രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ കുടുംബവിവാഹച്ചടങ്ങിൽ കണ്ണുനിറഞ്ഞ് ദീപിക പദുക്കോൺ

ബോളിവുഡിലെ പ്രിയ താരദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും അടുത്തിടെ ഒരു കുടുംബവിവാഹത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി അടുത്തിടെ അറിയിച്ച ഇരുവരും ആഘോഷങ്ങളിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.
വിവാഹച്ചടങ്ങിലെ വിവിധ നിമിഷങ്ങൾ പകർത്തിയ ചിത്രങ്ങളിൽ ദീപികയും രൺവീറും അതിഥികളുമായി സംസാരിക്കുന്നതും നവദമ്പതികൾക്ക് ആശംസകൾ നേരുന്നതുമെല്ലാം കാണാം. എന്നാൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് ദീപികയുടെ ഒരു വികാരനിർഭരമായ ചിത്രമാണ്.
വിവാഹച്ചടങ്ങിനിടെ പുഞ്ചിരിച്ചുകൊണ്ട് കണ്ണുനിറഞ്ഞ് നിൽക്കുന്ന ദീപികയുടെ ചിത്രത്തിന് താഴെ നിരവധി പേരാണ് ഹൃദയസ്പർശിയായ കമന്റുകളുമായെത്തിയത്.
മറ്റൊരു ചിത്രത്തിൽ ഒരു കുടുംബാംഗം രൺവീറിന്റെ നെറ്റിയിൽ തിലകം ചാർത്തുന്നതും സമീപത്ത് പുഞ്ചിരിയോടെ നിൽക്കുന്ന ദീപികയെയും കാണാം. നവവധൂവരന്മാരെ ആലിംഗനം ചെയ്ത് ആശംസകൾ അറിയിക്കുന്ന ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
ആഘോഷവേദിയിൽ പരമ്പരാഗത വേഷത്തിലാണ് ഇരുവരും എത്തിയത്. വർണാഭമായ സാരിയും ആഭരണങ്ങളുമണിഞ്ഞ് ദീപിക തിളങ്ങിയപ്പോൾ, ചുവപ്പും ഐവറിയും നിറങ്ങളിലുള്ള കുർത്ത-പൈജാമയിലായിരുന്നു രൺവീർ എത്തിയത്. താരദമ്പതികളുടെ ലുക്കും ആരാധകപ്രശംസ നേടി.
അടുത്തിടെയാണ് രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന സന്തോഷവാർത്ത ദമ്പതികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 2018 നവംബറിൽ ഇറ്റലിയിലെ ലേക്ക് കോമോയിൽ നടന്ന സ്വകാര്യ ചടങ്ങിൽവെച്ചാണ് ദീപികയും രൺവീറും വിവാഹിതരായത്. 2024-ൽ മകൾ ദുവ ജനിച്ചതിന് ശേഷം കുടുംബജീവിതത്തിലെ വിശേഷങ്ങൾ ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
വ്യക്തിജീവിതത്തിലെ സന്തോഷ നിമിഷങ്ങൾക്കൊപ്പംതന്നെ ഇരുവർക്കും സിനിമയിലും തിരക്കേറിയ കാലമാണിത്. രൺവീർ സിങ് ഒടുവിൽ അഭിനയിച്ച ‘ധുരന്ധർ; ദ റിവഞ്ച്’ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അതേസമയം, ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുന്ന ‘കിങ്’ ആണ് ദീപികയുടെ അടുത്ത വലിയ റിലീസ്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Deepika Padukone gets emotional at a family wedding while awaiting her second child