ആയോധനകല, യോഗ, നീന്തൽ; 56-ാം വയസ്സിലും ആരോഗ്യവാനാണ് രാഹുൽ ഗാന്ധി

പാർലമെന്റിൽ പ്രതിപക്ഷ നിരയെ നയിക്കുകയും സർക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്ത് ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന നേതാവാണ് രാഹുൽ ഗാന്ധി (Rahul Gandhi). 56-ാം വയസ്സിലും ഊർജ്ജസ്വലനായിരിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് അദ്ദേഹമിപ്പോൾ. സോഷ്യൽ മീഡിയയിലെ ചോദ്യോത്തര വേളയിലാണ് തന്റെ ദിനചര്യകളെക്കുറിച്ചും ആരോഗ്യപരിപാലനത്തെക്കുറിച്ചും വ്യക്തമാക്കിയത്.
ആയോധനകല മുതൽ യോഗ വരെ
തനിക്ക് ഏറെ പ്രിയപ്പെട്ട ആയോധനകലകൾ (Martial Arts) ചെയ്യാറുണ്ടെന്നും, കൂടാതെ നീന്തൽ, ഓട്ടം എന്നിവയും ദിനചര്യയുടെ ഭാഗമാണെന്നും രാഹുൽ പറഞ്ഞു. അദ്ദേഹം യോഗയും ആരംഭിച്ചിട്ടുണ്ട്.
"ഫിറ്റ്നെസ്സിൽ പ്രധാനം നിങ്ങൾ പിന്തുടരുന്ന പ്രത്യേക വ്യായാമ രീതിയല്ല, മറിച്ച് അത് മുടങ്ങാതെ ചെയ്യുക എന്നതാണ്. ദിവസവും ശക്തിയും, എയ്റോബിക് ശേഷിയും, ശരീര വഴക്കവും വർദ്ധിപ്പിക്കുന്ന വ്യായാമങ്ങൾക്കായി ഒരു മണിക്കൂർ ഞാൻ മാറ്റിവെക്കുന്നു. സൗകര്യം പോലെ മാത്രം ചെയ്യുന്ന ഒന്നല്ല ഇത്. എന്തൊക്കെ സംഭവിച്ചാലും ഇതിനായി ഞാൻ സമയം കണ്ടെത്തും. രാത്രി 11 മണിക്കായാൽ പോലും അന്നത്തെ വ്യായാമം പൂർത്തിയാക്കും," രാഹുൽ പറഞ്ഞു.
വ്യായാമം മാത്രം ചെയ്തതുകൊണ്ട് ശരീരം ആരോഗ്യപൂർണ്ണമാകില്ലെന്നും കൃത്യമായ ജീവിതശൈലി അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അമിതമായ മദ്യപാനം, അശാസ്ത്രീയമായ ഭക്ഷണരീതി, എപ്പോഴും എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കുന്ന ശീലം എന്നിവയുള്ളവർ ഫിറ്റ്നസിനെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ലെന്നും. വ്യായാമവും ഭക്ഷണരീതിയും തമ്മിൽ കൃത്യമായ സമതുലിതാവസ്ഥ (balance) നിലനിർത്തിയാൽ മാത്രമേ വിചാരിച്ച ഫലം ലഭിക്കൂ എന്നും കൂട്ടിച്ചേർത്തു.
യുവാക്കൾ ഇന്ത്യയുടെ കരുത്ത്
പ്രയാഗ്‌രാജിൽ നടന്ന 'ഛത്രോം കീ ഗൂഞ്ച്' (Chhatron Ki Goonj) പരിപാടിയിൽ സംസാരിക്കവെ രാജ്യത്തെ യുവതലമുറയെ രാഹുൽ പ്രശംസിച്ചു. ഇന്ത്യയിലെ ഓരോ പൗരനും, പ്രത്യേകിച്ച് യുവജനങ്ങളാണ് രാജ്യത്തിന്റെ യഥാർത്ഥ ശക്തിയും അഭിമാനവുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് വേറെവിടെയും കാണാൻ കഴിയാത്തത്ര സമാനതകളില്ലാത്ത പ്രകടനമാണ് ഇന്ത്യൻ യുവതയുടേതെന്നും ചൂണ്ടിക്കാട്ടി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rahul Gandhi maintains peak fitness at 56 through rigorous daily workouts., His routine includes martial arts, swimming, running, and yoga., Emphasizes consistency, strength, aerobic capacity, and flexibility training., Stresses the importance of balancing diet and avoiding unhealthy eating habits., Praised Indian youth as the true strength and pride of the country at the 'Chhatron Ki Goonj' event in Prayagraj.