‘സിനിമാഷൂട്ടിങ്ങിനിടെ ഗുരുതര പരിക്ക്, ഒരുമാസം കിടപ്പിലായി. അമ്മ, നർത്തകി എന്നീ നിലകളിൽ ഈ ഘട്ടത്തിലൂടെ കടന്നുപോകുന്നത് എളുപ്പമല്ല’; പത്മപ്രിയ

പത്മപ്രിയ/Instagram
പത്മപ്രിയ/Instagram

2004-ൽ ബ്ലെസി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'കാഴ്ച'യിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടിയാണ് പത്മപ്രിയ. പതിവ് നായികാസങ്കൽപ്പങ്ങളിൽ ഒതുങ്ങിനിൽക്കാതെ അഭിനയപ്രാധാന്യമുള്ളതും കരുത്തുറ്റതുമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ താരം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. 'കറുത്തപക്ഷികൾ', 'നാലു പെണ്ണുങ്ങൾ', 'പഴശ്ശിരാജ', 'കുട്ടിസ്രാങ്ക്', 'ഇയോബിന്റെ പുസ്തകം', 'ഒരു തെക്കൻ തല്ല് കേസ്' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ അഭിനയമികവിന് ഉദാഹരണങ്ങളാണ്. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമൊക്കെ നേടിയ താരത്തിന് 'പഴശ്ശിരാജ'യിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക പരാമർശവും ലഭിക്കുകയുണ്ടായി. ഒരു ഇടവേളയ്ക്കുശേഷം സിനിമയിൽ സജീവമായ താരം 'ഡിയർ മാ'യിലൂടെയാണ് ഒടുവിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

ഇപ്പോഴിതാ മലയാള സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തെത്തുടർന്ന് ഒരുമാസത്തോളം കിടപ്പിലാകേണ്ടിവന്നതിനെപ്പറ്റി തുറന്നുപറയുകയാണ് നടി. ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ കാലിടറി വീണതോടെയാണ് കാലിലെ പ്രധാന ലിഗമെന്റുകളിലൊന്നായ ആന്റീരിയർ ക്രൂഷ്യേറ്റ് ലിഗമെന്റിന് (ACL) പൂർണമായി പരിക്കേറ്റത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം പരിക്കിനെക്കുറിച്ചും തുടർന്നുണ്ടായ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നുപറഞ്ഞത്. ഈ കാലയളവിൽ സമൂഹമാധ്യമങ്ങളിൽനിന്ന് വിട്ടുനിന്നതിന്റെ കാരണവും താരം വ്യക്തമാക്കി.

“മലയാള സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ചാടുന്ന ഒരു രംഗം ചെയ്യുന്നതിനിടെ കാലിടറി വീണു. കാലിലെ ലിഗമെന്റിന് പരിക്കേറ്റു. പൂർണമായ ACL ടിയറാണ് സംഭവിച്ചത്. ഇത് അത്ര എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന ഒന്നല്ല. എന്നാൽ, 17-ഉം 18-ഉം വയസ്സുള്ള ഫുട്‌ബോൾ താരങ്ങൾക്ക് 21 വയസ്സാകുന്നതിനുമുമ്പ് മൂന്നോ നാലോ തവണ ഇത്തരത്തിൽ പരിക്കേൽക്കാറുണ്ടെന്ന് സർജൻ പറഞ്ഞു. അതുകൊണ്ട് എനിക്കിത് അത്ര വലിയൊരു വെല്ലുവിളിയായിരിക്കില്ലെന്ന് കരുതുന്നു. ഇതൊരു എളുപ്പമുള്ള യാത്രയല്ല. ഇടവേളയ്ക്കുശേഷം സിനിമയിൽ വീണ്ടും അഭിനയിച്ചുതുടങ്ങിയതേയുള്ളൂ. അതിനുപുറമേ ഇപ്പോൾ ഒരു കുഞ്ഞിന്റെ അമ്മയുമാണ്. ജീവിതത്തിൽ പല കാര്യങ്ങളും ഒരേസമയം സംഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒരുമാസത്തോളം കിടപ്പിലാകേണ്ടിവരുന്നത് ഒട്ടും നല്ല അനുഭവമല്ല. പുസ്തകങ്ങൾ വായിച്ചും മറ്റു ചില കാര്യങ്ങളിൽ ഏർപ്പെട്ടുമൊക്കെ സമയം ചെലവഴിച്ചെങ്കിലും ഈ ഘട്ടത്തിലൂടെ കടന്നുപോകുന്നത് എളുപ്പമായിരുന്നില്ല”, താരം പറഞ്ഞു.

പരിക്കിനെത്തുടർന്ന് കുറച്ചുകാലമായി സമൂഹമാധ്യമങ്ങളിൽ സജീവമല്ലാതിരുന്നതിനെക്കുറിച്ചും പത്മപ്രിയ വിശദീകരിച്ചു. “സുഖം പ്രാപിക്കാൻ സമയം ആവശ്യമായിരുന്നതിനാലാണ് സമൂഹമാധ്യമങ്ങളിൽനിന്നും വിട്ടുനിന്നത്. ശരീരത്തിലും ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഈ അനുഭവങ്ങളെല്ലാം നിങ്ങളുമായി പങ്കുവെക്കേണ്ടത് പ്രധാനമാണെന്ന് അപ്പോഴാണ് തോന്നിയത്. ഒരു നർത്തകി, കായികതാരം, അമ്മ എന്നീ നിലകളിൽ എനിക്ക് ഒരുപാട് സംശയങ്ങളും ചോദ്യങ്ങളുമുണ്ടായിരുന്നു. ഫിറ്റ്‌നസ് നിലനിർത്താൻ എന്തുചെയ്യണം, ഏതുതരം ഭക്ഷണം കഴിക്കണം എന്നൊക്കെ ആലോചിച്ചു. അതുകൊണ്ടാണ് ഈ യാത്ര നിങ്ങളുമായി പങ്കുവെക്കാമെന്ന് തീരുമാനിച്ചത്. വരും ദിവസങ്ങളിൽ ഈ ഘട്ടത്തെ എങ്ങനെ നേരിടുന്നുവെന്നും വെല്ലുവിളികളെ അതിജീവിക്കുന്നതെങ്ങനെയെന്നും നിങ്ങളോട് പറയാം”, പത്മപ്രിയ കൂട്ടിച്ചേർത്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi