ആ ഹൂക്ക് സ്റ്റെപ്പ് വിക്കി കൗശൽ പഠിച്ചത് ഒരുദിവസം കൊണ്ട്; 70-കാരനായ അനുപം ഖേർ മൂന്നുമിനിറ്റിലും

വിക്കി കൗശൽ, അനുപം ഖേർ / AFP, PTI
വിക്കി കൗശൽ, അനുപം ഖേർ / AFP, PTI

2024-ൽ പുറത്തിറങ്ങിയ 'ബാഡ് ന്യൂസ്' എന്ന സിനിമയിൽ വിക്കി കൗശലും തൃപ്തി ദിമ്രിയുമാണ് പ്രധാനതാരങ്ങളായത്. സിനിമ അത്ര വിജയിച്ചില്ലെങ്കിലും, പാട്ടുകളും നൃത്തരംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകിച്ച് 'തോബ തോബ' എന്ന പാട്ടും അതിൽ വിക്കിയുടെ ഹൂക്ക് സ്റ്റെപ്പും. അതേ ഹൂക്ക് സ്റ്റെപ്പ് ചെയ്യുന്ന തന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് നടൻ അനുപം ഖേർ. ആ വീഡിയോയ്ക്കുതാഴെ കമന്റുമായി വിക്കി എത്തിയതോടെ സംഭവം വൈറലായി.

ഒരു ജിമ്മിൽനിന്നുള്ള വീഡിയോയാണ് അനുപം ഖേർ പങ്കുവെച്ചത്. അദ്ദേഹത്തെ സ്റ്റെപ്പുകൾ പഠിപ്പിക്കുന്നത് ബോളിവുഡിലെ പ്രശസ്ത കൊറിയോഗ്രഫി ജോഡിയായ ബോസ്‌കോ-സീസറിലെ സീസറാണ്. ആദ്യം സീസർ സ്റ്റെപ്പുകളിടുന്നതും അത് അനുപം അനുകരിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. പിന്നീട് അദ്ദേഹം ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുന്നതും.

ഹൂക്ക് സ്റ്റെപ്പ് പഠിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് അനുപം ഖേർ കുറിച്ചതിങ്ങനെ, ''ഒരു നടൻ എന്ന നിലയിൽ ഞാൻ മിക്കവാറും എല്ലാം പരീക്ഷിച്ചു. 68-ാം വയസ്സിൽ നീന്തൽ പോലും പഠിച്ചു. ഇപ്പോഴും അക്കാര്യങ്ങളിൽ പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷേ എനിക്ക് നൃത്തം ചെയ്യാൻ കഴിയാത്തതിനാൽ ഞാൻ മനഃപൂർവ്വം അതിൽനിന്ന് വിട്ടുനിൽക്കുകയാണ്. എന്നാൽ കഴിഞ്ഞ മാസം, ഞാൻ നൃത്തം പഠിക്കാൻ തീരുമാനിച്ചു.

കഴിഞ്ഞ ആഴ്ച ഞാൻ ആദ്യത്തെ പഠനം പൂർത്തിയാക്കുകയും ചെയ്തു. അതിനിടയിലാണ് ജിമ്മിൽവെച്ച് സീസറിനെ കണ്ടുമുട്ടുന്നത്. അദ്ദേഹത്തോട് എന്റെ സ്വപ്നത്തെക്കുറിച്ച് ഞാൻ പറഞ്ഞു. അതുകേട്ടപ്പോൾ അദ്ദേഹം ആദ്യം ചിരിച്ചു. പിന്നെ വെറും മൂന്നുമിനിറ്റെടുത്ത് പ്രയാസമുള്ള ആ ഹൂക്ക് സ്റ്റെപ്പ് എന്നെ പഠിപ്പിച്ചു. എന്റെ ആദ്യത്തെ ഡാൻസ് വീഡിയോ പങ്കുവെക്കുന്നു''.

ഇതിനൊപ്പം 'വിക്കി കൗശൽ എന്തുപറയുന്നുവെന്ന് നോക്കാം. ചിരിക്കരുത്' എന്നുകൂടി അദ്ദേഹം കുറിച്ചു. പിന്നാലെ വീഡിയോയ്ക്ക് കമന്റുമായി വിക്കി എത്തി. 'absolutely killed it Sir'. ആരാധകരും കമന്റുകളിട്ടു. 'നിങ്ങളൊരു അസാധ്യനർത്തകനാണ്, എളുപ്പത്തിൽ പഠിച്ചു, പ്രായം വെറും നമ്പറാണെന്ന് നിങ്ങൾ തെളിയിച്ചു, ക്യൂട്ട്...' കമന്റുകൾ നീളുന്നു. വിക്കി കൗശൽ ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി ഇതു പങ്കുവെക്കുകയും ചെയ്തു. ''ഞാനൊരു ദിവസം കൊണ്ടാണ് ഇത് പഠിച്ചത്. നിങ്ങൾ വെറും 10 സെക്കന്റ് കൊണ്ട് വിജയിച്ചു. തികച്ചും അദ്ഭുതകരം''.

'തോബ തോബ'യ്ക്ക് വരികളെഴുതിയതും പാടിയതും കരൺ ഓജ്‌ലയാണ്. 2024-ലെ ഏറ്റവും ജനപ്രിയ പാട്ടുകളിലൊന്നാണത്. ബിൽബോർഡ് ഇന്ത്യ, യുകെ-ഏഷ്യൻ ചാർട്ടുകളിലും പാട്ട് ഒന്നാം സ്ഥാനത്തെത്തി. ബിൽബോർഡ് കനേഡിയൻ ഹോട്ട് 100 ലിസ്റ്റിൽ 25-ാം സ്ഥാനത്തെത്താനും കഴിഞ്ഞു. ആ പാട്ടിനായി കൊറിയോഗ്രഫി ചെയ്തതും ബോസ്‌കോ-സീസർ തന്നെ. ആ പാട്ട് റിലീസായതോടെ ലക്ഷക്കണക്കിന് റീലുകളാണ് ഇൻസ്റ്റഗ്രാമിൽ നിറഞ്ഞത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Veteran actor Anupam Kher impresses with his quick grasp of Vicky Kaushal`s `Thobbe Thobbe` hook step, learning it in just three minutes after Vicky mastered it in a day