നടി പ്രതിയായ ലഹരിക്കേസ്; തെറ്റായി പ്രചരിക്കുന്നത് ഗൃഹലക്ഷ്മി ഫേസ് ഓഫ് കേരള വിജയിയുടെ ചിത്രം

അഞ്ജു കൃഷ്ണ അശോക്, അറസ്റ്റിലായ അഞ്ജു കൃഷ്ണ / ഗൃഹലക്ഷ്മി ആർക്കൈവ്‌സ്, Instagram
അഞ്ജു കൃഷ്ണ അശോക്, അറസ്റ്റിലായ അഞ്ജു കൃഷ്ണ / ഗൃഹലക്ഷ്മി ആർക്കൈവ്‌സ്, Instagram

ചെന്നൈയിൽ ലഹരിമരുന്ന് വേട്ടയിൽ മലയാളിയായ യുവനടി അഞ്ജു കൃഷ്ണ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിലായിരുന്നു. എൽഎസ്ഡി സ്റ്റാമ്പുകൾ, കഞ്ചാവ് തുടങ്ങിയ ഉൾപ്പെടെയാണ് സംഘം പിടിയിലായത്. എന്നാൽ ആ അറസ്റ്റോടെ പുലിവാൽ പിടിച്ചത് അഞ്ജു കൃഷ്ണ അശോക് എന്ന മലയാളിനടിയാണ്.

അറസ്റ്റിലായ നടി അഞ്ജു കൃഷ്ണ എന്ന പേരിൽ പല മാധ്യമങ്ങളും തെറ്റായി കൊടുത്തിരിക്കുന്നത് അഞ്ജു കൃഷ്ണ അശോകിന്റെ ചിത്രമാണ്. ഇംഗ്ലീഷ്-ഹിന്ദി-തെലുഗു മാധ്യമങ്ങളടക്കം ഈ താരത്തിന്റെ ചിത്രമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതോടെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പ്രൈവറ്റാക്കിയിരിക്കുകയാണ് താരം.

ഇതാദ്യമായല്ല അഞ്ജു കൃഷ്ണ അശോകിന് ഇതുപോലുള്ള സാഹചര്യം നേരിടേണ്ടിവരുന്നത്. 2023-ൽ തൃക്കാക്കരയിൽ വെച്ച് ലഹരിക്കടത്തുകേസിൽ തിയേറ്റർ നടിയായ അഞ്ജു കൃഷ്ണ അറസ്റ്റിലായിരുന്നു. അന്നും അഞ്ജു കൃഷ്ണയുടെ ചിത്രമാണ് വാർത്തയ്‌ക്കൊപ്പം വ്യാപകമായി ഉപയോഗിച്ചത്. ഒടുവിൽ അത് താനല്ലെന്ന് പറഞ്ഞ് വരേണ്ടിവന്നു താരത്തിന്. ഇൻസ്റ്റഗ്രാമിലൂടെയാണ് അവരത് തുറന്നുപറഞ്ഞത്, ''ഇന്നൊരു കേസിൽ അറസ്റ്റിലായ അഞ്ജു കൃഷ്ണ ഞാനല്ല. പല മാധ്യമങ്ങളും അവർക്കുപകരം എന്നെയാണ് ടാഗ് ചെയ്യുന്നത്. ഇതൊരിക്കലും എനിക്കോ കുടുംബത്തിനോ നിസ്സാരകാര്യമല്ല'', എന്നാണ് അവർ പറഞ്ഞത്.

2019-ൽ ഗൃഹലക്ഷ്മി ഫേസ് ഓഫ് കേരള മത്സരവിജയിയായിരുന്നു അഞ്ജു കൃഷ്ണ അശോക്. അതിനുശേഷം മോഡലിങ്ങിലും മറ്റും സജീവമായി. അതിനൊപ്പം സുമേഷ് & രമേഷ്, കായ്‌പോള, ഈ ബന്ധം സൂപ്പറാ, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.

മലയാളത്തിൽ ജോജു ജോർജ് നായകനായ 'ആരോ' എന്ന സിനിമയിൽ അഭിനയിച്ച നടിയാണിപ്പോൾ അറസ്റ്റിലായിരിക്കുന്നത്. തമിഴ് ചിത്രമായ 'വെള്ളിമലൈ'യിലും ഏതാനും പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Young Malayalam actress Anju Krishna Ashok clarifies she`s not the Anju Krishna arrested in a Chennai drug case. See how media confusion impacted her career