാരനോര്‍മല്‍ ശക്തികളാണ് ഇവരുടെ ജീവനെടുത്തതെന്ന് ഇന്നും പലരും വിശ്വസിക്കുന്നു.
ഇഗോര്‍ ഡയറ്റ്ലോവിന്റെ നേതൃത്വത്തിലുള്ള എട്ടാള്‍ സംഘമാണ് യുറാല്‍ പര്‍വതനിരകളിലേക്ക് ഹൈക്കിങ്ങിനു പോയത്. 23-കാരനായ ഇഗോര്‍ റേഡിയോ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയായിരുന്നു. യൂണിവേഴ്‌സിറ്റിയില്‍ ഒപ്പമുണ്ടായിരുന്നവരെയാണ് ഇഗോര്‍ ഹൈക്കിങ്ങിനു ഒപ്പംകൂട്ടിയത്. കൂട്ടത്തിലൊരാള്‍ കൂടിയുണ്ടായിരുന്നത് അനാരോഗ്യം കാരണം പാതിവഴിയില്‍ മടങ്ങി. എല്ലാവരും ഹൈക്കിങ്ങില്‍ അനുഭവസമ്പത്തുള്ളവര്‍. അവര്‍ ഉല്ലാസപൂര്‍വം മുകളിലേക്ക് നടന്നു.
ജനുവരി 27-ന് ട്രെക്ക് ആരംഭിച്ചു. ജനുവരി 31 രാത്രി കൊടും ശൈത്യക്കാറ്റ് വീശിയടിച്ചു. സംഘത്തിന് ദിശ തെറ്റി. പക്ഷേ കാലാവസ്ഥ അത്രത്തോളം പ്രതികൂലമായി മാറിയതോടെ അവര്‍ എത്തിപ്പെട്ടയിടത്ത് തന്നെ ക്യാമ്പ് ചെയ്യാന്‍ തീരുമാനിച്ചു. അവിടെ മരണം കാത്തിരിപ്പുണ്ടെന്ന് അവരറിഞ്ഞില്ല.
ഫെബ്രുവരി 12-ന് മടങ്ങിയെത്തേണ്ടിയിരുന്നവരെ കാണാതായപ്പോള്‍ കുടുംബങ്ങള്‍ അന്വേഷണം ആവശ്യപ്പെട്ടു. അങ്ങനെ 20 ആയപ്പോള്‍ സംഘത്തെ തിരക്കി അന്വേഷണം തുടങ്ങി. രക്ഷാപ്രവര്‍ത്തകരും സന്നദ്ധസംഘക്കാരും വിദ്യാര്‍ത്ഥികളും ആദ്യം മുന്നിട്ടിറങ്ങി. വൈകാതെ പോലീസും പട്ടാളവും അവര്‍ക്കൊപ്പം തിരച്ചിലിനിറങ്ങി.
ഫെബ്രുവരി 26-നാണ് ടെന്റ് കണ്ടെത്തുന്നത്. മഞ്ഞിനടിയില്‍ അമര്‍ന്നുപോയ ടെന്റ് കീറിയ നിലയിലായിരുന്നു. സംഘത്തിന്റെ സാധനങ്ങളൊന്നും നഷ്ടപ്പെട്ടിരുന്നില്ല. കനത്ത മഞ്ഞില്‍ കാല്‍പ്പാടുകളും വ്യക്തമായിരുന്നില്ല. കുറച്ചകലെയായി ഒരു നീരുറവയ്ക്ക് സമീപം തീ കൂട്ടിയിരുന്നതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. തൊട്ടടുത്ത് ഷൂസില്ലാത്ത, അടിവസ്ത്രം മാത്രം ധരിച്ച രണ്ടു മൃതദേഹങ്ങളും.
വഴിയിലുണ്ടായിരുന്ന കൂറ്റന്‍ പൈന്‍ മരത്തിനരികില്‍ മറ്റ് മൂന്നുപേരുടെ കൂടി മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹത്തിന്റെ കിടപ്പ് നിരീക്ഷിച്ചപ്പോള്‍ അവര്‍ കാമ്പിലേക്ക് മടങ്ങുന്നതിനിടെ കൊല്ലപ്പെടുകയാണെന്നായിരുന്നു പ്രാഥമിക നിഗമനം. ബാക്കിയുള്ള നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ രണ്ടുമാസം വേണ്ടിവന്നു. മഞ്ഞില്‍ പുതഞ്ഞുപോയ മൃതദേഹങ്ങള്‍ മരങ്ങള്‍ക്കിടയില്‍ നിന്നാണ് കണ്ടെടുത്തത്.
ആദ്യം കണ്ടെടുത്ത മൃതദേഹങ്ങള്‍ മെഡിക്കല്‍ പരിശോധന നടത്തിയപ്പോള്‍ ഹൈപ്പോതെര്‍മിയ ആണ് മരണകാരണമായി കണ്ടെത്തിയത്. എന്നാല്‍ അവസാനം കണ്ടെത്തിയ മൃതദേഹങ്ങള്‍ ദുരൂഹതയിലേക്ക് വിരല്‍ ചൂണ്ടി. ഒരാളുടെ തലയോട്ടി തകര്‍ന്നിരുന്നു. മറ്റു രണ്ടുപേരുടെയും നെഞ്ചിന് കനത്ത ആഘാതവും കണ്ടെത്തി. എന്നാല്‍ ശരീരത്തിന് പുറത്ത് മുറിവുകളൊന്നും കണ്ടതുമില്ല. കനത്ത മര്‍ദമേറ്റതുപോലെ വാരിയെല്ലുകള്‍ തകര്‍ന്നിട്ടുമുണ്ട്.
ഞെട്ടിക്കുന്ന ഫലങ്ങളാണ് കൂടുതല്‍ പരിശോധനകളില്‍ പുറത്തുവന്നത്. ഒരു മൃതദേഹത്തില്‍ നിന്ന് നാവും കണ്ണുകളും ചുണ്ടിന്റെ പാതിയും കാണാതായിരുന്നു. മറ്റൊരു മൃതദേഹത്തിന് കൃഷ്ണമണികളുണ്ടായിരുന്നില്ല. വേറൊന്നിലാകട്ടെ പുരികങ്ങളും. അത്യന്തം അസ്വാഭാവികമായ ഈ പരിക്കുകള്‍ക്കൊന്നും ഉത്തരം പറയാന്‍ ഒരു പരിശോധനയ്ക്കും സാധിച്ചില്ല. എന്തായാലും മനുഷ്യര്‍ സൃഷ്ടിച്ച മുറിവുകളല്ല എന്നു തന്നെയായിരുന്നു അന്തിമനിഗമനം.
എത്ര ശ്രമിച്ചിട്ടും പ്രദേശത്ത്‌നിന്ന് സംഘട്ടനം നടന്നതിന്റെ യാതൊരു അടയാളങ്ങളും കിട്ടിയില്ല. മഞ്ഞിലാകട്ടെ സംഘത്തില്‍ പെട്ടവരുടെ കാല്‍പ്പാടുകള്‍ മാത്രമേ പതിഞ്ഞിട്ടുള്ളൂ താനും. ടെന്റിന്റെ അവശിഷ്ടങ്ങളില്‍ നിന്നും ടെന്റ് ഉള്ളില്‍ നിന്ന് നശിപ്പിക്കപ്പെട്ടതാണെന്ന് തെളിഞ്ഞു. സംഘത്തിലുള്ളവരെ ആരും ബലപ്രയോഗത്തിലൂടെ പുറത്തുകൊണ്ടുപോയതല്ല. മൈനസ് ഡിഗ്രി തണുപ്പില്‍ അവരെന്തിനായിരിക്കും ഷൂ പോലുമിടാതെ അല്പവസ്ത്രം മാത്രം ധരിച്ച് പുറത്തിറങ്ങിയത്?
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: The Dyatlov Pass incident remains a chilling unsolved mystery. 9 hikers died under strange circumstances in the Ural Mountains. Explore the theories.