38 വയസ്സുവരെ ജീവിച്ച പൂച്ച, പേര് ക്രീം പഫ്, ഭക്ഷണത്തിൽ വൈനും ഉൾപ്പെടുത്തിയെന്ന് ഉടമ

ദീർഘായുസ്സുള്ള വളർത്തുപൂച്ചകളെ പെറ്റ് പാരന്റ്സിന് വളരെയധികം ഇഷ്ടമാണ്. പെട്ടെന്ന് നമ്മെ വിട്ടുപിരിയില്ലെന്ന ആശ്വാസമാണ് അതിനു പ്രധാനകാരണം. സാധാരണയായി ഒരു വളർത്തുപൂച്ച 12 മുതൽ 18 വർഷം വരെ ജീവിക്കുമ്പോൾ, ചിലത് ഇരുപതുകളുടെ തുടക്കം വരെ എത്താറുണ്ട്. എന്നാൽ ഒരു പൂച്ച ഈ കണക്കുകൾക്കെല്ലാം അപ്പുറം ജീവിച്ചിട്ടുണ്ട്. പേര് ക്രീം പഫ് എന്നായിരുന്നു. 38 വർഷവും മൂന്നുദിവസവുമാണ് ക്രീംപഫ് ജീവിച്ചത്. ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും പ്രായം കൂടിയ പൂച്ചയാണ് ക്രീംപഫ്. പൂച്ചകളിലെ വാർധക്യത്തെ പുനർനിർവചിച്ച ഒരു റെക്കോർഡായിരുന്നു ഇത്.
1967 ഓഗസ്റ്റ് 3-ന് ടെക്സസിലെ ഓസ്റ്റിനിൽ ജനിച്ച ക്രീം പഫ്, 2005 ഓഗസ്റ്റ് 6 വരെ ജീവിച്ചു. ജേക്ക് പെറി എന്നയാളായിരുന്നു ക്രീംപഫിന്റെ ഉടമ. മറ്റൊരു പൂച്ചയെ 34 വയസ്സുവരെ വളർത്തിയതിനും പേരുകേട്ടയാളാണ് ജേക്ക് പെറി. പെറിയുടെ വീട്ടിൽ പൂച്ചകൾക്കായി പ്രത്യേകം സംവിധാനങ്ങൾ തന്നെയൊരുക്കിയിരുന്നു. വീടിനകത്ത് കയറാനുള്ള സംവിധാനങ്ങൾ മുതൽ ശ്രദ്ധയോടെയുള്ള ദിനചര്യകൾ വരെ തന്റെ പൂച്ചകൾക്ക് വലിയ സൗകര്യങ്ങളാണ് പെറിയൊരുക്കിയത്.
ക്രീം പഫിന്റെ ദീർഘായുസ്സിന് പിന്നിലെ കൃത്യമായ കാരണങ്ങൾ അവ്യക്തമാണെങ്കിലും, ചില ഘടകങ്ങൾ ശ്രദ്ധേയമാണ്. തന്റെ പൂച്ചകളെ മാനസികമായും ശാരീരികമായും സജീവമായി നിലനിർത്താൻ പെറി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വീട്ടിൽ പ്രത്യേകം നിർമ്മിച്ച തട്ടുകളും ഷെൽഫുകളും, പൂച്ചകൾക്ക് ആസ്വദിക്കാൻ പാകത്തിലായിരുന്നു. ഒരു ഹോം തിയേറ്റർ സംവിധാനം പോലും പൂച്ചകൾക്കുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഭക്ഷണത്തിലും പ്രത്യേകതയുണ്ട്. ടർക്കി ബേക്കൺ, ശതാവരി, ഇടയ്ക്കിടെ അൽപം റെഡ് വൈൻ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. അസാധാരണമായ ഭക്ഷണക്രമവും, ക്രീം പഫിന്റെ ദീർഘായുസ്സിൽ പങ്കുവഹിച്ചിട്ടുണ്ടാവാമെന്ന് ചിലർ കരുതുന്നു. അതേസമയം, മൃഗഡോക്ടർമാർ സാധാരണയായി പൂച്ചകൾക്ക് ഇത്തരം ഭക്ഷണങ്ങൾ നിർദേശിക്കാറില്ലെന്നതും വസ്തുതയാണ്. എന്നാൽ പൂച്ചകളുടെ ഊർജ്ജസ്വലതയ്ക്കുള്ള തന്റെ രഹസ്യകൂട്ടിന്റെ ഭാഗമായിരുന്നു ഇതെന്ന് പെറി ഉറപ്പിച്ചു പറയുന്നു. ക്രീം പഫിന്റെ അവസാന വർഷങ്ങളിൽ വരെ പ്രായവുമായി ബന്ധപ്പെട്ട സാധാരണ ആരോഗ്യപ്രശ്നങ്ങളൊന്നും കാണിച്ചിരുന്നില്ലെന്ന് ആരോഗ്യരേഖകൾ വ്യക്തമാക്കുന്നു. പൂച്ചയ്ക്ക് സ്ഥിരമായി മൃഗഡോക്ടറുടെ ശ്രദ്ധ ലഭിക്കുന്നുണ്ടെന്നും പെറി ഉറപ്പാക്കി. അതേസമയം, ദീർഘായുസ്സ് ജനിതകപരമായ കാരണങ്ങളാലാണോ, അതോ അസാധാരണമായ പരിചരണത്താലാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the remarkable life of Creme Puff, the cat who lived an astounding 38 years, holding the Guinness World Record for the oldest cat ever. Learn about her unique diet and enriching environment.