രോഗം ബാധിച്ചാൽ ഉറുമ്പുകൂനകളിലേക്ക് ഓടുന്ന കാക്കകൾ, ആത്മഹത്യയാണെന്ന് കരുതരുതേ

പ്രതീകാത്മകചിത്രം | AI
പ്രതീകാത്മകചിത്രം | AI

ശരീരത്തിൽ ചൊറിച്ചിലും അണുബാധയുമൊക്കെ വന്നാൽ നമ്മൾ ഡോക്ടറെ കണ്ട് മരുന്നുവാങ്ങും. പക്ഷികൾ എന്തുചെയ്യും? കാക്കകളുൾപ്പെടെ ചില പക്ഷികൾ നേരെ ചെന്ന് ഉറുമ്പുകളുടെ സഹായം തേടാറുണ്ട്. ശരീരത്തിൽ വ്രണങ്ങൾ വന്നാൽ കാക്കകൾ ഉറുമ്പുകൂട്ടത്തിനിടയിൽ ചെന്ന് ചിറകും വിരിച്ച് കിടക്കുന്നത് അവയുടെ സഹജമായ ഒരു സ്വഭാവമാണത്രേ. ആന്റിങ് എന്നാണ് ഈ രീതിക്ക് പറയുക. ശരീരമൊന്നു അണുവിമുക്തമാക്കുകയാണ് ലക്ഷ്യം.

ചില പക്ഷികൾ ഉറുമ്പുകളെ കൊക്കുകൊണ്ടെടുത്ത് തൂവലുകൾക്കുള്ളിൽ തിരുകുകയോ ചർമത്തിൽ ഉരയ്ക്കുകയോ ചെയ്യും. ചിലർ വലിയ ഉറുമ്പുകൂട്ടങ്ങളിൽ കിടന്നുരുളും. അവയെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണ്. ചിറകുകളും വാലും നിലവുമായി സമ്പർക്കമുണ്ടാകാൻ പരമാവധി പരത്തി വെക്കാൻ പക്ഷികൾ ശ്രദ്ധിക്കും. പറ്റാവുന്നിടത്തോളം ഉറുമ്പുകളെ ശരീരത്തിൽ കയറ്റുകയാണ് ലക്ഷ്യം.

അപകടം മണക്കുന്ന ഉറുമ്പുകൾ കാക്കകളെ പൊതിയുകയും ഫോർമിക് ആസിഡ് പുറത്തുവിട്ട് ശത്രുവിനെ നേരിടാൻ ശ്രമിക്കുകയും ചെയ്യും. ഫോർമിക് ആസിഡ് ഒരു സ്വാഭാവിക അണുനാശിനിയാണ്. ഇത് പക്ഷികളുടെ ശരീരത്തിലെ ബാക്ടീരിയ, ഫംഗസ്, പരാദങ്ങൾ തുടങ്ങിയ രോഗകാരികളെ നശിപ്പിക്കും. ഏതാനും മിനിറ്റുകളാണത്രേ ആന്റിങ്ങിനായി എടുക്കുക. ശരീരം വൃത്തിയാകുന്നതോടെ പക്ഷികൾ പതിയെ രോഗമുക്തിയിലേക്കെത്തും. കാക്കകൾക്കു പുറമെ, മറ്റു പക്ഷികളും അസുഖം ബാധിച്ചെന്നു തോന്നുമ്പോൾ തൂവലുകൾ വൃത്തിയാക്കാനായി ഇറങ്ങിപ്പുറപ്പെടാറുണ്ട്.

ഫോർമിക് ആസിഡിന്റെ രോഗശാന്തി ഗുണങ്ങളെപ്പറ്റി 200-ലധികം ഇനം പക്ഷികൾക്ക് സഹജമായ അറിവുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ചിലർ തൂവലുകൾ മിനുക്കാൻ ഉറുമ്പുകളെയും ഒച്ചുകളെയുമൊക്കെ ഇത്തരത്തിൽ ഉപയോഗിക്കാറുണ്ട്. ചില പക്ഷികൾ ആന്റിങ്ങിന് നിലം തിരഞ്ഞെടുക്കുമ്പോൾ ചിലർ മരക്കൊമ്പുകളാണ് ഇഷ്ടപ്പെടുന്നത്.

1831-ൽ അമേരിക്കൻ പക്ഷിശാസ്ത്രജ്ഞനായ ജോൺ ജെയിംസ് ഓഡുബോൺ, ഉറുമ്പിൻകൂട്ടങ്ങളിൽ കിടന്നുരുളുന്ന കാട്ടുടർക്കിക്കുഞ്ഞുങ്ങളെപ്പറ്റി വിവരിച്ചിട്ടുണ്ട്. ആന്റിങ്ങിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ള ആദ്യവിവരണമാണിത്. ചേരട്ടകളെയും ചില വണ്ടുകളെയും വരെ ഈ രീതിയിൽ ഉപയോഗിക്കുന്ന പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, പക്ഷികളുടെ ഈ വിചിത്രസ്വഭാവത്തെപ്പറ്റി വിശദമായ പഠനങ്ങൾ ഇതുവരെ നടന്നിട്ടില്ല.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover why birds, including crows, engage in anting behavior, using ants as a natural disinfectant to rid themselves of parasites and maintain feather health.