'എന്‍ഡോസ്‌കോപ്പിക്കിടയിലും മാനേജര്‍ ജോലി ചെയ്യാന്‍ പറഞ്ഞു, ഇന്ത്യയിലെ തൊഴിലന്തരീക്ഷം വിഷലിപ്തം'

പ്രതീകാത്മകചിത്രം / Shutterstock
പ്രതീകാത്മകചിത്രം / Shutterstock

ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല കമ്പനിയില്‍ നിന്ന് മെഡിക്കല്‍ അവധിയെടുത്ത 30 ജര്‍മന്‍ ജീവനക്കാരുടെ വീട്ടിലേക്ക് പ്രതിനിധികളെ അയച്ചയത് വലിയ വിവാദമായിരിക്കുകയാണ്. ആളുകള്‍ അവധിയെടുക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കല്‍ കാരണങ്ങളാലാണോ അവധിയെടുത്തതെന്ന് പരിശോധിക്കാനാണ് കമ്പനി ആളുകളെ വിട്ടത്. ജോലിസമയവും ജീവിതവും ബാലന്‍സ് ചെയ്യുന്നതിന്റെ പ്രധാന്യത്തെപ്പറ്റി ലോകം ഗൗരവമായി ചര്‍ച്ചചെയ്യുന്നതിനിടെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.

ഇതിനു പിന്നാലെ, രോഗാവധി അപേക്ഷിച്ചിട്ട് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ഒട്ടേറെപ്പേര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. 

ഇന്ത്യയിലെ മാനേജര്‍മാരെപറ്റിയും ഇവിടുത്തെ തൊഴില്‍ സംസ്‌കാരത്തെപ്പറ്റിയും നിരവധി പരാതികളാണ് ഉയരുന്നത്. റെഡ്ഡിറ്റിലെ ഒരു ഉപയോക്താവ് പറഞ്ഞതിങ്ങനെ-'അവരവരുടെ പരിധികള്‍ മറികടക്കാന്‍ ശീലിച്ചവരാണ് മാനേജര്‍മാര്‍. ജീവനക്കാരെ ശ്വാസം മുട്ടിക്കാനും.' ഇന്ത്യയിലെ ജോലിസംസ്‌കാരത്തെ കുറ്റപ്പെടുത്തിയാണ് ഒട്ടേറെപ്പേര്‍ സംസാരിച്ചത്. ഇന്ത്യയിലെ ജോലിസംസ്‌കാരം വിഷലിപ്തമാണെന്നും ടെസ്‌ല ചെയ്തത് അതിനപ്പുറത്തെ ടോക്‌സിസിറ്റിയാണെന്നും ഒരാള്‍ പറയുന്നു. 

102 ഡിഗ്രി പനിയുള്ളപ്പോള്‍ തെര്‍മോമീറ്ററില്‍ കൃത്രിമം നടത്തിയെന്നാണ് തന്റെ മാനേജര്‍ പറഞ്ഞതെന്ന് വേറൊരാള്‍ കമന്റ് ചെയ്തു. ഓഫീസിലേക്ക് പോകുംവഴി അപകടം പറ്റുകയും കാല്‍മുട്ടിന്റെ ചിരട്ട തെറ്റുകയും ചെയ്ത സമയത്ത് മാനേജരായ വനിത പറഞ്ഞത് ഹാഫ് ഡേ അവധിയെടുത്ത് ബാക്കി പകുതി ജോലിക്കെത്താനായിരുന്നു.  

ആര്‍ത്തവവേദന ശരിക്കുമുള്ളതാണോ എന്നാണ് തന്നോട് തന്റെ മാനേജര്‍ ചോദിച്ചതെന്ന് ഒരു വനിത പറഞ്ഞു. പിടിപ്പതു ജോലിയുള്ളതുകൊണ്ട് ആര്‍ത്തവാവധി മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ പറ്റുമോയെന്ന് കൂട്ടുകാരിയുടെ മാനേജര്‍ ചോദിച്ചുവെന്നും അവര്‍ പറഞ്ഞു.  

മുമ്പത്തെ കമ്പനിയില്‍ ജോലിചെയ്യുന്ന സമയത്ത് തനിക്ക് എന്‍ഡോസ്‌കോപ്പി ചെയ്യേണ്ടി വന്നപ്പോഴുള്ള അനുഭവമാണ് വേറൊരാള്‍ പറഞ്ഞത്. എങ്ങനെയാണ് എന്‍ഡോസ്‌കോപ്പി ചെയ്യുന്നത് എന്നുപോലും അറിയാതെ അതിനിടയിലും പണിയെടുക്കാനാണ് മാനേജര്‍ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു.  

'സുഹൃത്തിന് അസുഖമുണ്ടോ എന്ന് പരിശോധിക്കാന്‍ മാനേജര്‍ ടീം അംഗങ്ങള്‍ക്കൊപ്പം വീട്ടിലെത്തിയിരുന്നു, കൂടെ വരാന്‍ മാനേജര്‍ സമ്മര്‍ദം ചെലുത്തിയതിനാല്‍ ടീം ലീഡര്‍ നിസ്സഹായനായി. സുഹൃത്ത് പിന്നീട് എച്ച്.ആറിനോട് പരാതിപ്പെടുകയായിരുന്നു'-മറ്റൊരനുഭവം.
 

Content Highlights: asked to work during endoscopy, how indian managers react to sick leaves