‘സ്ത്രീകളെ നിശബ്ദരാക്കാനുള്ള തന്ത്രമാണ് പുരുഷവിദ്വേഷമെന്ന ആരോപണം’ – ചിന്മയി ശ്രീപദ

ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ലൈംഗികാതിക്രമ കേസുകൾക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന വ്യക്തിയാണ് ഗായിക ചിന്മയി ശ്രീപദ. 2005-ൽ സ്വിറ്റ്‌സർലൻഡിൽ ഒരു സംഗീത പരിപാടിക്കിടെ, ഗാനരചയിതാവ് വൈരമുത്തു ലൈംഗിക അതിക്രമം നടത്തിയതായി ചിന്മയി വെളിപ്പെടുത്തിയിരുന്നു. തന്നെ Misandrist Chinmayi (പുരുഷവിദ്വേഷിയായ ചിന്മയി) എന്ന് വിളിച്ച വ്യക്തിക്കെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് അവരിപ്പോൾ.
ചിന്മയി നൽകിയ മറുപടി
എക്സിൽ ഒരുപയോക്താവ് പങ്കുവെച്ച കുറിപ്പ് റീപോസ്റ്റ് ചെയ്തുകൊണ്ടാണ് ചിന്മയി പ്രതികരിച്ചത്. കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു: "പുരുഷവിദ്വേഷിയായ ചിന്മയി, പുരുഷന്മാരെ വിവാഹം കഴിക്കരുത്. നിങ്ങളുടെ സ്വന്തം ജീവിതം ജീവിക്കുക.
എന്നാൽ ഒരു ശരാശരി പക്വതയുള്ള പുരുഷൻ റിലേഷൻഷിപ്പ് ഉപദേശം നൽകുന്നത് ഇങ്ങനെയാണ്: സ്ത്രീകളെ കല്യാണം കഴിക്കുമ്പോൾ അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും തട്ടിയെടുക്കണം.''
ഇതിന് ചിന്മയി നൽകിയ മറുപടി ഇങ്ങനെയായിരുന്നു: "പുരുഷവിദ്വേഷിയായ ചിന്മയി... ആൺകുട്ടികൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചും, ഇന്ത്യയിൽ 18 വയസ്സ് തികയുന്നതോടെ പുരുഷന്മാർക്ക് ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാനാകുന്ന നിയമങ്ങളുടെ അഭാവത്തെക്കുറിച്ചും സംസാരിക്കുന്ന വളരെ കുറച്ചുപേരിൽ ഒരാളാണ് ഞാൻ. പുരുഷന്മാർ തങ്ങൾ വെറുക്കുന്ന ഏതൊരു സ്ത്രീയെക്കുറിച്ചും കിംവദന്തികൾ ഉണ്ടാക്കും. മറ്റ് പുരുഷന്മാർ അവരുടെ പ്രവർത്തനരഹിതമായ മസ്തിഷ്ക കോശം ഉപയോഗിച്ച് അത് തത്തയെപ്പോലെ ആവർത്തിച്ചുകൊണ്ടിരിക്കും."
"വേശ്യ മുതൽ പുരുഷവിദ്വേഷി വരെ, എക്സിലെ യുവാക്കൾ എനിക്ക് നൽകിയ പദവികൾ, ഇവിടുള്ള ആളുകൾ എങ്ങനെയാണ് ചിന്തിക്കുന്നതെന്നതിന് മികച്ച ഉദാഹരണമാണ്. അവർ സ്ത്രീകളെ കടുത്ത പകയോടെ വെറുക്കുമ്പോൾ തന്നെ, അവരിൽ ഉൾപ്പെടാത്ത മറ്റ് പുരുഷന്മാരെ ചീത്തവിളിക്കുന്നു, നല്ലൊരു സമൂഹം തന്നെ!" അവർ പറഞ്ഞു.
പോസ്റ്റിനെതിരെ വലിയ പ്രതികരണങ്ങൾ വന്നിരുന്നു, എന്നാലിപ്പോൾ ഈ പോസ്റ്റ് ചിന്മയിയുടെ അക്കൗണ്ടിൽ കാണാനില്ല.
എന്താണ് 'മിസാൻഡ്രിസ്റ്റ്' ?
പുരുഷന്മാരോട് കടുത്ത വെറുപ്പോ, വിരോധമോ, അല്ലെങ്കിൽ അവിശ്വാസമോ വെച്ചുപുലർത്തുന്ന വ്യക്തിയെയാണ് പുരുഷവിദ്വേഷി അഥവാ മിസാൻഡ്രിസ്റ്റ് എന്ന് വിളിക്കുന്നത്. 'misogynist' (സ്ത്രീവിദ്വേഷി) എന്ന പദത്തിന്റെ വിപരീത പദമാണിത്.
മുൻപൊരു ട്വീറ്റിൽ പുരുഷവിദ്വേഷത്തെക്കുറിച്ച് ചിന്മയി ഇങ്ങനെ പറഞ്ഞിരുന്നു: “സ്ത്രീകളെ നിശബ്ദരാക്കാനുള്ള ഒരു തന്ത്രമാണ് പുരുഷവിദ്വേഷം എന്ന ആരോപണം. അടിച്ചമർത്തുന്നവർക്കെതിരെ ശബ്ദമുയർത്തുന്നവരുടെ കോപം, അത് ചിലപ്പോൾ അക്രമാസക്തമാകാം, എങ്കിലും ന്യായമാണ്. ഇരകളെ അടിച്ചമർത്താനുള്ള ഒരു മാർഗ്ഗമാണിത്. പുരുഷവിദ്വേഷത്തെ അപലപിച്ച് സംസാരിക്കുന്നതും, അത് മറ്റേതൊരു വിവേചനത്തെയും പോലെയാണെന്ന് വാദിക്കുന്നതും തികച്ചും വഞ്ചനാപരമായ നിലപാടാണ്. ചരിത്രത്തിലുടനീളം സംസ്കാരവും അധികാരവും വഴി നിലനിന്നുപോരുന്ന വ്യവസ്ഥാപിതമായ സ്ത്രീപീഡനങ്ങളെ മൂടിവെക്കാനാണ് ഇത് ശ്രമിക്കുന്നത്. പുരുഷന്മാരെ വെറുക്കുന്ന ഒരു സ്ത്രീ, സ്ത്രീകളെ വെറുക്കുന്ന ഒരു പുരുഷനെപ്പോലെ തന്നെ അപകടകാരിയാണെന്നും, അവളുടെ വിദ്വേഷത്തിനോ അവിശ്വാസത്തിനോ യുക്തിസഹമായ യാതൊരു കാരണവുമില്ലെന്നും വരുത്തി തീർക്കാനാണ് അവർ ശ്രമിക്കുന്നത്. - പോളിൻ ഹർമാഞ്ച്.”
2014 മെയ് 5-നാണ് ചിന്മയി നടൻ രാഹുൽ രവീന്ദ്രനെ വിവാഹം കഴിച്ചത്. 2013 ജൂൺ മുതൽ പ്രണയത്തിലായിരുന്ന ഇവർ 2013 സെപ്റ്റംബറിലാണ് തങ്ങളുടെ വിവാഹനിശ്ചയം പ്രഖ്യാപിച്ചത്. ദൃപ്ത, ശർവസ് എന്നീ ഇരട്ടക്കുട്ടികളാണ് ഇവർക്കുള്ളത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Chinmayi Sripaada addresses the 'misandrist' label used against her on social media., She argues that misandry allegations are a strategic tool to silence women advocating for rights., Highlights the lack of legal support for men in sexual abuse cases in India., Reaffirms her commitment to the #MeToo movement and past revelations against Vairamuthu., Criticizes the toxic discourse surrounding gender issues and online harassment.