ഗേ പങ്കാളിയിൽ നിന്ന് ഗർഭം ധരിച്ച് സാമന്ത വിൻ ഗ്രീൻസ്റ്റോൺ, ദമ്പതികൾക്ക് ആദ്യ കണ്മണി പിറന്നു

അമേരിക്കൻ സോഷ്യൽ മീഡിയ താരങ്ങളായ സാമന്ത വിൻ ഗ്രീൻസ്റ്റോണും ജേക്കബ് ഹോഫും തങ്ങളുടെ വ്യത്യസ്തമായ ദാമ്പത്യ ജീവിതത്തിലൂടെയാണ് ശ്രദ്ധേയരായത്. സാമന്തയും ഭർത്താവ് ജേക്കബും ഒരു തിയേറ്റർ പ്രൊഡക്ഷന്റെ ഓഡിഷനിടെ കണ്ടുമുട്ടിയവരാണ്. ഇവർ പ്രണയത്തിലാവുകയും 2024 നവംബറിൽ വിവാഹിതരാവുകയും ചെയ്തു. ജേക്കബ് ഗേയാണ്. ഇരുവരുടെയും ദാമ്പത്യം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. തങ്ങളുടെ വിശേഷങ്ങൾ ടിക് ടോക്കിലൂടെയും യൂട്യൂബിലൂടെയും പങ്കുവെക്കുന്ന ഇവർക്കിപ്പോൾ ഒരു ആൺകുഞ്ഞ് പിറന്നിരിക്കുകയാണ്.
'പീപ്പിൾ' മാഗസിന് നൽകിയ അഭിമുഖത്തിലാണ് തങ്ങൾക്ക് ഒരു മകൻ പിറന്ന വിവരം ഇവർ വെളിപ്പെടുത്തിയത്. കഴിഞ്ഞ നവംബറിലായിരുന്നു കുഞ്ഞിന്റെ ജനനം. തങ്ങളുടെ ഒന്നാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ലഭിച്ച 'ഏറ്റവും വലിയ സമ്മാനം' എന്നാണ് അവർ കുഞ്ഞിനെ വിശേഷിപ്പിച്ചത്. കുഞ്ഞിന്റെ യഥാർത്ഥ പേര് രഹസ്യമായി സൂക്ഷിക്കാനാണ് ദമ്പതികളുടെ തീരുമാനം. എങ്കിലും 'ബേബി വിൻ ഹോഫ്' എന്ന സ്റ്റേജ് നാമത്തിലായിരിക്കും കുഞ്ഞ് പൊതുവേദികളിൽ അറിയപ്പെടുക. സാമന്തയുടെ മിഡിൽ നെയിമും ജേക്കബിന്റെ ലാസ്റ്റ് നെയിമും ചേർത്താണ് ഈ പേര് നൽകിയിരിക്കുന്നത്.
തങ്ങളുടെ ജീവിതത്തിലെ പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടെങ്കിലും, മകന്റെ ജനനവും ലിംഗഭേദവും ഒരു മാസത്തോളം രഹസ്യമായി സൂക്ഷിക്കാൻ ഇവർ ശ്രദ്ധിച്ചു. കുടുംബമെന്ന നിലയിലുള്ള പുതിയ ജീവിതം സ്വകാര്യമായി ആസ്വദിക്കാനാണ് ഇവർ ഇങ്ങനെ ചെയ്തത്. ഗർഭകാലത്തും പ്രസവ തീയതിയോ മറ്റ് വിവരങ്ങളോ ഇവർ പുറത്തുവിട്ടിരുന്നില്ല.
ഭാവിയിൽ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തണമോ എന്ന് തീരുമാനിക്കാനുള്ള അധികാരം കുഞ്ഞിന് തന്നെ നൽകണമെന്നും, അതുവരെ അവനെ സംരക്ഷിക്കണമെന്നുമാണ് സാമന്തയുടെയും ജേക്കബിന്റെയും നിലപാട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: American couple, Samantha Greenstone (straight) and Jacob Hoff (gay), celebrate the birth of their son. They share their unique love story and parenting journey.