നിസ്സാരകാര്യത്തിന് പിണങ്ങി; ആമിറും ജൂഹിയും ഏഴുവർഷത്തോളം മിണ്ടാതിരുന്നു

ആമിർ ഖാനും ജൂഹി ചൗളയും / IMDb
ആമിർ ഖാനും ജൂഹി ചൗളയും / IMDb

ജൂഹി ചൗളയുടെയും ആമിർ ഖാന്റെയും അഭിനയജീവിതത്തിലെ വഴിത്തിരിവായ സിനിമയാണ് 'ഖയാമത്ത് സെ ഖയാമത്ത് തക്'. അതിനുമുമ്പ് സഹസംവിധായകനായും ബാലതാരമായും സിനിമയിലെത്തിയ ആമിർ, ആദ്യമായി നായകനാവുന്നത് 'ഖയാമത്ത് സെ ഖയാമത്ത് തക്'-ലാണ്. ജൂഹിയാണെങ്കിൽ തമിഴ്, കന്നഡ സിനിമകളിൽ അഭിനയിച്ചെങ്കിലും അതും കാര്യമായി വിജയിച്ചില്ല.

എന്നാൽ ഇരുവരും നായികാനായകൻമാരായ ഈ സിനിമ വിജയിക്കുകയും ചെയ്തു. പാപാ കെഹ്‌തെ ഹെ, ഏ മേരെ ഹംസഫർ, അകേലേ ഹെ തോ ക്യാ ഗം ഹെ, ഗസബ് കാ ഹെ ദിൻ എന്നീ പാട്ടുകളും ഏറെ ഹിറ്റായി. എന്നാൽ, സിനിമയിലെ നായികാനായകൻമാർ തമ്മിലുള്ള സൗഹൃദം അത്ര സുഖകരമായിരുന്നില്ല. അതുകഴിഞ്ഞ് 'ഇഷ്‌ക്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ അവർ തമ്മിൽ പിണങ്ങി, ഏഴുവർഷത്തോളം അവർ മിണ്ടാതിരിക്കുകയും ചെയ്തു. ''വളരെ ചെറിയ കാര്യമായിരുന്നു. പക്ഷേ ഏഴുവർഷത്തോളം മിണ്ടാതിരുന്നു. അതിനിടയിലും ഒരുമിച്ച് പ്രവർത്തിച്ചു. പക്ഷേ ഞാൻ ഒന്നും മിണ്ടിയതേയില്ല'', ആമിർ പിന്നീട് ഓർത്തെടുത്തു.

ആമിറിന്റെ ആദ്യഭാര്യയായ റീന അവർ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ ഒരുപാട് ശ്രമിച്ചു. ''ജൂഹിയും മിണ്ടാൻ വന്നു. 2002-ലാണ് എല്ലാം ശരിയാവുന്നത്''. ആമിറും റീനയും വിവാഹമോചിതരായ സമയം. ജൂഹി തന്റെ സുഹൃത്തായ ആമിറിനെ സാന്ത്വനിപ്പിക്കാനെത്തി. ''ഞാൻ ഫോണെടുക്കില്ലെന്ന് തോന്നിയിട്ടും ജൂഹി എന്നെ വിളിച്ചു. അതെന്നെ വല്ലാതെ സ്വാധീനിച്ചു. സംസാരിച്ചിരുന്നില്ലെങ്കിലും ഞങ്ങൾക്കിടയിലെ സൗഹൃദം അതുപോലുണ്ടെന്ന് അന്ന് തിരിച്ചറിഞ്ഞു'', ആമിർ ഓർക്കുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover the surprising reason behind Aamir Khan and Juhi Chawla`s seven-year silent treatment after a minor disagreement during the filming of `Ishq`