കുഞ്ഞുപപ്പിയെ വാങ്ങുമ്പോള്‍

ആരോഗ്യമുള്ള നായ്ക്കുട്ടിയെ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. നായയെ സ്വന്തമാക്കാനുള്ള തീരുമാനത്തിനൊപ്പം ആശയക്കുഴപ്പങ്ങള്‍ ഏറെയുണ്ടാകാം. എന്തായാലും അവയ്ക്ക് ക്ഷേമവും സ്‌നേഹവും നല്‍കാനായാല്‍ പെട്ടെന്നുതന്നെ നമുക്കൊപ്പം ഇണങ്ങിച്ചേരും.
1. വൈദഗ്ധ്യമുള്ള ഒരു പ്രാദേശിക ബ്രീഡറില്‍നിന്ന് നായ്ക്കുട്ടിയെ വാങ്ങുക. അംഗീകൃതമല്ലാത്ത കടകളില്‍നിന്നോ സൂപ്പര്‍സ്റ്റോറുകളില്‍നിന്നോ വാങ്ങരുത്.
2. രൂപഭംഗിമാത്രം നോക്കാതെ വളര്‍ത്തുമൃഗത്തെക്കുറിച്ച് കഴിയുന്നത്ര വിവരങ്ങള്‍ ലഭിക്കുന്നതിന് പുസ്തകങ്ങള്‍ വായിക്കുക. വെറ്ററിനറി ഡോക്ടര്‍മാരോടും ബ്രീഡര്‍മാരോടും ഷെല്‍ട്ടര്‍ സ്റ്റാഫുകളോടും സംസാരിച്ച് മനസ്സിലാക്കുക.
3. കൃത്യമായ പെഡിഗ്രി വിവരങ്ങളുള്ള നായ്ക്കുട്ടിയെ വാങ്ങണം. ഇത് നായ്ക്കുട്ടിയുടെ ഏകദേശ വലുപ്പവും രൂപവും സ്വഭാവവും മറ്റും മനസ്സിലാക്കാന്‍ സഹായിക്കും.
4. നായ്ക്കുട്ടിയുടെ മാതാപിതാക്കളുടെ രജിസ്ട്രേഷന്‍ പേപ്പറുകള്‍ ബ്രീഡറില്‍നിന്ന് ചോദിച്ചുവാങ്ങുക. അവയുടെ ആധികാരികത അടുത്തുള്ള കെന്നല്‍ ക്ലബ് ഓഫ് ഇന്ത്യ ഓഫീസിലും പെറ്റ് ഹോസ്പിറ്റലിലും പരിശോധിക്കാം.
5. നായ്ക്കുട്ടിയുടെ അമ്മയ്ക്ക് എത്ര വയസ്സുണ്ടെന്ന് കണ്ടെത്തുക. അതിന് ഒരു വയസ്സിന് മുകളിലായിരിക്കണം പ്രായം. അധികം വയസ്സാകാനും പാടില്ല.
6. തിരഞ്ഞെടുത്ത അമ്മയുടെ ഏറ്റവും ഊര്‍ജസ്വലമായ നായ്ക്കുട്ടിയെ സ്വീകരിക്കുന്നതാകും നല്ലത്.
7. നായ്ക്കുട്ടിയുടെ പെരുമാറ്റങ്ങള്‍ ശ്രദ്ധിക്കുക. പാത്രത്തില്‍നിന്ന് ഭക്ഷണം-വെള്ളം കഴിക്കുന്ന രീതി, നടക്കുമ്പോള്‍ കാലുകളുടെ ചലനരീതി, മനുഷ്യരുമായുള്ള ഇടപെടല്‍, മറ്റ് നായ്ക്കുട്ടികളുമായുള്ള കളികള്‍ എന്നിവ പ്രത്യേകം പരിശോധിക്കുക.
8. നായ്ക്കുട്ടിയുടെ കണ്ണുകള്‍, ചെവികള്‍, അടിഭാഗം എന്നിവ വൃത്തിയുണ്ടോയെന്ന് പരിശോധിക്കുക. ആരോഗ്യമുള്ള നായയുടെ മൂക്ക് അല്പം നനവാര്‍ന്നതായിരിക്കും.
9. നായ്ക്കുട്ടിയുടെ ഹെയര്‍ കോട്ട് പരിശോധിക്കുക. മുറിവ്, താരന്‍, ചെള്ള്, പേന്‍ മറ്റും ഇല്ലാതെ മുടി മിനുസമാര്‍ന്നതും തിളക്കമുള്ളതുമായിരിക്കണം.
10. നായ്ക്കുട്ടിയുടെ മുഴുവന്‍ മെഡിക്കല്‍ വിവരങ്ങളും കരസ്ഥമാക്കുക. അവയ്ക്ക് കൃത്യമായി വിര മരുന്നും പ്രതിരോധ കുത്തിവെപ്പും നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
11. എട്ട് ആഴ്ചയില്‍ക്കൂടുതല്‍ പ്രായമുള്ള മുലകുടി നിര്‍ത്തിയ പൂര്‍ണ ആരോഗ്യമുള്ള നായ്ക്കുട്ടിയെ വാങ്ങാം. മൈക്രോചിപ്പ് ചെയ്തതും വീട്ടുപരിശീലനം തുടങ്ങിയതുമായവ നല്ലതായിരിക്കും.
12. നായ്ക്കുട്ടിയുടെ നാളിതുവരെയുള്ള ഭക്ഷണക്രമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ബ്രീഡറില്‍നിന്ന് കരസ്ഥമാക്കുക.
13. വാങ്ങുന്നതിനുമുന്‍പ് രണ്ട് തവണയെങ്കിലും സന്ദര്‍ശിച്ച്, നായ്ക്കുട്ടിയുടെ പെരുമാറ്റവും ആരോഗ്യനിലയും വിലയിരുത്തുക.
14. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ തിരിച്ചെടുക്കാമെന്ന കരാര്‍ വാഗ്ദാനത്തോടെ ബ്രീഡറില്‍നിന്ന് നായ്ക്കുട്ടിയെ വാങ്ങുക.
Content Highlights: tips to identify a healthy puppy