പുരുഷമൃതദേഹങ്ങളുടെ ലൈംഗിക അവയവവും 370 രൂപയുടെ ബിരിയാണിയും; വിമർശിക്കപ്പെട്ട് കോമഡി ഷോ

ഇക്കഴിഞ്ഞ ദിവസമാണ് കൊമേഡിയനായ പ്രണിത് മോറെയുടെ ഷോ ചില വിവാദപരാമർശങ്ങളുടെ പേരിൽ വിമർശിക്കപ്പെട്ടത്. ഷോയിൽ ഒരു യുവാവ് ലൈംഗികച്ചുവയുള്ള പരാമർശം നടത്തുകയും അതിനുപിന്നാലെ കാണികളും പ്രണിത്തും അതിനെ ചിരിച്ചുകൊണ്ട് നേരിടുകയും ചെയ്തു. പ്രണിത്തിന്റെ ലൈവ് കോമഡി ഷോയിലാണ് സംഭവങ്ങളുടെ തുടക്കം.
പ്രണിത്തിന്റെ ലൈവ് ഷോ നടക്കുമ്പോൾ കാണികളായി ഒട്ടേറെ പേരുണ്ടായിരുന്നു. അതിനിടെ തന്റെ ഡേറ്റിങ് അനുഭവത്തെക്കുറിച്ച് ഹിമാൻഷു ജാങ്ക്ര എന്ന യുവാവ് സംസാരിച്ചതാണ് വിവാദങ്ങളിൽ അകപ്പെട്ടത്. ഒരു സ്ത്രീയെ ഡേറ്റിങ്ങിനായി കൊണ്ടുപോയി 370 രൂപയ്ക്ക് ചിക്കൻ ബിരിയാണി വാങ്ങിക്കൊടുത്തതിനെക്കുറിച്ചാണ് ഹിമാൻഷു പറഞ്ഞത്. അതിൽ തനിക്ക് നഷ്ടമൊന്നുമുണ്ടായില്ലെന്നും ഹിമാൻഷു വെളിപ്പെടുത്തി. സ്ത്രീയുമായുള്ള ശാരീരികബന്ധത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് അയാൾ അങ്ങനെ പറഞ്ഞത്. ചിക്കൻ ബിരിയാണി വാങ്ങിക്കൊടുത്തതിനു പകരമായി താൻ 'പ്രതിഫലം' പ്രതീക്ഷിച്ചിരുന്നുവെന്നാണ് ഹിമാൻഷു പറഞ്ഞത്. ''370 രൂപയുടെ ബിരിയാണി വാങ്ങി. അതുകൊണ്ട് ആ പൈസ എനിക്ക് വസൂലാക്കണം''.
അവിടെയുണ്ടായിരുന്നവരെല്ലാം ഈ വാക്കുകൾ കേട്ട് ചിരിച്ചു. പിന്നാലെ വൻവിമർശനമാണുണ്ടായത്. സ്ത്രീകളുടെ സമ്മതവും (Consent) അന്തസ്സും ഒരു ബിരിയാണിയുടെ പൈസയുടെ അത്രയേ ഉള്ളോ എന്നാണ് പലരും ചോദിച്ചത്. ഈ 'തമാശ' വളരെ മോശമായിരുന്നുവെന്നും ഡേറ്റിങ്ങിനായി പണം ചെലവഴിക്കുന്നത് സ്ത്രീകളുടെ സമ്മതമായി കണക്കാക്കുന്നത് അപകടകരമായ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാണെന്നും പലരും അഭിപ്രായപ്പെട്ടു.
പ്രണിത്തിനെയും ആളുകൾ വിമർശിച്ചു. പറഞ്ഞത് വളരെ മോശമായെന്ന് പ്രണിത് അപ്പോൾ തന്നെ പറയേണ്ടിയിരുന്നുവെന്നും അവർ നിരീക്ഷിച്ചു. ഒടുവിൽ പ്രണിത് തന്റെ ഇൻസ്റ്റഗ്രാമിലൂടെ മാപ്പുപറഞ്ഞു. ഗുരുഗ്രാമിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന ഹിമാൻഷുവിനെ കമ്പനി പുറത്താക്കുകയും ചെയ്തു.
പ്രണിത്തിന്റെ ഷോയുടെ പഴയൊരു എപ്പിസോഡിൽ ഒരു ലേഡി ഡോക്ടറുടെ പരാമർശവും വിവാദങ്ങൾക്കിടയാക്കിയിരുന്നു. '370 രൂപയുടെ ബിരിയാണി' ചർച്ചയായപ്പോൾ, പഴയ ആ വീഡിയോയും ഉയർന്നുവരികയാണ്. സേജൽ പവാർ എന്ന ഡോക്ടറാണ് ഇതിലെ കഥാപാത്രം. താനും ആസ്പത്രിയിലെ സഹപ്രവർത്തകരും പുരുഷശവശരീരങ്ങളുടെ സ്വകാര്യഭാഗങ്ങളുടെ വലുപ്പത്തെക്കുറിച്ച് ചർച്ച ചെയ്യുകയും താരതമ്യപ്പെടുത്തുകയും ചെയ്യാറുണ്ടെന്നാണ് സേജൽ പറഞ്ഞത്. പുതിയ വീഡിയോയ്‌ക്കൊപ്പം തന്നെ പഴയതും വലിയ വിമർശനങ്ങൾക്കിടയാക്കി. അതോടെ ക്ഷമ ചോദിച്ച് സേജലും രംഗത്തുവന്നു.
''ഞാൻ പറഞ്ഞതിൽ ആളുകൾ എന്തിനാണ് അസ്വസ്ഥരായതെന്ന് ആ വീഡിയോ വീണ്ടും കണ്ടപ്പോൾ എനിക്ക് മനസ്സിലായി. വിഷയം വളരെ സെൻസിറ്റീവ് ആയ ഒന്നാണ്. ഒരിക്കലും പറയാൻ പാടില്ലാത്ത രീതിയിലാണ് അത് വന്നത്. ആരോടും അനാദരവ് കാണിക്കുകയെന്ന ഉദ്ദേശ്യം എനിക്കുണ്ടായിരുന്നില്ല''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Comedian Pranit More's live show faced severe criticism for offensive remarks. Himanshu Jangra sparked outrage by equating dating expenses to sexual entitlement.