ഇന്‍സ്റ്റഗ്രാമിന്റെ ഗോള്‍ഡന്‍ റിങ്‌സ് നേടുന്ന ആദ്യ ഇന്ത്യന്‍ ക്രിയേറ്ററായി ഡോളി സിങ്

ഡോളി സിങ് / instagram
ഡോളി സിങ് / instagram

ഇന്‍സ്റ്റഗ്രാമിന്റെ ഗോള്‍ഡന്‍ റിങ്‌സ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ക്രിയേറ്ററായി ചരിത്രത്തില്‍ ഇടംനേടി കണ്ടന്റ് ക്രിയേറ്ററും നടിയുമായ ഡോളി സിങ്. ഇത് തന്റെ കരിയറിലെ ഏറ്റവും വലിയ നിമിഷമാണെന്ന് വിശേഷിപ്പിച്ച അവര്‍, അതിനെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം താന്‍ ആവേശം കൊള്ളുന്നുവെന്ന് വ്യക്തമാക്കി.

മൗലികമായി ചിന്തിക്കാനും സര്‍ഗ്ഗാത്മകതയുടെ അതിരുകള്‍ ഭേദിക്കാനും ധൈര്യം കാണിക്കുന്ന ക്രിയേറ്റര്‍മാരെ ആദരിക്കുന്നതിനായി ഇന്‍സ്റ്റഗ്രാം ഈ മാസം ആദ്യമാണ് 'റിങ്‌സ്' എന്ന പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 2025-ലെ റിങ്‌സ് ജേതാക്കളെ ഇതിനകംതന്നെ പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ ലോകമെമ്പാടുമുള്ള 25 വിജയികളില്‍, ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഏക വിജയി ഡോളിയാണ്.

''റിങ്‌സ് പുരസ്‌കാരം ലഭിച്ചത് ഇപ്പോഴും എനിക്ക് വിശ്വസിക്കാനായിട്ടില്ല, ആ ഒരു യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഇത് തീര്‍ച്ചയായും എന്റെ കരിയറിലെ ഏറ്റവും വലിയ നിമിഷങ്ങളില്‍ ഒന്നാണ്. അതിനെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം എന്റെ ശരീരത്തിലൂടെ ഒരു വിറയല്‍ കടന്നുപോകുകയും രോമാഞ്ചം ഉണ്ടാവുകയും ചെയ്യുന്നു'' ഡോളി പ്രസ്താവനയില്‍ പറഞ്ഞു.

''പുരസ്‌കാരത്തിനായുള്ള ജൂറി പാനല്‍ കുറ്റമറ്റതാണ്. അത്തരം പ്രതിഭാശാലികള്‍ എന്റെ കണ്ടന്റ് കണ്ടു എന്നതുതന്നെ അവിശ്വസനീയമാണ്! ഞാന്‍ തുടര്‍ന്നും നിര്‍മ്മിക്കുന്ന ഉള്ളടക്കത്തിലൂടെ എന്റെ പ്രേക്ഷകരെ അഭിമാനം കൊള്ളിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു'' തന്റെ കണ്ടന്റ് ക്രിയേഷന്‍ യാത്രയെക്കുറിച്ച് സംസാരിച്ച ഡോളി പറഞ്ഞു. ''തുടക്കം മുതലേ ഇന്‍സ്റ്റഗ്രാം എന്റെ ഒരു കളിസ്ഥലമായിരുന്നു. അവിടെ ഞാന്‍ ആദ്യം ഫാഷന്‍, പിന്നെ കോമഡി, ഇപ്പോള്‍ വലിയ രീതിയിലുള്ള കഥപറച്ചില്‍ എന്നിവയില്‍ പരീക്ഷണങ്ങള്‍ നടത്തി.

ഇവിടെ, എനിക്ക് പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനും, വെല്ലുവിളികള്‍ ഏറ്റെടുക്കാനും, എന്റെ യഥാര്‍ത്ഥ വ്യക്തിത്വം സമൂഹവുമായി പങ്കുവെക്കാനും കഴിഞ്ഞു.'' ഈ വിജയത്തിന് ശേഷം, ഡോളിക്ക് ഒരു മോതിരവും ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഒരു ഡിജിറ്റല്‍ മോതിരവും ലഭിക്കും. ഇനി മുതല്‍, വിജയികള്‍ ഒരു സ്റ്റോറി പോസ്റ്റ് ചെയ്യുമ്പോള്‍, സാധാരണ സ്റ്റോറീസ് റിങ്ങിന് പകരം അവരുടെ പ്രൊഫൈല്‍ ചിത്രത്തിന് ചുറ്റും ഒരു പ്രത്യേക ഗോള്‍ഡ് റിങ് ദൃശ്യമാകും. ഇത് അവരുടെ പ്രൊഫൈലിലും ഫീഡിലെ സ്റ്റോറീസ് വിഭാഗത്തിലും, ആപ്പിലുടനീളം കാണാനാകും.

വിജയികള്‍ക്ക് ഇപ്പോള്‍ അവരുടെ പ്രൊഫൈല്‍ പശ്ചാത്തല നിറം ഇഷ്ടാനുസൃതമാക്കാനും 'ലൈക്ക്' ബട്ടണില്‍ തനതായ മാറ്റങ്ങള്‍ വരുത്താനുമുള്ള സൗകര്യവും ഉണ്ടാകും. വര്‍ഷങ്ങളായി, 'രാജു കി മമ്മി' എന്ന സ്‌കെച്ചിലൂടെയും ഒരു സൗത്ത് ഡല്‍ഹി പെണ്‍കുട്ടിയുടെ വേഷത്തിലും ഡോളി സോഷ്യല്‍ മീഡിയയില്‍ പ്രശസ്തയായിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: content creator and actress dolly singh makes history as the first Indian to receive Instagram`s golden rings award, a recognition for creative boundary-pushers.