ഗൂഗിളിന് മുമ്പേ വന്നവരാണ് നെറ്റ്ഫ്ലിക്സ് എന്നുപറഞ്ഞാൽ വിശ്വസിക്കുമോ? ഒരു വയസ് വ്യത്യാസത്തിൽ പിറന്ന ടെക് ഭീമന്മാർ

പ്രതീകാത്മകചിത്രം | AI
പ്രതീകാത്മകചിത്രം | AI

ഈ ഇൻ്റർനെറ്റ് യുഗത്തിൽ നെറ്റ്ഫ്ലിക്സും ഗൂഗിളുമില്ലാത്ത ഒരു ജീവിതത്തെപ്പറ്റി ആളുകൾക്ക് ചിന്തിക്കാനേ പറ്റിയെന്നു വരില്ല. 1990-കളുടെ അവസാനത്തിലാണ് രണ്ട് ടെക് ഭീമൻമാരും പിറന്നത്. നിത്യജീവിതത്തിൽ വിവരങ്ങൾ കണ്ടെത്താനും മറ്റുമായി ആദ്യം നമ്മെ മയക്കിയത് ഗൂഗിളാണ്. വളരെപ്പെട്ടെന്ന് ഗൂഗിൾ ജനകീമായി. വിനോദപരിപാടികളുമായി നെറ്റ്ഫ്ലിക്സ് ജനങ്ങളിലേക്കിറങ്ങിച്ചെല്ലാൻ അൽപമൊന്ന് വൈകി. എന്നാൽ ഗൂഗിളിനു മുമ്പേ വന്നവരാണ് നെറ്റ്ഫ്ലിക്സ് എന്നു പറഞ്ഞാൽ വിശ്വസിക്കാനാവുമോ? സത്യമതാണ്.

നെറ്റ്ഫ്ലിക്സിൻ്റെ ജനനം

1997 ഓഗസ്റ്റിൽ റീഡ് ഹേസ്റ്റിങ്സും മാർക്ക് റാന്റോൾഫും ചേർന്ന് കാലിഫോർണിയയിലെ സ്കോട്ട്സ് വാലിയിൽ സ്ഥാപിച്ചതാണ് നെറ്റ്ഫ്ലിക്സ്. ഇന്ന് നമ്മൾ കാണുന്ന സ്ട്രീമിങ് രാജാവായിട്ടായിരുന്നില്ല കമ്പനിയുടെ തുടക്കം. പകരം ഡിവിഡി-മെയിൽ റെൻ്റൽ സേവനമായിരുന്നു കമ്പനി നൽകിയിരുന്നത്. തുടക്കത്തിൽ, നെറ്റ്ഫ്ലിക്സിന് സബ്സ്ക്രിപ്ഷൻ മോഡലോ, സ്വന്തം ഷോകളോ ഒന്നുമുണ്ടായിരുന്നില്ല. പക്ഷേ അതൊരു വലിയ ദൗത്യത്തിലേക്കുള്ള ചുവടുവെപ്പായിരുന്നു.

ഒരു വർഷത്തിനു ശേഷം, 1998 സെപ്റ്റംബറിലാണ് ഗൂഗിളിന്റെ ജനനം. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ തങ്ങളുടെ വിപ്ലവകരമായ സെർച്ച് എഞ്ചിൻ വികസിപ്പിച്ചെടുത്ത ശേഷം ലാറി പേജും സെർജി ബ്രിന്നും കമ്പനിയെ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുകയായിരുന്നു. ലോകമെമ്പാടുമുള്ള വെബിൽ ഉപഭോക്താക്കൾക്ക് വിവരങ്ങൾ തിരഞ്ഞ് കണ്ടുപിടിക്കാവുന്ന തരത്തിലേക്കവർ ഗൂഗിളിനെ മെപ്പെടുത്തി. അക്കാലത്ത് വേറെയും സെർച്ച് എഞ്ചിനുകൾ ഉണ്ടായിരുന്നെങ്കിലും വേഗത, കൃത്യത, വ്യക്തത തുടങ്ങിയ കാര്യങ്ങളിൽ ഗൂഗിൾ വേറിട്ടുനിന്നു.

"ലോകത്തിലെ വിവരങ്ങൾ ചിട്ടപ്പെടുത്തുക, അവ സാർവത്രികമായി ലഭ്യമാക്കുകയും ഉപയോഗപ്രദമാക്കുകയും ചെയ്യുക" എന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഡിജിറ്റൽ ലോകത്തിൻ്റെ ആകെ മൊത്തം പരിവർത്തനത്തിനു തന്നെ ഇത് കളമൊരുക്കി. 

പ്രായത്തിൽ അടുത്താണെങ്കിലും, നെറ്റ്ഫ്ലിക്സും ഗൂഗിളും പൂർണമായും വ്യത്യസ്ത ദിശകളിലാണ് വളർന്നത്. ഇമെയിൽ, മാപ്‌സ്, മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ, പരസ്യം, ക്ലൗഡ് കമ്പ്യൂട്ടിങ് തുടങ്ങി വിവരശേഖരണത്തിൻ്റെ നട്ടെല്ലായി ഗൂഗിൾ മാറി. 2007-ൽ ഫിസിക്കൽ ഡിവിഡികളിൽ നിന്ന് ഓൺലൈൻ സ്ട്രീമിങ്ങിലേക്ക് മാറിയ നെറ്റ്ഫ്ലിക്സ് വിനോദരംഗത്ത് വിപ്ലവം സൃഷ്ടിച്ചു. സ്വന്തമായി സിനിമകളും സീരീസുകളും വൈകാതെ നിർമിച്ചുതുടങ്ങി. ഹൗസ് ഓഫ് കാർഡ്സ്, സ്ട്രേഞ്ചർ തിങ്സ് തുടങ്ങിയവ പുരസ്കാരങ്ങൾ നേടിയവയാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover which tech giant, Netflix or Google, launched first. Explore their founding dates, early journeys, and impact on the internet age.