ഇഷ്ടപ്പെട്ടത് എന്തും ഇപ്പോള്‍ തന്നെ വാങ്ങിക്കോളൂ. പണം പിന്നെ നല്‍കിയാല്‍ മതി; കെണിയാണ് ഈ വാഗ്ദാനം

ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ എന്തൊക്കെ ഓഫറുകളാണ് കാണുന്നത്. നല്ല വിലക്കുറവില്‍ എത്രയെത്ര സാധനങ്ങള്‍. ഒന്നു വാങ്ങിയാല്‍ രണ്ടെണ്ണം ഫ്രീ. ഇന്‍സ്റ്റയിലെ റീലുകള്‍ കാണുമ്പോള്‍ നിങ്ങളുടെ ജീവിതത്തിലെ സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്ന സുന്ദരന്‍ ഉല്‍പ്പന്നങ്ങള്‍ കണ്ടു കണ്ണു മഞ്ഞളിക്കും. പക്ഷേ കയ്യില്‍ കാശില്ലാത്തതു കാരണം മാത്രം നാം ഒന്നും വാങ്ങാതെ നെടുവീര്‍പ്പിടും. ഇടത്തരക്കാരായ സ്ത്രീകളുടെ ഈ സങ്കടം കണ്ട് അതിനും പരിഹാരം നിര്‍ദേശിക്കുകയാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും സൂപ്പര്‍മാര്‍ക്കറ്റുകളും.
അതിലൊന്നാണ് ഇന്ന് ഏറ്റവും അധികം കാണുന്ന ഓഫര്‍ - 'Buy Now, Pay Later', ഇഷ്ടപ്പെട്ടത് എന്തും ഇപ്പോള്‍ തന്നെ വാങ്ങിക്കോളൂ. പണം പിന്നെ നല്‍കിയാല്‍ മതി എന്നതാണ് വാദ്ഗാനം. പലിശ പോലും നല്‍കേണ്ട. വീട്ടുചിലവിന്റെയും കുട്ടികളുടെ ആവശ്യങ്ങളുടെയും സമ്മര്‍ദ്ദത്തില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന വീട്ടമ്മാര്‍ക്കു ഇത് ഒരു രക്ഷയായി തോന്നും.
പക്ഷേ ഇത് ശരിക്കും ലാഭമാണോ? അതോ ചതിക്കുഴികള്‍ നിറഞ്ഞതാണോ
എങ്ങനെ ഇത് ആകര്‍ഷകമാകുന്നു?
ബൈ നൗ പേ ലേറ്റര്‍ എന്നാല്‍ സാധനം ഇപ്പോള്‍ വാങ്ങാം, പണം ഒരു മാസത്തിന് ശേഷം നല്‍കിയാല്‍ മതി, എന്നാണ്. ചിലര്‍ പിന്നീടത് പ്രതിമാസ തവണകളായി നല്‍കിയാല്‍ മതി എന്ന സൗകര്യം കൂടി നല്‍കും. പലിശ പൂജ്യമായിരിക്കും. വാങ്ങുമ്പോള്‍ ഒന്നും അടക്കേണ്ടതില്ല. വില ചെറിയ-ചെറിയ തവണകളായി നല്‍കിയാല്‍ മതി. ക്രെഡിറ്റ് കാര്‍ഡ് ഇല്ലെങ്കിലും ഇഎംഐ സൗകര്യം ലഭിക്കും
കുട്ടികളുടെ സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍, ഫോണ്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയൊക്കെ കയ്യില്‍ പണം ഇല്ലെങ്കിലും വാങ്ങാനവസരം കിട്ടുമ്പോള്‍ വേണ്ടെന്ന് വയ്ക്കാന്‍ ആര്‍ക്കും തോന്നില്ല.
പക്ഷേ കമ്പനി നിങ്ങളെ സൗജന്യമായി സഹായിക്കുകയാണ് എന്നാണോ നിങ്ങള്‍ കരുതുന്നത്. അല്ല, അവരും ലാഭം ഉണ്ടാക്കാന്‍ വേണ്ടിത്തന്നെയാണ് ഈ സൗകര്യങ്ങളൊക്കെ നല്‍കുന്നത്.
മറഞ്ഞിരിക്കുന്ന ചെലവുകളെ അറിയുക
1. ലേറ്റ് ഫീ - ഏറ്റവും വലിയ കുരുക്കാണിത്.
പണം ഒരു ദിവസം വൈകിയാലും 150 മുതല്‍ 700 രൂപ വരെ ലേറ്റ് ഫീ ഈടാക്കും. ഈ ലേറ്റ് ഫീസിനും ജിഎസ്ടി നികുതി ഈടാക്കും. പലപ്പോഴും തിരിച്ച് അടയ്ക്കാന്‍ വൈകുന്ന ഓരോ ദിവസങ്ങള്‍ക്കും പിഴ ഈടാക്കാനും സാധ്യത. പലിശയേക്കാള്‍ വലിയ തുക ഇങ്ങനെ ഈടാക്കും.
2. പ്രോസസിംഗ് ഫീസ്, കണ്‍വീനിയന്‍സ് ഫീസ്
വാങ്ങുന്ന സാധനത്തിന് പലപ്പോഴും 50-150 രൂപ പ്രോസസിംഗ് ഫീസ് നല്‍കേണ്ടിവരും. ചിലപ്പോഴൊക്കെ പ്ലാറ്റ് ഫോം ചാര്‍ജ് എന്ന പേരില്‍ മറ്റൊരു തുക കൂടി നല്‍കേണ്ടിവന്നേക്കാം. മാത്രമല്ല ഇതിനെല്ലാം 18 ശതമാനം ജിഎസ്ടിയും നല്‍കണം.
3. പലിശ രഹിതം എന്നത് വെറുമൊരു പുകമറ
പലിശ രഹിത വായ്പ എന്നു പറയുമെങ്കിലും നിങ്ങളുടെ കയ്യില്‍ നിന്ന് പല രീതിയില്‍ ഈടാക്കുന്ന ചാര്‍ജുകള്‍ കണക്കാക്കിയാല്‍ വിലയടെ 12-24 ശതമാനം വരെ അധികം വരും. അത്രയും തുക അധികമായി ആദ്യം തന്നെ ഈടാക്കിയാല്‍ പിന്നെ പലിശ ഈടാക്കിയില്ലെങ്കിലും കമ്പനിക്ക് ഇരട്ടി ലാഭം തന്നെ. നമ്മളത് അറിയുന്നില്ല എന്നുമാത്രം.
4. കണ്ണില്‍ കണ്ടെതെല്ലാം വാങ്ങാന്‍ തോന്നിപ്പിക്കും.
ബൈ നൌ പേ ലേറ്റര്‍ സൗകര്യം ഉപയോഗിക്കുമ്പോള്‍ പണം ചെലവായി പോകുന്നത് അറിയില്ല. കാരണം അപ്പോള്‍ നാം ഒന്നും നല്‍കുന്നില്ലല്ലോ. അതിനാല്‍ വിലയേറിയ സാധനങ്ങള്‍ വാങ്ങിക്കൂട്ടും. ഇത് കുടുംബ ബജറ്റിനെ താളം തെറ്റിക്കും.
5. പണം അടക്കാതെ പോയാല്‍ ക്രെഡിറ്റ് സ്‌കോര്‍ നശിക്കും
ഇഎംഐ കൃത്യമായി അടച്ചില്ലെങ്കില്‍ ക്രെഡിറ്റ് സ്‌കോര്‍ മോശമാകും. തിരിച്ചടവില്‍ ഒന്നോ രണ്ടോ മാസം വീഴ്ചവരുത്തിയാല്‍ തന്നെ ക്രെഡിറ്റ് സ്‌കോര്‍ 30-70 പോയിന്റ് കുറയും എന്നത് മറക്കരുത്. പിന്നീട് ഒരു വായ്പ എടുക്കാന്‍ ശ്രമിച്ചാല്‍ എല്ലാം തള്ളിപ്പോയേക്കാം
6. ഓട്ടോ ഡെബിറ്റ് മുടങ്ങിയാല്‍
ബാങ്ക് അക്കൗണ്ടില്‍ പണം ഇല്ലാതെ ഇഎംഐ മുടങ്ങിയാല്‍ വായ്പ തന്നവര്‍ ഈടാക്കുന്ന പെനാല്‍റ്റിക്ക് പുറമെ നിങ്ങളുടെ ബാങ്കും 200-400 രൂപ പിഴ ഈടാക്കും. അതായത് ഇരട്ടിപ്പിഴ നല്‍കേണ്ടിവരും.
7. നിങ്ങളുടെ ഷോപ്പിങ് ഡാറ്റ വിറ്റഴിക്കപ്പെട്ടേക്കാം
ആപ് വഴി ഇത്തരം സൗകര്യം പ്രയോജനപ്പെടുത്തുമ്പോള്‍ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും അനധികൃതമായി പലരുടെയും കൈവശം എത്താം. നിങ്ങളുടെ പര്‍ച്ചേസിങ് ഹാബിറ്റ്‌സ്, ലൊക്കേഷന്‍, പ്രതിമാസ ചെലവ് രീതികള്‍ തുടങ്ങിയവയൊക്കെ പല കമ്പനികള്‍ക്കും വലിയ വിവരങ്ങളാണ്. അതെല്ലാം വിലകൊടുത്ത് വാങ്ങാനാളുണ്ട്.
ഏതാണ് ചെയ്യേണ്ടത്?
1. അടിയന്തരസാഹചര്യത്തില്‍ മാത്രം ഈ സൗകര്യം ഉപയോഗിക്കുക
2. ചാര്‍ജുകളും ഫീസും എത്രയാണ് എന്ന മനസിലാക്കിയിരിക്കണം.
3. ഒരു കാരണവശാലും പേയ്മന്റ് മുടങ്ങരുത്. ഡ്യൂ ഡേറ്റ് ഫോണില്‍ റിമൈന്‍ഡറായി സെറ്റ് ചെയ്ത് വെയ്ക്കുക.
4. ക്രെഡിറ്റ് സ്‌കോറില്‍ എപ്പോഴും ശ്രദ്ധ വേണം.
5. ബൈ നൌ പേ ലേറ്റര്‍ ഒരു സൗകര്യമല്ല, കടബാധ്യതയാണ് എന്നത് മറന്നുപോകരുത്.
6.''Buy Now, Pay Later' എന്നതല്ല, 'Plan Now, Buy Later' എന്നതാക്കുക ഷോപ്പിങ് മന്ത്രം.
(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോണ്‍-9447667716. e-mail- jayakumarkk8@gmail.com)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore the `Buy Now, Pay Later` offers. Understand hidden fees, impact on credit score, and how to avoid debt traps.