പല്ലികളെ വീട്ടില്‍നിന്ന് തുരത്താന്‍ സവാളയും വെളുത്തുള്ളിയും കുരുമുളകും

പാറ്റ, പല്ലി, പ്രാണികള്‍, ഉറുമ്പുകള്‍...പലപ്പോഴും വീട്ടുകാരുടെ ഉറക്കം കെടുത്തുന്ന പ്രശ്‌നങ്ങളാണിവ. ചെറിയ ചില വിദ്യകളിലൂടെ പല്ലികളുടെ ശല്യം മറികടക്കാം.
വൃത്തിയില്ലാത്ത അന്തരീക്ഷവും വീടിനുള്ളിലെ ചൂടും മറ്റുമാണ് പല്ലികളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. രാത്രി ഉറങ്ങുന്നതിനുമുമ്പ് പാത്രങ്ങള്‍ സിങ്കില്‍ കൂട്ടിയിടാതെ, എല്ലാം വൃത്തിയായി കഴുകിയെന്ന് ഉറപ്പാക്കുക. ബാക്കിയായ ഭക്ഷണമെല്ലാം ഫ്രിഡ്ജില്‍വെക്കുകയും വേണം. ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിലെ അലമാരകളും റാക്കുകളും തുടച്ച് വൃത്തിയാക്കുക.
സവാളയുടെയും ചുവന്നുള്ളിയുടെയും വെളുത്തുള്ളിയുടെയും രൂക്ഷമായ ഗന്ധം പല്ലികളെ തുരത്താന്‍ നല്ലതാണ്. ഉള്ളിയും വെളുത്തുള്ളിയും അരിഞ്ഞ് കഷണങ്ങളാക്കി, വീടിനുള്ളിലെ പല മൂലകളിലായി വെക്കുന്നത് ഉപകാരപ്രദമാണ്. അതല്ലെങ്കില്‍ വെളുത്തുള്ളിയോ ഉള്ളിയോ ചതച്ചത് ഒരു ബോട്ടിലിലിടുക. അതിനുമുകളില്‍ കുറച്ച് വെള്ളമൊഴിച്ച് നന്നായി കുലുക്കി, ഇത് ആവശ്യമുള്ളയിടങ്ങളില്‍ തളിച്ചുകൊടുക്കാം.
കബോര്‍ഡിലും റാക്കുകളിലും സിങ്കിനുതാഴെയും മറ്റും, നാഫ്തലീന്‍ ബോളുകള്‍ (പാറ്റ ഗുളികകള്‍) വെക്കുന്നതും നല്ലതാണ്. ഈ ഗന്ധവും പല്ലികളെ തുരത്തും.
ബാക്കിവരുന്ന ഭക്ഷണാവശിഷ്ടങ്ങളെല്ലാം അതാത് ദിവസം തന്നെ ഒഴിവാക്കി, വീട് വൃത്തിയാക്കിയെന്ന് ഉറപ്പാക്കണം. മാത്രമല്ല, വൃത്തിയാക്കിയശേഷം നനവ് പൂര്‍ണമായി ഒപ്പിയെടുക്കുകയും വേണം.
പുല്‍ത്തൈലവും പല്ലികളെ തുരത്താന്‍ സഹായകമാണ്. പുല്‍ത്തൈലം ഒരു കുപ്പിയിലാക്കി, വീടിന്റെ മൂലകളിലും പല്ലി സ്ഥിരമായി ഉള്ള സ്ഥലങ്ങളിലും തളിച്ചുകൊടുക്കാം.
കുരുമുളകുപൊടിയും പല്ലികളെ ഓടിക്കാന്‍ സഹായിക്കും. ഒരു കുപ്പിയില്‍ കുരുമുളകുപൊടിയും വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. എന്നിട്ട് പല്ലി സ്ഥിരമായുണ്ടാവുന്ന സ്ഥലങ്ങളില്‍ സ്‌പ്രേ ചെയ്യുക. കുരുമുളകുപൊടിക്കുപകരം മുളകുപൊടിയും ഉപയോഗിക്കാം. ഇടയ്ക്കിടെ ഇങ്ങനെ ചെയ്താല്‍ പല്ലികളെ വീട്ടില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയും.
വിനാഗിരിയും ചെറുനാരങ്ങയും ഉപയോഗിച്ചും പല്ലികളെ ഓടിക്കാം. രണ്ടുസ്പൂണ്‍ വിനാഗിരിയും ഒരുസ്പൂണ്‍ ചെറുനാരങ്ങാനീരും ഒരു ഗ്ലാസ് വെള്ളവും കൂടി നന്നായി യോജിപ്പിക്കുക. ഇതൊരു കുപ്പിയിലാക്കി പല്ലിയുള്ള സ്ഥലങ്ങളില്‍ സ്‌പ്രേ ചെയ്യാം. ഓരോ തവണയും ഉപയോഗിക്കുന്നതിനുമുമ്പ് നന്നായി കുലുക്കാന്‍ മറക്കരുത്.
Content Highlights: tips to get rid of lizards from home