'എല്ലാ വർഷവും 3 കിലോ സ്വർണം വാങ്ങിത്തരും, ഇപ്പോൾ 40 കിലോ സ്വർണം കൈവശമുണ്ട്', ചർച്ചയായി ദേശി ബ്ലിങ്

സതീഷ് സാംപാലും തബിന്ത സാംപാലും മകൾ ബെല്ലയ്‌ക്കൊപ്പം | Instagram
സതീഷ് സാംപാലും തബിന്ത സാംപാലും മകൾ ബെല്ലയ്‌ക്കൊപ്പം | Instagram

നെറ്റ്ഫ്‌ളിക്‌സിലെ റിയാലിറ്റി ഷോയാണ് 'ദേശി ബ്ലിങ്' (Desi Bling). ഷോയുടെ ടീസർ പുറത്തിറങ്ങിയപ്പോൾ മുതൽ തന്നെ ഷോ ചർച്ചകളിൽ നിറഞ്ഞിരുന്നു. ദുബായിൽ താമസിക്കുന്ന സമ്പന്നരായ ഇന്ത്യക്കാരുടെ ആഡംബര ജീവിതമാണ് ഈ ഷോയിൽ പ്രദർശിപ്പിക്കുന്നത്. ദുബായിലെ വ്യവസായി ദമ്പതികളായ സതീഷ് സാംപാലും തബിന്ത സാംപാലും ഇതിൽ പങ്കെടുക്കുന്നുണ്ട്. തബിന്തയുടെ ഒരു വെളിപ്പെടുത്തൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സതീഷിന് സ്വർണം വാങ്ങാൻ ഏറെ ഇഷ്ടമാണെന്നാണ് അവർ പറഞ്ഞത്. എല്ലാ വർഷവും ഭാര്യയ്ക്കായി സ്വർണം വാങ്ങിക്കൊടുക്കുകയും ചെയ്യും.

'ദേശി ബ്ലിങ്' തുടങ്ങുന്നതും സതീഷ്, തബിന്ത എന്നിവരിലൂടെയാണ്. തനിക്ക് 40 കിലോഗ്രാം സ്വർണമുണ്ടെന്നും തങ്ങളുടെ മകളുടെ ഒന്നാം പിറന്നാളിന് ഒരു പിങ്ക് റോൾസ് റോയ്‌സ് സമ്മാനിച്ചതായും തബിന്ത വെളിപ്പെടുത്തുന്നു. പിറന്നാൾ പാർട്ടിയിൽ 24 കാരറ്റുള്ള സ്വർണവസ്ത്രമാണ് കുഞ്ഞിനെ ധരിപ്പിച്ചതെന്നും അവർ പറയുന്നു. ''മാത്രമല്ല സതീഷ് സ്വർണം വാങ്ങാനിഷ്ടപ്പെടുന്നു. എല്ലാ വർഷവും എനിക്ക് 3 കിലോ സ്വർണം വാങ്ങിത്തരാറുണ്ട്''.

മധ്യപ്രദേശിലെ ജബൽപൂരിലാണ് സതീഷ് സാംപാൽ ജനിച്ചത്. അതേസമയം ബ്രിട്ടീഷ്-പാകിസ്ഥാൻ വംശജയാണ് തബിന്ത. സതീഷ് എട്ടാം ക്ലാസിൽവെച്ച് പഠനമുപേക്ഷിച്ചു. വെറും 15 വയസ്സുള്ളപ്പോഴാണ് താൻ ബിസിനസ് ലോകത്തിലേക്ക് കടന്നതെന്ന് സതീഷ് ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അമ്മയിൽനിന്ന് 50,000 രൂപ കടംവാങ്ങി, ചെറിയൊരു പലചരക്ക് കടയാണ് ആദ്യം തുടങ്ങിയത്. അത് പരാജയപ്പെട്ടെങ്കിലും, വ്യവസായലോകത്തിലേക്ക് കടക്കാനുള്ള അനുഭവക്കൂട്ടായി മാറിയത്.

പിന്നാലെ ദുബായിലേക്ക് പോയി. അവിടുന്നാണ് തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കുന്നത്. ഇന്ന് അദ്ദേഹം അനക്‌സ് ഹോൾഡിങ്ങിന്റെ ചെയർമാനാണ്. റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, തുടങ്ങി നിരവധി മേഖലകളിൽ ദുബായിൽ ശക്തമായ അടിത്തറയുണ്ട് കമ്പനിക്ക്.

ആഡംബര വാഹനങ്ങളോടുള്ള സതീഷിന്റെയും തബിന്തയുടെയും ഭ്രമം പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. 2023-ൽ, ഏകദേശം 30 കോടി രൂപ വിലമതിക്കുന്ന ഒരു ബുഗാട്ടി ചിറോൺ അവർ തങ്ങളുടെ ഗാരിജിലെത്തിച്ചു.

വിലകൂടിയ വീടുകൾ, ആഡംബര കാറുകൾ, ഡിസൈനർ വസ്ത്രങ്ങൾ, കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങൾ എന്നിവ 'ദേശി ബ്ലിങ്' ഷോയിൽ കാണിക്കുന്നുണ്ട്. ഈ ഷോയിൽ വേറെയും നിരവധി പ്രമുഖർ അഭിനയിക്കുന്നു. താരങ്ങളായ കരൺ കുന്ദ്ര, തേജസ്വി പ്രകാശ് എന്നിവരും ഇതിന്റെ ഭാഗമാണ്. ഡാന്യൂബ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ വ്യവസായി റിസ്വാൻ സാജനും ഷോയുടെ ഭാഗമാണ്. അദ്ദേഹത്തിനൊപ്പം മകനും മരുമകളും ഷോയിലുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Overview of the Netflix reality show Desi Bling featuring wealthy Indians in Dubai. Details on Satish and Tabinda Sampal's luxury lifestyle, including a 40kg gold collection.