'ബോളിവുഡിലുള്ളത് മുഴുവൻ മുതലകൾ; ഞാൻ ഭർത്താവുമായി വേർപിരിയണമെന്ന് മാധ്യമങ്ങൾ ആഗ്രഹിക്കുന്നു'

മോഡലും നടിയും നിർമാതാവും സംവിധായികയുമാണ് ദിവ്യ ഖോസ്‌ല കുമാർ. മോഡലായിട്ടാണ് കരിയർ തുടങ്ങിയതെങ്കിലും, വൈകാതെ സിനിമയിലേക്ക് കടന്നു. ടീ-സീരീസിന്റെ മാനേജിങ് ഡയറക്ടറും ചെയർമാനുമായ ഭൂഷൺ കുമാറുമായുള്ള വിവാഹശേഷം, ഒട്ടേറെ സിനിമകൾ അവർ നിർമിക്കുകയും ചെയ്തു. റോയ്, ബുൾബുൾ, ബട്‌ല ഹൗസ്, മർജാവാ, സ്ട്രീറ്റ് ഡാൻസർ 3ഡി, യാരിയാ 2, സർദാർ കാ ഗ്രാന്റ് സൺ എന്നിവ അവയിൽ ചിലതുമാത്രം.
ബോളിവുഡിനെക്കുറിച്ചുള്ള ദിവ്യയുടെ ചില പ്രസ്താവനകൾ ഇപ്പോൾ ചർച്ചയാവുകയാണ്. 'ആസ്‌ക് മി എനിതിങ്' സെഷനിൽ ആരാധകരുമായി സംസാരിക്കുകയായിരുന്നു ദിവ്യ. ബോളിവുഡിലെ ടോക്‌സിസിറ്റിക്കും ഒരു പ്രത്യേകരീതിയിൽ എപ്പോഴും കാണപ്പെടാനുമുള്ള സമ്മർദങ്ങൾക്കിടയിൽ, എങ്ങനെയാണ് മാനസികാരോഗ്യം നിലനിർത്തുന്നത് എന്നായിരുന്നു ഒരു ചോദ്യം. അതിന് ദിവ്യ നൽകിയ ഉത്തരമിങ്ങനെ, ''ചുറ്റിനും നിറയെ മുതലകളുള്ള ഒരു സ്ഥലമായിട്ടാണ് എനിക്ക് ബോളിവുഡ് തോന്നിയിട്ടുള്ളത്. അതിലൂടെ നിങ്ങൾ നിങ്ങളുടെ വഴി സ്വയമുണ്ടാക്കി സഞ്ചരിക്കുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്''.
അതിനൊപ്പം അവരിങ്ങനെ കൂട്ടിച്ചേർത്തു, ''ഏറ്റവും വലിയ കാര്യം സ്വന്തം വ്യക്തിത്വത്തോട് സത്യസന്ധത പുലർത്തുക എന്നതാണെന്ന് ഞാൻ കരുതുന്നു. ജോലി നേടാൻ വേണ്ടി ഞാനൊരിക്കലും എന്റെ ആത്മാവിനെ വിൽക്കില്ല. അത് നന്നായി സംഭവിച്ചാൽ നല്ല കാര്യം. അത് സംഭവിച്ചില്ലെങ്കിലും, കുഴപ്പമില്ല. ഏറ്റവും പ്രധാനം നിങ്ങൾ മുകളിലേക്ക് എത്തുമ്പോൾ നിങ്ങൾക്കൊപ്പം നല്ല കർമ്മഫലങ്ങൾ ഉണ്ടായിരിക്കണം എന്നതാണ്''.
കോസ്‌മെറ്റിക് സർജറി ചെയ്തതിനെക്കുറിച്ചും തന്റെ പ്രായം കുറച്ചു പറയുന്നതിനെക്കുറിച്ചും ചോദ്യമുണ്ടായി. ''സർജറിയൊന്നും ചെയ്തിട്ടില്ല ഞാൻ. അതെല്ലാം ആളുകൾ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണ്'', എന്നായിരുന്നു മറുപടി.
ഭൂഷൺ കുമാറും ദിവ്യയും വിവാഹമോചിതരായെന്ന പ്രചരണം കുറച്ചുകാലമായി ബോളിവുഡിൽ സജീവമാണ്. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ''ഇല്ല, പക്ഷേ മാധ്യമപ്രവർത്തകർ ശരിക്കും ഇതാഗ്രഹിക്കുന്നുണ്ട്'', എന്ന് ദിവ്യ പറഞ്ഞു. ജടധാര എന്ന ചിത്രമാണ് ദിവ്യയുടെ അവസാനത്തെ റിലീസ്. ഹീറോ ഹീറോയിൻ എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Divya Khosla Kumar opens up about Bollywood`s toxicity, pressure, and her marriage rumors. Find out what she said