‘കിസ് കാം’ വിവാദത്തിൽ പ്രതികരണവുമായി ക്രിസ്റ്റിൻ കാബോട്ട്

വൈറലായ വീഡിയോയിലെ ദൃശ്യങ്ങൾ/Facebook
വൈറലായ വീഡിയോയിലെ ദൃശ്യങ്ങൾ/Facebook

കോൾഡ് പ്ലേയുടെ സംഗീതപരിപാടിക്കിടെയുണ്ടായ 'കിസ് കാം' വിവാദങ്ങളിൽ ഒടുവിൽ പ്രതികരണവുമായി ക്രിസ്റ്റീൻ കാബോട്ട്. ആസ്‌ട്രൊണോമർ എന്ന കമ്പനിയിലെ മുൻ എച്ച്ആർ എക്‌സിക്യൂട്ടീവ് ആണ് ക്രിസ്റ്റിൻ കാബോട്ട്. ജൂലൈയിൽ നടന്ന ഒരു കോൾഡ്പ്ലേ സംഗീത പരിപാടിക്കിടെ, തന്റെ ബോസായ സിഇഒ ആൻഡി ബൈറോണുമായി ചേർന്നുനിൽക്കുന്ന അവരുടെ വീഡിയോ ലോകം മുഴുവൻ വൈറലായിരുന്നു. ഈ സംഭവത്തിൽ ഒടുവിൽ മൗനം വെടിഞ്ഞിരിക്കുകയാണ് കാബോട്ട്. ദി ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ, ആ നിമിഷം തന്റെ ജീവിതത്തിലെ ഒരു 'തെറ്റായ തീരുമാനമായിരുന്നു' എന്ന് അവർ തുറന്നുപറഞ്ഞു. ഈ സംഭവം കാബോട്ടിന്റെ ഔദ്യോഗിക ജീവിതം തകർക്കുന്നതിനും വിവാഹമോചന നടപടികളിലേക്കും നയിച്ചിരുന്നു. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വിവിധ അഭിമുഖങ്ങളിൽ, തന്റെ പ്രവൃത്തിയിൽ അവർ ഖേദം പ്രകടിപ്പിക്കുകയും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു.

'ഞാൻ ഒരു തെറ്റായ തീരുമാനമെടുത്തു. കുറച്ച് മദ്യപിച്ചിരുന്നു, എന്റെ ബോസിനോടൊപ്പം നൃത്തം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്തു. അതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു, എന്റെ കരിയർ തന്നെ എനിക്ക് അതിനായി ബലികഴിക്കേണ്ടി വന്നു,' കാബോട്ട് പറഞ്ഞു. തനിക്ക് ബൈറോണിനോട് വലിയൊരു ക്രഷ് തോന്നിയിരുന്നു എന്നാണ് 53 കാരിയായ കാബോട്ട് വെളിപ്പെടുത്തിയത്. ആ കോൾഡ്പ്ലേ സംഗീത നിശയിലായിരുന്നു തങ്ങൾ ആദ്യമായും അവസാനമായും ചുംബിച്ചതെന്നും അവർ പറഞ്ഞു. ആ സമയത്ത് രണ്ടുപേരും തങ്ങളുടെ പങ്കാളികളിൽ നിന്നും വേർപിരിഞ്ഞു കഴിയുകയായിരുന്നു. സംഭവത്തിന് ശേഷം വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് അവർ നേരിട്ടത്. കുടുംബം തകർക്കുന്നവൾ എന്നും പണത്തിന് പുറകെ പോകുന്നവൾ എന്നും വിളിച്ച് ആളുകൾ അവരെ അധിക്ഷേപിച്ചു. വധഭീഷണികൾ വരെ ഉണ്ടായതായി അവർ വെളിപ്പെടുത്തി.

ഒരു സ്ത്രീയായതിനാലാണ് താൻ ഇത്രയധികം അധിക്ഷേപം നേരിടേണ്ടി വന്നതെന്ന് അവർ വിശ്വസിക്കുന്നു. 'വർഷങ്ങളോളം കഠിനാധ്വാനം ചെയ്താണ് ഞാൻ എന്റെ കരിയർ കെട്ടിപ്പടുത്തത്. എന്നാൽ ഒരു തെറ്റായ തീരുമാനത്തോടെ ആളുകൾ എന്റെ നേട്ടങ്ങളെല്ലാം മായ്ച്ചുകളഞ്ഞു,' അവർ പറഞ്ഞു. അറുപതിനായിരത്തോളം ആളുകൾ നിറഞ്ഞ സ്റ്റേഡിയത്തിൽ ആരും ശ്രദ്ധിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു തങ്ങളെന്ന് കാബോട്ട് ഓർക്കുന്നു. എന്നാൽ പെട്ടെന്ന് സ്റ്റേഡിയത്തിലെ കൂറ്റൻ സ്‌ക്രീനിൽ തങ്ങളുടെ ചിത്രം തെളിഞ്ഞപ്പോൾ അവർ ഞെട്ടിപ്പോയി. ആ സമയത്ത് തന്റെ മുൻ പങ്കാളിയും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു എന്ന് കാബോട്ട് പറഞ്ഞു.

'ഞാൻ ഒരു മീം ആയി മാറി. അതോടെ എനിക്ക് ജോലി ലഭിക്കാത്ത അവസ്ഥയായി. എച്ച്ആർ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ അധിക്ഷേപിക്കപ്പെട്ട മാനേജർ ഞാനായിരിക്കും,' അവർ കൂട്ടിച്ചേർത്തു.

ഈ സംഭവത്തിൽ നിന്ന് തന്റെ മക്കൾക്ക് ഒരു ഉപദേശം നൽകാൻ അവർ ആഗ്രഹിക്കുന്നു. 'മനുഷ്യർക്ക് തെറ്റുകൾ സംഭവിക്കാം, എന്നാൽ ഒരു തെറ്റ് ഒരാളുടെ വ്യക്തിത്വത്തെയോ മൂല്യത്തെയോ നിർണ്ണയിക്കുന്നില്ല.'

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Christine Cabot breaks her silence on the viral Coldplay kiss cam incident, calling it a "terrible decision" that impacted her career and personal life.