നൂറ്റാണ്ടുമുമ്പും വെർച്വൽ മീറ്റിങ് നടന്നു, പങ്കെടുത്തത് 5100 പേർ, ചരിത്രം

വെർച്വൽ മീറ്റിങ്ങുകൾ തകൃതിയായി നടക്കുന്ന ഡിജിറ്റൽ യുഗമാണിത്. അടുത്തിടെ തുടങ്ങിയ ഒരു പരിപാടിയാണിതെന്ന് കരുതുന്നവരുണ്ടെങ്കിൽ ഇതൊന്നു ശ്രദ്ധിക്കുക. ഒരു നൂറ്റാണ്ടുമുമ്പ്, കൃത്യമായിപ്പറഞ്ഞാൽ 107 വർഷങ്ങൾക്കുമുമ്പാണ് വെർച്വൽ മീറ്റിങ് എന്ന ആശയത്തിന് തുടക്കമാകുന്നത്. 1916 മെയ് 16-നു നടന്ന ചരിത്രമുഹൂർത്തത്തിന് വേദിയായത് ന്യൂയോർക്കും.
ആധുനിക ഐഇഇഇയുടെ മുൻഗാമിയായ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ എഞ്ചിനീയേഴ്സ് (എഐഇഇ) ആണ് ആദ്യമായി വെർച്വൽ യോഗം വിളിച്ചത്. രാജ്യത്തുടനീളമുള്ള എഐഇഇ പരിപാടികളെ ബന്ധിപ്പിക്കുകയായിരുന്നു ലക്ഷ്യം. പുതുതായി പൂർത്തിയാക്കിയ ട്രാൻസ്കോണ്ടിനെന്റൽ ടെലിഫോൺ സംവിധാനം ഇതിനായി ഉപയോഗിക്കുകയും ചെയ്തു.
പ്രമുഖർ പങ്കെടുത്തു
ടെലിഫോണിന്റെ ഉപജ്ഞാതാവായ അലക്സാണ്ടർ ഗ്രഹാം ബെൽ, എടി ആൻഡ് ടി-യുടെ ആദ്യ പ്രസിഡന്റായ തിയോഡോർ വെയ്ൽ എന്നിവർ യോഗത്തിൽ പ്രസംഗിച്ചിരുന്നു. ഞെട്ടിക്കുന്ന മറ്റൊരു കാര്യം ആകെ 5,100 അംഗങ്ങൾ ഇതിൽ പങ്കെടുത്തുവെന്നതാണ്. ന്യൂയോർക്കിലെ ആസ്ഥാനത്തുനിന്ന് എഐഇഇ പ്രസിഡന്റും അധ്യക്ഷനുമായ ജോൺ കാർട്ടിയുടെ മേൽനോട്ടത്തിൽ രാത്രി എട്ടരയോടെ യോഗം തുടങ്ങി.
അറ്റ്ലാന്റ, ബോസ്റ്റൺ, ഷിക്കാഗോ, ഡെൻവർ, ന്യൂയോർക്ക്, ഫിലാഡൽഫിയ, സോൾട്ട് ലേക്ക് സിറ്റി, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലെ ഉപകേന്ദ്രങ്ങളുമായി ടെലിഫോൺ വഴി നടപടിക്രമങ്ങൾ ബന്ധിപ്പിച്ചു. ഡെൻവറും സോൾട്ട് ലേക്ക് സിറ്റിയും ആദ്യം പട്ടികയിൽ ഉൾപ്പെടുത്താൻ പദ്ധതിയുണ്ടായിരുന്നില്ലെങ്കിലും കോൾ ആ നഗരങ്ങളിലൂടെ കടന്നുപോകുന്നതിനാൽ അവിടുത്തെ അംഗങ്ങളെയും പരിപാടിയിലേക്ക് ക്ഷണിക്കുകയായിരുന്നു.
നിയമങ്ങൾ പാലിച്ച യോഗം
കർശനമായ അജണ്ടയും സമയക്രമവും പാലിച്ച്, പരമ്പരാഗത നിയമങ്ങൾ അനുസരിച്ചുള്ളതായിരുന്നു യോഗം. യുഎസ് പ്രസിഡന്റ് വുഡ്രോ വിൽസന്റെ ടെലിഗ്രാം കാർട്ടി വായിച്ചാണ് യോഗം തുടങ്ങിയത്. തുടർന്ന് അലക്സാണ്ടർ ഗ്രഹാം ബെൽ, തിയോഡോർ വെയ്ൽ, ബ്രിട്ടീഷ് എഞ്ചിനീയർ ചാൾസ് ലെ മെയ്സ്റ്റർ, ബെല്ലിന്റെ സഹായി തോമസ് വാട്സൺ എന്നിവർ പ്രസംഗിച്ചു. രാത്രി ഒൻപതുമണിക്ക് ഓരോ വേദിയിലെയും പ്രാദേശിക ചാപ്റ്റർ മേധാവികളുടെ പ്രസംഗം കേൾക്കുന്നതിനായി കോൾ അരമണിക്കൂർ നിർത്തിവച്ചു. രാത്രി ഒൻപതരയ്ക്ക് വീണ്ടുംതുടങ്ങി.
ഓരോ വേദിയിൽ നിന്നുമുള്ള പ്രതിനിധികൾ ആശംസകൾ കൈമാറി. ഒരു സംഗീത പരിപാടിയും ഇതിനിടയിൽ ഉണ്ടായിരുന്നു. ഓരോ വേദിയും ഗ്രാമഫോണിൽ വെക്കുന്നതിനായി ഓരോ ദേശഭക്തിഗാനം തിരഞ്ഞെടുത്തു. പത്തുമണി കഴിഞ്ഞാണ് യോഗം അവസാനിപ്പിച്ചത്. പരിപാടിയുടെ സ്മരണയ്ക്കായി ഏതാനും പ്രമേയങ്ങൾ പാസാക്കിക്കൊണ്ടാണ് യോഗത്തിന് സമാപനമായത്. മാധ്യമങ്ങളിലെല്ലാം ഇത് വാർത്തയായിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: A 1916 virtual meeting with 5100 attendees organized by AIEE using the transcontinental telephone. Decades ahead of its time!