കുട്ടികളുമായി കാറിൽ യാത്ര ചെയ്യുന്നവരാണോ ? ശ്രദ്ധിക്കാം ചില കാര്യങ്ങൾ

പ്രതീകാത്മക ചിത്രം (Shutterstock Images)
പ്രതീകാത്മക ചിത്രം (Shutterstock Images)

'കുട്ടിയെ മടിയിലിരുത്തണോ, അതോ സീറ്റിലിരുത്തണോ?' 

കുടുംബവുമായി യാത്ര ചെയ്യുമ്പോള്‍ ഈ ചോദ്യം പലര്‍ക്കും പതിവാണ്. കുട്ടികളെ മടിയിലിരുത്തിയും മുന്‍സീറ്റിലിരുത്തിയും യാത്ര ചെയ്യുന്നത് ഏറെ അപകടകരമാണ്. മോട്ടോര്‍ വാഹന നിയമങ്ങളില്‍ കുട്ടികളെ എങ്ങനെ യാത്ര ചെയ്യിപ്പിക്കണമെന്ന് അനുശാസിക്കുന്നുണ്ട്. മുമ്പ്  ബാലാവകാശ കമ്മീഷനും ഈ പ്രശ്‌നത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു. 13 വയസ്സില്‍ താഴെയുളള കുട്ടികളെ പിന്‍സീറ്റിലിരുത്തിയും രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ ചൈല്‍ഡ് സീറ്റിലിരുത്തിയും യാത്ര ചെയ്യണമെന്നായിരുന്നു നിര്‍ദേശം. എങ്കിലും കാഴ്ചകള്‍ കാണിപ്പിക്കാനും സൗകര്യങ്ങള്‍ കണക്കിലെടുത്തും കുട്ടികളെ മടിയിലും മുന്‍ സീറ്റിലും ഇരുത്തി യാത്ര ചെയ്യുന്നവരാണ് ഏറെയും.

കുട്ടികളുമായി കാറില്‍ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
 
കുട്ടികളെ മുന്നിലിരുത്തിയുള്ള യാത്ര തീര്‍ത്തും സുരക്ഷിതമല്ലെന്നോര്‍ക്കുക. വാഹനം അപകടത്തില്‍ പെട്ടാല്‍ ഇടിയുടെ ആഘാതത്തില്‍ കുട്ടി ഡാഷ്‌ബോര്‍ഡില്‍ ചെന്നിടിക്കും. അപ്പോള്‍ തന്നെ എയര്‍ബാഗും ശക്തിയില്‍ പുറത്തുവരും. ഇത് വലിയ പരുക്കിലേക്ക് നയിച്ചേക്കാം. 

കുട്ടികള്‍ മടിയിലോ കൈയിലോ ഇരിക്കുകയാണെങ്കില്‍ ബ്രേക്കിടുമ്പോള്‍ പോലും അപകടസാധ്യതയുണ്ട്. മുന്നിലേക്ക് തെറിച്ചുവീണ് അവര്‍ക്ക് പരിക്ക് പറ്റിയേക്കാം.
  
കുട്ടികള്‍ക്ക് ഏറെ സുരക്ഷ നല്‍കുന്നതാണ് ചൈല്‍ഡ് സീറ്റുകള്‍. എങ്കിലും ചൈല്‍ഡ് സീറ്റ് ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം. മുന്നിലെ പാസഞ്ചറിന്റെ പിന്നിലുള്ള സീറ്റിലാണ് ചൈല്‍ഡ് സീറ്റ് ഘടിപ്പിക്കേണ്ടത്. സീറ്റ് കുട്ടികള്‍ക്ക് പാകമായിരിക്കണം. സുരക്ഷാ ബെല്‍റ്റുകള്‍ കൃത്യമായി ഘടിപ്പിക്കാനും ശ്രദ്ധിക്കണം.

Content Highlights: driving with kids; safety tips