‘ചില സാഹചര്യങ്ങളിൽ ശരീരം പെട്ടെന്ന് വീർക്കുന്നു; ഭാരം കുറയാൻ വെള്ളം മാത്രം കുടിച്ചു, പട്ടിണി കിടന്നു’

അഷ്‌നൂർ കൗർ
അഷ്‌നൂർ കൗർ

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ മുഖമാണ് അഷ്‌നൂർ കൗറിന്റേത്. സാഥ് നിഭായാ സാഥിയ, ബഡേ അച്ചേ ലഗ്‌തേ ഹെ, യേ രിഷ്താ ക്യാ കെഹലാതാ ഹെ തുടങ്ങിയവയാണ് അവരുടെ പ്രധാനസീരിയലുകൾ. അതിനൊപ്പം പുരാണവുമായി ബന്ധപ്പെട്ടുള്ള സീരിയലുകളിലും അഷ്‌നൂർ അഭിനയിച്ചിട്ടുണ്ട്. 'മഹാഭാരത്'ൽ ദുശ്ശളയുടെ ചെറുപ്പകാലം അവതരിപ്പിച്ചതും അവർ തന്നെ.

ഹിന്ദി ബിഗ് ബോസിന്റെ 19-ാം സീസണിൽ മത്സരാർഥിയായി അഷ്‌നൂറുമുണ്ട്. സഹമത്സരാർഥികൾ ഇക്കഴിഞ്ഞ ദിവസം അഷ്‌നൂറിന്റെ ശരീരത്തിനെ കളിയാക്കിയിരുന്നു. താന്യ മിത്തൽ, നീലം ഗിരി, കനിക സദാനന്ദ് എന്നിവരാണ് അഷ്‌നൂറിനെ ബോഡി ഷെയിമിങ് നടത്തിയത്. 'ഹാഥി' (ആന), 'മോട്ടി' (തടിച്ചി) എന്നൊക്കെയാണ് അവർ അഷ്‌നൂറിനെ വിശേഷിപ്പിച്ചത്. പതിവായി വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയ്ക്കാൻ അഷ്‌നൂറിന് കഴിയാത്തത് എന്തുകൊണ്ടാണെന്നും അവർ പരസ്പരം ചോദിച്ചു.

ഇക്കാര്യം അഷ്‌നൂർ അറിഞ്ഞിരുന്നില്ല. 'വീക്കെൻഡ് കാ വാർ' എപ്പിസോഡിൽ അവതാരകനായ സൽമാൻ ഖാൻ പറഞ്ഞപ്പോഴാണ് അവരിത് അറിയുന്നത്.

സഹമത്സരാർഥികളുടെ കമന്റ് അഷ്‌നൂറിനെ വേദനിപ്പിച്ചു. ഏറെ വികാരഭരിതയായിട്ടാണ് അവർ സംസാരിച്ചത്. ചെറുപ്പംമുതലേ ശരീരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി താൻ ഏറെ മല്ലിട്ടിട്ടുണ്ടെന്നും അഷ്‌നൂർ തുറന്നുപറഞ്ഞു.

''ഇത് എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. കൗമാരപ്രായത്തിൽ തന്നെ എനിക്ക് ശരീരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഞാൻ ഒരിക്കലും ഇതാരോടും പങ്കുവെച്ചില്ല. തുടക്കം മുതൽ തന്നെ ഹോർമോൺ അസന്തുലിതാവസ്ഥ നേരിട്ടിരുന്നു ഞാൻ. സമ്മർദമേറെയുള്ള സാഹചര്യങ്ങളിൽ ജീവിക്കേണ്ടിവരുമ്പോൾ എന്റെ ശരീരം പെട്ടെന്ന് വീർക്കുന്നു. കുട്ടിക്കാലത്തും കൗമാരപ്രായത്തിലും തടി കുറയ്ക്കാനായി ഞാനൊരുപാട് കാര്യങ്ങൾ പരീക്ഷിച്ചു. എനിക്ക് ഈറ്റിങ് ഡിസോർഡർ ഉണ്ടായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അന്ന് ഒന്നും കഴിക്കാതെ പട്ടിണി കിടക്കുമായിരുന്നു. ബിഗ് ബോസ് ഹൗസിൽ വരുന്നതിനുമുമ്പ് 9 കിലോ ഭാരം കുറഞ്ഞിരുന്നു. പക്ഷേ ഇതിനുള്ളിലെത്തിയപ്പോഴേക്കും എന്റെ ശരീരം വീണ്ടും വീർക്കാൻ തുടങ്ങി. കാരണം ഇവിടുത്തെ സാഹചര്യം അത്രയും സമ്മർദമുണ്ടാക്കുന്നതാണ്. ചിലർക്ക് ഭാരം കുറയും, ചിലർക്ക് കൂടുകയും ചെയ്യും'', അഷ്‌നൂർ പറഞ്ഞു.

ജങ്ക് ഫുഡ് ഒന്നും കഴിക്കാതെയാണ് ഈ ഭാരം കൂടുന്നതെന്നും അവർ വെളിപ്പെടുത്തി. ''14 വയസ്സ് മുതൽ ഞാൻ ജങ്ക് ഫുഡ് ഒന്നും തൊട്ടിട്ടില്ല. അന്നുമുതൽ ഞാൻ ക്യാമറയ്ക്ക് മുന്നിലാണ്. ബിഗ് ബോസ് ഹൗസിൽ പോലും എല്ലാവരും എന്നോട് കൂടുതൽ ഭക്ഷണം കഴിക്കാൻ പറയാറുണ്ട്. പക്ഷേ എല്ലാവരുടെ ശരീരവും വ്യത്യസ്തമാണ്''.

നേരത്തെയും പെട്ടെന്ന് ഭാരം കൂടുന്നതിനെക്കുറിച്ച് അഷ്‌നൂർ സംസാരിച്ചിട്ടുണ്ട്. ''കൗമാരപ്രായത്തിൽ എല്ലാവരുടെ ശരീരത്തിലും മാറ്റങ്ങളുണ്ടാവും. പെട്ടെന്ന് തടി കുറയുകയും കൂടുകയുമൊക്കെ ചെയ്യും. ക്യാമറയിലും കണ്ണാടിയിലും നോക്കുമ്പോഴാണെങ്കിൽ, ഉള്ളതിലും കൂടുതൽ ഭാരം തോന്നിക്കും. ഒരു പത്തോ പതിനഞ്ചോ കിലോ കൂടുതൽ. ഇതെല്ലാം ഒരുപാട് സമ്മർദമുണ്ടാക്കി. കണ്ണാടിയിൽ കാണുന്നെ എന്നെ തീരെ ഇഷ്ടപ്പെടാത്തതിനാൽ, പലപ്പോഴും വെള്ളം മാത്രം കുടിച്ചു, പട്ടിണി കിടന്നു. ശരീരത്തെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നതിനാൽ സ്ലീവ്ലെസ് വസ്ത്രം ധരിക്കാതായി. കൂട്ടുകാരെ കാണാൻ പുറത്തേക്കുപോവുന്നതും നിർത്തി. ഒരിക്കലും ഇതൊന്നും ആരോടും പങ്കുവെച്ചിട്ടില്ല'', എന്നാണ് ബിഗ് ബോസിലെ മറ്റൊരു സഹമത്സരാർഥിയോട് അഷ്‌നൂർ പറഞ്ഞത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Bigg Boss contestant Ashnoor Kaur bravely shares her struggles with body shaming, hormonal imbalance, and past eating disorders