'ട്രാൻസ്‌ജെൻഡർ വ്യക്തി, ഒസെംപിക് ഉപയോഗിച്ചു...'ആളുകൾ ട്രോൾ ചെയ്തതിനെക്കുറിച്ച് അനന്ദിത

നടി ഖുഷ്ബു സുന്ദറിനും സംവിധായകൻ സുന്ദർ സി.ക്കും രണ്ടുമക്കളാണ്, അവന്തികയും അനന്ദിതയും. രണ്ടാമത്തെ മകളായ അനന്ദിതയ്ക്ക് സിനിമയോടാണ് താത്പര്യം.
സിനിമയിലേക്ക് വരുന്നതിനു മുമ്പ്, അനന്ദിത, അൻമോൾ എന്ന പേരിൽ സ്വന്തമായി ഒരു ബ്യൂട്ടി പോർട്ടൽ ആരംഭിച്ചിരുന്നു. ആ ബ്രാൻഡ് വിജയകരമാവുകയും ചെയ്തു. അതുകഴിഞ്ഞാണ് സിനിമയിലേക്ക് അനന്ദിത വരുന്നത്. അഭിനയത്തേക്കാൾ ക്യാമറയ്ക്കുപിന്നിലെ കാര്യങ്ങളോടാണ് അവർക്ക് താത്പര്യം. മണിരത്‌നം സംവിധാനം ചെയ്ത 'തഗ്ഗ്‌ലൈഫ്' എന്ന സിനിമയിൽ സഹസംവിധായികയായിട്ടാണ് അരങ്ങേറ്റം കുറിച്ചത്. 'ഡബിൾ ഒക്ക്യുപെൻസി' എന്ന സിനിമയിൽ ക്രിയേറ്റീവ് പ്രൊഡ്യൂസറായി. റിലീസാവാനിരിക്കുന്ന 'മീശയൈ മുറുക്ക് 2' എന്ന സിനിമയുടെ നിർമാതാവും അവർ തന്നെ.
ഈയടുത്ത് അവന്തികയുടെ വിവാഹക്ഷണക്കത്തുമായി ഖുഷ്ബുവും കുടുംബവും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യെയും സന്ദർശിച്ചിരുന്നു. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. ഇതിലെ അനന്ദിതയെ കണ്ടതോടെ, അവരുടെ ബോഡി ട്രാൻസ്‌ഫോർമേഷനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽമീഡിയയിൽ തുടങ്ങി. തടിയുണ്ടായിരുന്ന അനന്ദിത എങ്ങനെ ഇത്രത്തോളം മാറിയെന്നും അവർ ചോദിക്കുന്നു. ശരീരഭാരം കുറയ്ക്കാനുള്ള ഒസെംപിക് ആണോ അനന്ദിത ഉപയോഗിച്ചതെന്നും ആളുകൾ സംശയം പ്രകടിപ്പിക്കുന്നു.
എന്നാൽ താൻ ഏഴുവർഷത്തോളമെടുത്താണ് ഇങ്ങനെ മാറിയതെന്ന് വ്യക്തമാക്കുകയാണ് അനന്ദിത. താനും ചേച്ചി അവന്തികയും എപ്പോഴും തടിച്ച കുട്ടികളായിരുന്നുവെന്നും അമിതവണ്ണവുമായി മല്ലിട്ടിരുന്നുവെന്നും അവർ വെളിപ്പെടുത്തുന്നു. സൗന്ദര്യം എന്നതിനേക്കാൾ, ആരോഗ്യപരമായ ആശങ്കകളാണ് തടി കുറയ്ക്കാനുള്ള തീരുമാനത്തിലെത്തിച്ചതെന്നും അവർ പറയുന്നു. ചെറുപ്പത്തിൽ വളരെയധികം കളിയാക്കലുകൾ നേരിടേണ്ടിവന്നുവെന്നും അനന്ദിത.
''വലിയ ശരീരമായിരുന്നതിനാൽ ഏറെ നാണക്കേട് തോന്നിയിരുന്നു അന്നൊക്കെ. അമ്മയെയും എന്നെയും താരതമ്യം ചെയ്തതാണ് എന്നെ വേദനിപ്പിച്ചത്. അമ്മ വളരെ സുന്ദരിയാണ്. എന്നാൽ ഞാൻ ഒട്ടും ആകർഷകയല്ലെന്നുള്ള കമന്റുകൾ വല്ലാതെ വേദനിപ്പിച്ചു. തടി പിന്നെയും കൂടിയപ്പോൾ 'ഗുണ്ടു' എന്ന് ആളുകൾ വിളിച്ചു. കഷ്ടപ്പെട്ട് തടികുറച്ചപ്പോൾ പ്ലാസ്റ്റിക് സർജറിക്ക് വിധേയയായെന്നാണ് അവർ പറയുന്നത്. 16-ാം വയസ്സിലാണ് പ്ലാസ്റ്റിക് സർജറി ചെയ്‌തെന്ന ആരോപണം ആദ്യം കേട്ടത്. ആ പ്രായത്തിലൊക്കെ ആരാണ് പ്ലാസ്റ്റിക് സർജറി ചെയ്യുന്നത്? മാത്രമല്ല മക്കളെ അങ്ങനെ അപകടത്തിലേക്ക് തള്ളിവിടുന്ന മാതാപിതാക്കളല്ല എന്റേത്''.
2018-ലാണ് ഈ ഫിറ്റ്‌നെസ് യാത്ര തുടങ്ങിയത്. ''അതൊരിക്കലും പെട്ടെന്നായിരുന്നില്ല. 2018-ലോ 2019-ലോ ആണ് ഞാൻ ശരീരഭാരം കുറയ്ക്കാൻ തുടങ്ങിയത്. ഇവിടെത്താൻ ഏഴ് വർഷമെടുത്തു. കോവിഡ് ഉണ്ടായിരുന്നല്ലോ. അതിനാൽ ഞങ്ങൾ ശരീരഭാരം കുറയ്ക്കുന്നത് ആരും കണ്ടില്ല. കോവിഡ് സമയത്തായിരുന്നു ഏറ്റവും കൂടുതൽ ഭാരംകുറച്ചത്''.
ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെ തന്നെ 'ട്രാൻസ്‌പേഴ്‌സൺ' (transperson) എന്നാണ് വിളിച്ചതെന്നും അനന്ദിത പറഞ്ഞു. ''നോക്കൂ, ട്രാൻസ്ജെൻഡർ ആളുകൾ വളരെയേറെ സൗന്ദര്യമുള്ളവരാണെന്ന് ഞാൻ കരുതുന്നു. എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയയുള്ള കുറേ ട്രാൻസ്ജെൻഡർ ആളുകളെ എനിക്കറിയാം. എന്നാൽ ഞാൻ ഇൻസ്റ്റാഗ്രാം തുറക്കുമ്പോൾ, ആളുകൾ എന്നെ 'ട്രാൻസ്‌ജെൻഡർ' എന്നുവിളിക്കുന്നത് എന്നെ വേദനിപ്പിച്ചു. ട്രാൻസ് ആകുന്നതോ ട്രാൻസ് വ്യക്തിയെപ്പോലെ തോന്നിക്കുന്നതോ ഒരു അപമാനമായി ഞാൻ കരുതുന്നില്ല. പക്ഷേ, ഞാൻ ഒരു സ്ത്രീയാണ്''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Anandita Sundar clarifies her weight loss took 7 years, starting in 2018. Refutes allegations of using Ozempic or undergoing plastic surgery. Discusses the impact of body shaming and childhood bullying.