ഗാലപ്പഗോസിലേക്കുള്ള ആ യാത്ര ഇങ്ങനെയായിരുന്നു; ചരിത്രമായിത്തീർന്ന പരിണാമ സിദ്ധാന്തത്തിലേക്കുള്ള യാത്ര

റോബര്‍ട്ട് ഫിറ്റ്‌സ്‌റോയ് എന്ന ക്യാപ്റ്റനൊപ്പം കപ്പല്‍ യാത്രയ്ക്ക് പുറപ്പെടുമ്പോള്‍ ചാള്‍സ് ഡാര്‍വിന്‍ എന്ന ഇരുപത്തിരണ്ടുകാരന് ലോകത്തെ ഞെട്ടിക്കുകയായിരുന്നില്ല ഉദ്ദേശം. ലോകം കാണണം, പ്രകൃതിയെ അറിയണം, അറിവ് നേടണം ഇത്രയേ ഉണ്ടായിരുന്നുള്ളൂ മനസ്സില്‍. 27 ഡിസംബര്‍ 1831-ന് ഇംഗ്ലണ്ടിലെ പ്ലിമൗത്തില്‍ നിന്ന് ബീഗിള്‍ കപ്പല്‍ യാത്ര തുടങ്ങി.
കപ്പല്‍ ആദ്യമടുപ്പിച്ചത് ആഫ്രിക്കയുടെ പടിഞ്ഞാറ് കേപ്പ് വേര്‍ദെ ദ്വീപുകള്‍ക്കടുത്താണ്. കടല്‍തീരത്തിന്റെ രൂപീകരണത്തെക്കുറിച്ചും അഗ്‌നിപര്‍വ്വങ്ങളെക്കുറിച്ചും മണ്ണൊലിപ്പിന്റെ ഫലങ്ങളെക്കുറിച്ചും ഡാര്‍വിന്‍ നിരീക്ഷണങ്ങള്‍ ആരംഭിച്ചു. ഉയര്‍ന്ന പ്രദേശങ്ങളിലെ സമുദ്രഫോസില്‍ സാന്നിധ്യം ഡാര്‍വിന് കൗതുകമായി.
/Getty Images
അടുത്ത സന്ദര്‍ശനം ബ്രസീലിലായിരുന്നു. റിയോ ഡി ജനീറോ, സാല്‍വദോര്‍ തുടങ്ങിയ ബ്രസീലിന്റെ തീരങ്ങളെ ഡാര്‍വിന്‍ വിശദമായി പഠിച്ചു. ചുറ്റുമുള്ള ഉഷ്ണമേഖലാ വനങ്ങള്‍ പര്യവേക്ഷണം ചെയ്തു. ആമസോണ്‍ മഴക്കാടിന്റെ ജൈവസമ്പന്നത കണ്ട് അമ്പരന്നു. അദ്ദേഹത്തിന് പരിചിതമായ മിതശീതോഷ്ണ പ്രദേശങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു ബ്രസീലിന്റെ പ്രകൃതി.
ഉറുഗ്വെയിലെ മോണ്ടെവിഡിയോയിലെത്തിയ ഡാര്‍വിന്‍ സമീപത്തെ പാറക്കെട്ടുകളില്‍ നിന്ന് ഫോസിലുകള്‍ ശേഖരിച്ചു. വംശനാശം സംഭവിച്ച വലിയ സസ്തനികളുടെ ഫോസിലൈസ് ചെയ്ത അസ്ഥികള്‍ കണ്ടെത്തി. ഇത് ജീവിവര്‍ഗങ്ങളുടെ വംശനാശത്തെക്കുറിച്ചും ജീവിതരൂപങ്ങളുടെ പിന്തുടര്‍ച്ചയെക്കുറിച്ചും അദ്ദേഹത്തില്‍ സംശയങ്ങളുണര്‍ത്തി.
അര്‍ജന്റീനയിലെ ബ്യുനസ് ഐറിസ്, പാന്റഗോണിയ, ബഹിയ ബ്ലാന്‍ക എന്നിവിടങ്ങളില്‍ ഏകദേശം 17 മാസത്തോളം ഡാര്‍വിന്‍ പഠനങ്ങള്‍ നടത്തി. ഭൂമിശാസ്ത്രപരമായ രൂപങ്ങള്‍, പ്രാദേശിക സസ്യജന്തുജാലങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. വംശനാശം സംഭവിച്ച ഭീമന്‍ സസ്തനികളായ മെഗാതെറിയം (ഭീമന്‍ ഗ്രൗണ്ട് സ്ലോത്ത്) ഉള്‍പ്പെടെയുള്ള ഫോസിലുകളുടെ സമ്പന്നമായ ഒരു നിര കണ്ടെത്തി. വംശനാശത്തെയും ജീവിവര്‍ഗങ്ങളുടെ പിന്തുടര്‍ച്ചയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഈ കണ്ടെത്തലുകള്‍ നിര്‍ണായകമായിരുന്നു.
ഫോല്‍ക്ക്‌ലന്‍ഡ് ദ്വീപിലെത്തിയ ഡാര്‍വിന്‍ വന്‍കരയിലേതിന് സമാനമായ ജീവജാലങ്ങളുടെ സാന്നിധ്യം കണ്ട് സ്പീഷിസ് വിതരണത്തെക്കുറിച്ച് വിശദമായി ചിന്തിക്കാനാരംഭിച്ചു. കഠിനമായ കാലാവസ്ഥയിലെ പ്രാദേശിക ജീവിതവും പരിസ്ഥിതിവ്യവസ്ഥകളും ടിയറ ഡെല്‍ ഫ്യൂഗോയില്‍ ഡാര്‍വിന് പഠനവിഷയമായി. അങ്ങേയറ്റത്തെ പരിതസ്ഥിതികളോടുള്ള ജീവിവര്‍ഗങ്ങളുടെ പൊരുത്തപ്പെടുത്തലും തദ്ദേശവാസികളുടെ സാംസ്‌കാരിക പൊരുത്തപ്പെടുത്തലും നിരീക്ഷിച്ചു.
ചിലിയിലെത്തിയ ഡാര്‍വിനും സംഘവും മൗണ്ട് ഒസോര്‍ണോ അഗ്‌നിപര്‍വതസ്‌ഫോടനത്തിന് സാക്ഷികളായി. ചിലിയിലെ വാള്‍ഡിവിയയില്‍ ഭൂകമ്പവും അനന്തരഫലങ്ങളും നേരില്‍കണ്ടു. ഇത് ഭൂമിശാസ്ത്ര പ്രക്രിയകളെക്കുറിച്ച് കൂടുതല്‍ ധാരണ നല്‍കി. 2 മാസത്തോളം ഡാര്‍വിന്‍ ആന്‍ഡിസ് മലനിരകള്‍ മാത്രം കേന്ദ്രീകരിച്ച് നിരീക്ഷണങ്ങള്‍ നടത്തി. പര്‍വതനിരകളുടെ ഭൂമിശാസ്ത്ര പഠനം, ഫോസില്‍ ശേഖരണം, സസ്യജന്തുജാലങ്ങളുടെ നിരീക്ഷണങ്ങള്‍ എന്നിവയിലൂടെ പര്‍വത പരിസ്ഥിതികളോട് ജീവിവര്‍ഗങ്ങളുടെ പൊരുത്തപ്പെടല്‍ വിശകനം ചെയ്തു. ആന്‍ഡീസില്‍ കാണപ്പെട്ട സമുദ്ര ഫോസിലുകള്‍ ഭൂമിശാസ്ത്രപരമായ ഉയര്‍ച്ചാസിദ്ധാന്തത്തെ പിന്തുണയ്ക്കുന്നുവെന്നും ഡാര്‍വിന്‍ നിരീക്ഷിച്ചു.
/Getty Images
യാത്ര തുടങ്ങി 4 വര്‍ഷങ്ങള്‍ കഴിഞ്ഞ് 1835 സെപ്റ്റംബര്‍ 15നാണ് കപ്പല്‍ വിഖ്യാതമായ ഗാലപ്പഗോസ് ദ്വീപിലടുത്തത്. കിഴക്കന്‍ പസഫിക് സമുദ്രത്തിലാണ് ഗാലപ്പഗോസ് ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. 18 പ്രധാന ദ്വീപുകളും 3 ചെറിയ ദ്വീപുകളും 107 പാറകളും ഉള്‍പ്പെടുന്ന ദ്വീപുസമൂഹം. അവിടുത്തെ അഗ്നി പര്‍വതങ്ങളാണ് ഡാര്‍വിനെ ആകര്‍ഷിച്ചത്. 34 ദിവസങ്ങള്‍ ഡാര്‍വിന്‍ ദ്വീപില്‍ ചുറ്റിക്കറങ്ങി സാമ്പിളുകള്‍ ശേഖരിച്ചു. സാന്‍ക്രിസ്റ്റബെല്‍, ഫ്‌ളോറിയാന, ഇസബെല, സാന്റിയാഗോ എന്നീ ഗാലപ്പന്‍ ദ്വീപുകളില്‍ ഡാര്‍വിന്‍ പഠനങ്ങള്‍ നടത്തി. 1835 ഒക്ടോബര്‍ 20-ന് ഡാര്‍വിന്‍ ഗാലപ്പഗോസ് വിട്ടു.
Content Highlights: charles darwins trip to galapagos