40-60 സിഗരറ്റുകൾ ദിവസവും വലിച്ച വിനോദ് ഖന്ന; അതാണ് കാൻസറിന് കാരണമായത്

വിനോദ് ഖന്ന / UNI
വിനോദ് ഖന്ന / UNI

നടനും രാഷ്ട്രീയപ്രവർത്തകനും നിർമാതാവുമായിരുന്ന വിനോദ് ഖന്ന, 2017-ലാണ് അദ്ദേഹത്തിന്റെ മരണം. കടുത്ത നിർജലീകരണത്തിനെ തുടർന്നായിരുന്നു അദ്ദേഹത്തെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ അദ്ദേഹത്തിന് ബ്ലാഡർ കാൻസർ ബാധിച്ചിരിക്കുകയാണെന്നും രോഗത്തിന്റെ അവസാനസ്‌റ്റേജിലാണെന്നും കുടുംബം അറിയിച്ചു. ദിവസങ്ങൾക്കുള്ളിൽ മരണവും.

രണ്ടാം ഭാര്യയും രാഷ്ട്രീയപ്രവർത്തകയുമായ കവിത ഖന്ന, അദ്ദേഹത്തിന്റെ രോഗവുമായുള്ള പോരാട്ടങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ്. ബ്ലാഡർ കാൻസർ ബാധിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന് ഒരുപാട് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അവർ പറയുന്നു.

''2001-ൽ അദ്ദേഹത്തിന് ശ്വാസകോശാർബുദം കണ്ടെത്തി. വർഷംതോറുമുള്ള പരിശോധനയ്ക്കായി ആസ്പത്രിയിലെത്തിയതായിരുന്നു അദ്ദേഹം. അപ്പോഴാണ് ശ്വാസകോശത്തിൽ കുറച്ച് പാടുകൾ കണ്ടത്. അത് പിന്നീട് കാൻസറാണെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയും ചെയ്തു. 40 മുതൽ 80 സിഗരറ്റുകൾ വരെ അദ്ദേഹം ഓരോ ദിവസവും വലിക്കുമായിരുന്നു. അതാണ് കാൻസറിന് കാരണമായത്'', കവിത ഓർക്കുന്നു.

ഉടൻ ശസ്ത്രക്രിയ നടത്താനായിരുന്നു ഡോക്ടർമാർ നിർദേശിച്ചത്. അതിനുശേഷം പല ഡോക്ടർമാരെയും കാണിച്ചു. എല്ലാവരും പറഞ്ഞത് ശസ്ത്രക്രിയ ചെയ്ത് അർബുദം ബാധിച്ച ഭാഗം മുറിച്ചുമാറ്റണമെന്ന് തന്നെയാണ്. അതിനിടെ വിനോദ് അദ്ദേഹത്തിന്റെ ആത്മീയഗുരുവായ ശ്രീ ശ്രീ രവിശങ്കറിൽ നിന്ന് മാർഗനിർദേശം തേടി. ആത്മീയഗുരുവിന്റെ നിർദേശപ്രകാരം എയിംസിലെ ഓങ്കോളജി വിഭാഗം മേധാവിയെ കണ്ടു, ശസ്ത്രക്രിയ കുറച്ചുനാളത്തേക്ക് മാറ്റിവെക്കാൻ പറ്റുമോ എന്നാണ് ഡോക്ടറോട് വിനോദ് ചോദിച്ചത്.

ശസ്ത്രക്രിയയ്ക്ക് പകരം മറ്റെന്തെങ്കിലും പരീക്ഷിക്കണമെന്നായിരുന്നു വിനോദ് ചിന്തിച്ചത്. അങ്ങനെ ശസ്ത്രക്രിയ മാറ്റിവെച്ചു. “ഋഷികേശിലെ ഒരു ആശ്രമത്തിലേക്ക് അദ്ദേഹം മാറി. കുറേനാൾ ശ്വസന വ്യായാമങ്ങളിലും സുദർശൻ ക്രിയയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് ജർമ്മനിയിലേക്കുള്ള ഒരു സന്ദർശന വേളയിൽ അദ്ദേഹത്തിന് കഠിനമായ തോളിൽ വേദന അനുഭവപ്പെട്ടു, വീണ്ടും വൈദ്യപരിശോധനയ്ക്ക് കാരണമായി. അതിനുപിന്നാലെയുള്ള കാൻസർ പരിശോധനയിൽ, അതിശയകരമെന്നു പറയട്ടെ, കാൻസറിന്റെ ഒരു അംശംപോലും കണ്ടെത്തിയില്ല''.

ഏതാണ്ട് പത്തുവർഷത്തിനുശേഷമാണ്, വിനോദ് ഖന്നയ്ക്ക് ബ്ലാഡർ കാൻസർ ഉണ്ടെന്ന് കണ്ടെത്തിയത്. രണ്ട് വർഷത്തിനപ്പുറം ജീവിക്കാൻ 25 ശതമാനം സാധ്യത മാത്രമേയുള്ളൂവെന്നാണ് അന്ന് ഡോക്ടർമാർ പറഞ്ഞതെന്നും കവിത വെളിപ്പെടുത്തുന്നു. ''അന്ന് വിനോദ് ആത്മീയഗുരുവിനോട് പറഞ്ഞതിങ്ങനെ, 'ഞാനിതു വരെ പൂർണമായ ജീവിതം നയിച്ചു. മരിക്കാനുള്ള എന്റെ സമയം വന്നിട്ടുണ്ടെങ്കിൽ, ഞാൻ തയ്യാറാണ്. പക്ഷേ എന്റെ ശരീരത്തെ പീഡിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല'. വീണ്ടും അദ്ദേഹം ആശ്രമത്തിൽ പഞ്ചകർമ തെറാപ്പിക്ക് വിധേയനായി. രണ്ട് വർഷത്തിന് ശേഷം, അമേരിക്കയിൽ നടത്തിയ സ്‌കാനുകളിൽ കാൻസറിന്റെ ഒരു അംശവും കണ്ടെത്തിയില്ല'', കവിത വെളിപ്പെടുത്തുന്നു. അതുകഴിഞ്ഞ് വർഷങ്ങൾക്കുശേഷമാണ് അദ്ദേഹത്തിന് ബ്ലാഡർ കാൻസർ തിരിച്ചുവന്നതെന്നും കവിത പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore the tragic journey of actor Vinod Khanna, whose battle with cancer was linked to his heavy smoking habit