'അനുഷ്‌ക എന്തിന് ഹോമിയോപ്പതിയെ പ്രൊമോട്ട് ചെയ്യുന്നു?' ചേരിതിരിഞ്ഞ് സോഷ്യൽമീഡിയ

ഇക്കഴിഞ്ഞ ദിവസമാണ് അനുഷ്‌ക ശർമ ഹോമിയോപ്പതിയെ അനുകൂലിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിട്ടത്. പിന്നാലെ ഹോമിയോപ്പതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്റർനെറ്റ് രണ്ടുചേരിയായി തിരിഞ്ഞു.
ഒരു ഹോമിയോപ്പതി ഡോക്ടറുടെ വീഡിയോ പങ്കുവെച്ച് ഹോമിയോപ്പതിക്ക് പിന്തുണ അറിയിക്കുകയാണ് അനുഷ്‌ക ചെയ്തത്. ഡോ. രാജൻ ശങ്കരനും നമിത ഥാപ്പറും തമ്മിലുള്ള സംഭാഷണത്തിന്റെ ഒരു ചെറു വീഡിയോക്ലിപ്പ് പങ്കുവെച്ചുകൊണ്ട് അനുഷ്‌ക ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ കുറിച്ചു, ''എന്റെ ജീവിതത്തിൽ ഹോമിയോപ്പതി ഒരു പ്രധാനപങ്ക് വഹിച്ചു. ആ യാത്രയിൽ ഡോ.രാജൻ ശങ്കരൻ ഒരു പ്രധാന പങ്കുവഹിച്ചു. ആരോഗ്യത്തെയും മൈൻഡ്ഫുൾ ലിവിങ്ങിനെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകളെ ഞാൻ വളരെയധികം വിലമതിക്കുന്നു''.
ഇതിനുപിന്നാലെ പലതരം പ്രതികരണങ്ങളുമായി ഉപയോക്താക്കൾ രംഗത്തെത്തി. ചിലർ നടിയെ വിമർശിക്കുകയും മറ്റുള്ളവർ അവരുടെ അഭിപ്രായങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു.
''വിരാട് കോഹ്ലിയുടെ ഭാര്യ അനുഷ്‌ക ശർമ്മ ഇന്ത്യക്കാർക്ക് ഹോമിയോപ്പതി ശുപാർശ ചെയ്യുന്നു. തട്ടിപ്പ് ബാബമാർ (Fraud Babas) മാത്രം പോരാ. അവരിപ്പോൾ അശാസ്ത്രീയമായ മരുന്ന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അവർക്ക് ആവശ്യത്തിന് പണം നൽകൂ, ഒരു ദിവസം അവർ ആളുകളോട്, 'നിങ്ങളുടെ എല്ലാ രോഗങ്ങളും ഭേദമാകാൻ പ്രേമാനന്ദ് മഹാരാജിനെ സന്ദർശിച്ചാൽ മതി' എന്ന് പറഞ്ഞേക്കാം'', ''60 ദശലക്ഷത്തിലേറെ ആളുകളാണ് നിങ്ങളെ ഫോളോ ചെയ്യുന്നത്. എന്നിട്ടും നിങ്ങൾ സ്‌റ്റോറിയിൽ ഹോമിയോപ്പതിയെ പ്രൊമോട്ട് ചെയ്യുകയാണോ?'', ''അനുഷ്‌കയ്ക്ക് എന്തുപറ്റി''? എന്ന് അവരുടെ നിലപാടിനെ വിമർശിച്ചുകൊണ്ട് ചില ഉപയോക്താക്കളെഴുതി. ആ വിമർശനങ്ങൾക്കെതിരെയും ആളുകൾ രംഗത്തെത്തി. ''ഹോമിയോപ്പതി അശാസ്ത്രീയമാണോ? സഹോദരാ, നിങ്ങൾക്ക് മാനസികാരോഗ്യകേന്ദ്രത്തിൽ പോവണോ? അലോപ്പതിക്ക് പോലും ചികിത്സിക്കാൻ കഴിയാത്ത സമയങ്ങളിൽ ഹോമിയോപ്പതി ചികിത്സ നൽകുന്നു'', ''എല്ലാവരും ഈ ഡോക്ടറെയോ ബാബയെയോ സന്ദർശിക്കണമെന്നല്ല അനുഷ്‌ക പോസ്റ്റ് ചെയ്തത്. ഫ്രീ വിൽ (ഇഷ്ടംപോലെ പ്രവർത്തിക്കാനുള്ള അവകാശം) എന്നൊന്നുണ്ട്'', അനുകൂലിച്ചുള്ള പോസ്റ്റുകളും നിറയുന്നു.
അറിയപ്പെടുന്ന ഹോമിയോപ്പതി ഡോക്ടറാണ് ഡോ.രാജൻ ശങ്കരൻ. ബോംബെ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽനിന്ന് ഗോൾഡ് മെഡൽ നേടിയാണ് അദ്ദേഹം പാസായത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Anushka Sharma shared an Instagram story endorsing homeopathy and Dr. Rajan Sankaran. The post triggered a polarized reaction among social media users regarding scientific validity