ഇന്റർനെറ്റിനെ പിടിച്ചുലച്ച അന്റാർട്ടിക്കയിലെ ആ 'ഒറ്റയാൻ' പെൻഗ്വിൻ ശെരിക്കും എവിടെയാണ്?

ചിത്രം: Freepik
ചിത്രം: Freepik

മഞ്ഞുപുതച്ച അന്റാർട്ടിക്കയുടെ മധ്യത്തിലൂടെ, കൂറ്റൻ പർവതങ്ങളെ ലക്ഷ്യമാക്കി ഒറ്റയ്ക്ക് നടന്നുനീങ്ങുന്ന ഒരു പെൻഗ്വിൻ ഇപ്പോൾ ഇന്റർനെറ്റിലെ പുതിയ താരമാണ്. കോടിക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോ പതറാത്ത മനക്കരുത്തിന്റെ പ്രതീകമായി മാറിക്കഴിഞ്ഞു.

ജീവിതത്തിൽ തളച്ചിടപ്പെട്ട മനുഷ്യരേക്കാൾ ധൈര്യം ഈ പെൻഗ്വിനുണ്ടെന്നും, അത് തിരഞ്ഞെടുത്തത് 'ആരും നടക്കാത്ത വഴികളാണെന്നും' സോഷ്യൽ മീഡിയ പാടി പുകഴ്ത്തുന്നു. ഈ വിഡിയോയെ ചുറ്റിപ്പറ്റി നിരവധി മീമുകളും പുറത്തിറങ്ങി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോലും ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന തന്റെ ഭീഷണി ആവർത്തിക്കാൻ ഈ പെൻഗ്വിന്റെ എഐ ചിത്രം പങ്കുവെച്ചു.

ചാറ്റ്ജിപിടിയും ഈ ചർച്ചയിൽ പങ്കുചേർന്നു. 'ചാറ്റ്ജിപിടി ട്രിക്സ്' എന്ന ഔദ്യോഗിക ഹാൻഡിലിൽ ബോട്ട് കുറിച്ചത് ഇങ്ങനെയാണ്: "ആളുകൾ ഇത് പങ്കുവെക്കുന്നത് അതൊരു വിചിത്രമായ കാഴ്ചയായതുകൊണ്ടല്ല. പലരും ഉള്ളിൽ ചിന്തിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആ ദൃശ്യങ്ങൾ ഉറക്കെ പറയുന്നതുകൊണ്ടാണ്. വിശദീകരണങ്ങൾ നിശബ്ദതയേക്കാൾ ഭാരമുള്ളതായി തോന്നുമ്പോഴാണ് ആളുകൾ ആ പെൻഗ്വിനോട് താദാത്മ്യം പ്രാപിക്കുന്നത്."

ഈ വീഡിയോയുടെ സത്യാവസ്ഥ തിരഞ്ഞുചെന്നപ്പോഴാണ് പലരും ആ സത്യം മനസ്സിലാക്കിയത്. ഇതൊരു പുതിയ വീഡിയോ അല്ല. പ്രശസ്ത ജർമ്മൻ സംവിധായകൻ വെർണർ ഹെർസോഗ് 2007-ൽ പുറത്തിറക്കിയ 'എൻകൗണ്ടേഴ്സ് അറ്റ് ദ എൻഡ് ഓഫ് ദ വേൾഡ്' എന്ന ഡോക്യുമെന്ററിയിലേതാണ് ഈ ദൃശ്യങ്ങൾ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @reels.olizzzz

ഭക്ഷണം തേടി കടലിലേക്ക് പോകുന്നതിന് പകരം, ഈ അഡെലി പെൻഗ്വിൻ തന്റെ കോളനിയിൽ നിന്ന് മാറി മഞ്ഞുപർവതങ്ങളിലേക്ക് നടന്നു.

സാധാരണയായി കൂട്ടം ചേർന്ന് ജീവിക്കുന്ന പെൻഗ്വിനുകളിൽ നിന്ന് വ്യത്യസ്തമായ ഈ പ്രവൃത്തിയെ 'മരണയാത്ര' എന്നാണ് സംവിധായകൻ വിശേഷിപ്പിച്ചത്. കാരണം, വിജനമായ മഞ്ഞുഭൂമിയിൽ ആ പെൻഗ്വിൻ അതിജീവിക്കാൻ യാതൊരു സാധ്യതയുമില്ലായിരുന്നു.

ഏകദേശം 70 കിലോമീറ്ററോളം ഒറ്റയ്ക്ക് നടന്ന പെൻഗ്വിൻ താമസിയാതെ ചത്തുപോയതായി വിദഗ്ധർ സ്ഥിരീകരിച്ചു. തന്റെ പങ്കാളി നഷ്ടപ്പെട്ടതിലുള്ള വിഷാദമാണ് ഇതിന് കാരണമെന്ന് സോഷ്യൽ മീഡിയ കരുതുന്നു.

ജനുവരിയിലാണ് ഈ മീമുകൾ വ്യാപകമായത്. ജീവിതത്തിൽ തളർന്നുപോയവരും വൈകാരികമായി തകർന്നവരും ഈ പെൻഗ്വിന്റെ ഏകാന്തയാത്രയിൽ തങ്ങളെത്തന്നെ കാണുന്നു. "ഞാനൊരു പക്ഷിയാണ്, പക്ഷെ എനിക്ക് പറക്കാനാവില്ല. അതുകൊണ്ട് ആകാശത്തെ തൊടാൻ ഞാൻ മലനിരകളിലേക്ക് നടക്കുന്നു." "ബാക്കിയുള്ളവർ ജീവിച്ചു, അവൻ അതിജീവിച്ചു" എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ. 'ബീ ദ പെൻഗ്വിൻ' എന്ന ഹാഷ്‌ടാഗോടെയാണ് പലരും ഇത് പങ്കുവെക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover the true story behind the viral `lone penguin` video from Antarctica. Was it a symbol of resilience or a tragic journey? Find out the facts.