'വിജയ്ക്ക് ഇത്തരം കാര്യങ്ങളിൽ താത്പര്യമില്ല; എനിക്കൊപ്പം അഭിനയിച്ച ആ നടൻമാരെല്ലാം മന്ത്രിമാർ'

ബോബി ഡിയോൾ, സി.ജോസഫ് വിജയ് | AFP, PTI
ബോബി ഡിയോൾ, സി.ജോസഫ് വിജയ് | AFP, PTI

2024-ൽ പുറത്തിറങ്ങിയ സൂര്യ ചിത്രമായ 'കങ്കുവ'യിൽ വില്ലനായിട്ടാണ് ബോളിവുഡ് നടൻ ബോബി ഡിയോൾ എത്തിയത്. രണ്ടുവർഷങ്ങൾക്കുശേഷം വിജയ്‌യുടെ 'ജനനായകനി'ലൂടെ തമിഴിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് ബോബി. 'കങ്കുവ'യിൽനിന്നും തികച്ചും വ്യത്യസ്തനായ വില്ലനാണ് 'ജനനായകനി'ൽ അദ്ദേഹം. കരിയറിലെ ഒരു ഗ്യാപ്പിനുശേഷം 'അനിമൽ' എന്ന ചിത്രത്തിലൂടെയാണ് ബോബി സിനിമയിലേക്ക് ശക്തമായി തിരിച്ചുവന്നത്. അതിനുശേഷം തെലുഗുചിത്രങ്ങളായ 'ഡാകു മഹാരാജ്', 'ഹരി ഹര വീര മല്ലു' എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. 'ഡാകു മഹാരാജി'ൽ നന്ദമൂരി ബാലകൃഷ്ണയാണ് പ്രധാനവേഷത്തിലെത്തിയത്. 'ഹരി ഹര വീര മല്ലു' എന്ന ചിത്രത്തിൽ പവൻ കല്യാൺ ആയിരുന്നു നായകൻ.

അതിനിടെ 'ഹോളിവുഡ് റിപ്പോർട്ടറു'മായുള്ള അഭിമുഖത്തിൽ ബോബി പറഞ്ഞ കാര്യങ്ങളാണിപ്പോൾ ചർച്ചയാവുന്നത്. താൻ കൂടെ അഭിനയിച്ച പ്രമുഖരായ ദക്ഷിണേന്ത്യൻ താരങ്ങളെല്ലാം ഒടുവിൽ മന്ത്രിമാരായെന്നാണ് അദ്ദേഹം പറഞ്ഞത്. ''ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ, ഞാൻ ഈ അഭിനേതാക്കളോടൊപ്പം പ്രവർത്തിക്കുമ്പോഴെല്ലാം അവർ മന്ത്രിമാരായി മാറുന്നു എന്നതാണ്. അതൊരു രസകരമായ കാര്യമാണ്''. ആന്ധ്രപ്രദേശ് അസംബ്ലിയിലെ ഹിന്ദുപുർ മണ്ഡലത്തിൽനിന്ന് 2014 മുതലുള്ള ജനപ്രതിനിധിയാണ് ബാലകൃഷ്ണ. 2024-ൽ നടന്ന നിയമസഭാതിരഞ്ഞെടുപ്പിലും അദ്ദേഹം എം.എൽ.എ.യായി തിരഞ്ഞെടുക്കപ്പെട്ടു. പവൻ കല്യാൺ 2024 ജൂൺ മുതൽ ആന്ധ്രപ്രദേശ് മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയാണ്. അതിനൊപ്പം വനം, പരിസ്ഥിതി, ശാസ്ത്രസാങ്കേതിക മന്ത്രി കൂടിയാണ് അദ്ദേഹം.

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യെക്കുറിച്ചും അഭിമുഖത്തിൽ ബോബി സംസാരിച്ചു. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽനിന്ന് വിട്ടുനിൽക്കാനാണ് വിജയ്ക്ക് ആഗ്രഹമെന്നും തന്റെ സിനിമ സംസാരിക്കട്ടെ എന്ന് കരുതാനാണ് അദ്ദേഹത്തിന് താത്പര്യമെന്നും ബോബി പറയുന്നു. ''അധികം പ്രൊമോഷൻ നടത്താൻ അദ്ദേഹത്തിന് താത്പര്യമില്ല. അദ്ദേഹം അത്തരം കാര്യങ്ങളൊന്നും ചെയ്യാറുമില്ല. അദ്ദേഹത്തിന് സിനിമയിൽ ഉറച്ച വിശ്വാസമുണ്ട്. അതുകൊണ്ട് 'ശരി, അദ്ദേഹത്തിന് അതാണല്ലോ ഇഷ്ടം' എന്ന് ഞാനും കരുതി'', ബോബി പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Bobby Deol discusses his observation that South Indian co-stars often transition into politics.Bobby Deol's insights on working with Thalapathy Vijay and his minimal promotion style.