പുട്ടുണ്ടല്ലോ, പുട്ടിൻപൊടിയുണ്ടല്ലോ...രുചിയുള്ള പുട്ടുണ്ടാക്കാൻ ചില വഴികൾ

നമുക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് പുട്ട്. പുട്ടും കടലയും പുട്ടും ചെറുപയറും പുട്ടും ഗ്രീൻപീസും പുട്ടും ബീഫും പുട്ടും ചിക്കനും പുട്ടും മുട്ടക്കറിയും പുട്ടും മീൻ മുളകിട്ടതും...ഇങ്ങനെ എത്ര കോമ്പിനേഷനുകളാണ്. ചിലർക്ക് കറിയൊന്നുമില്ലെങ്കിൽ നല്ല പൂവൻപഴവും പഞ്ചസാരയും മതി പുട്ട് കഴിക്കാൻ. ഒരു പപ്പടം കൂടിയുണ്ടെങ്കിൽ സംഭവം കുശാൽ.
റാഗി പുട്ട്, അവൽ പുട്ട്, ഗോതമ്പ് പുട്ട്, റവ പുട്ട്...വെറൈറ്റികൾ ഏറെയാണ്. പക്ഷേ ഈ പുട്ട് ഇടയ്‌ക്കൊരു പണിതരും. ഒട്ടും മെരുങ്ങാതെ ഒരിരുപ്പാണ്. പഠിച്ച പണി പതിനെട്ടും നോക്കിയാലും പുട്ടിന് സ്വാദുണ്ടാവില്ല, നല്ല ഉറപ്പുമായിരിക്കും. ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാം?
പുട്ടിന് രുചികൂട്ടാൻ
തേങ്ങാവെള്ളം അല്ലെങ്കിൽ കരിക്കിൻവെള്ളം ചേർത്ത് പുട്ടിനുള്ള പൊടി കുഴച്ചാൽ, വ്യത്യസ്തമായ രുചി കിട്ടും. കുഴയ്ക്കുമ്പോൾ കട്ടകളൊന്നുമില്ലെന്ന് ഉറപ്പാക്കണം. വേവിക്കാനെടുക്കുന്ന സമയവും കൃത്യമായിരിക്കണം. കൂടുതൽ നേരം അടുപ്പിൽവെച്ചാൽ വേവ് കൃത്യമായിരിക്കില്ല.
പുട്ടുകുറ്റിയിൽ പൊടി കുത്തിനിറച്ച് വെക്കുകയും ചെയ്യരുത്. കട്ടകൾ ഒഴിവാക്കാനായി പൊടി മിക്‌സർ ഗ്രൈൻഡറിലിട്ട് ഒന്ന് പൾസ് ചെയ്‌തെടുത്താലും മതി. പൊടി കുഴയ്ക്കാനെടുക്കുന്ന വെള്ളത്തിന്റെ അളവും കൃത്യമാണെന്ന് ഉറപ്പാക്കണം. വെള്ളം കൂടിയാലും കുറഞ്ഞാലും പുട്ടിന് ഉറപ്പ് കൂടാനിടയുണ്ട്.
വ്യത്യസ്തമായ പുട്ടിന്
ഒരല്പം വ്യത്യസ്തത വേണമെന്നുണ്ടെങ്കിൽ, ഗ്രേറ്റ് ചെയ്ത ക്യാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയിലേതെങ്കിലും ചേർക്കാം. സാധാരണപോലെ തന്നെ പുട്ടുപൊടി നിറച്ച് തേങ്ങയും ഒരു ലെയറായി ക്യാരറ്റ് അല്ലെങ്കിൽ ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്തത് ചേർക്കാം. രുചിയും കൂടും, കാണാനും ഭംഗിയായിരിക്കും. കുട്ടികൾക്ക് ഇങ്ങനെയുള്ള പുട്ട് കൂടുതൽ ഇഷ്ടപ്പെടും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Learn how to make soft, flavorful puttu every time! Discover tips for mixing the dough, steaming perfectly, and adding unique flavors like coconut water, carrot, or beetroot