പെട്ടെന്ന് കയ്യില്‍ കുറച്ചധികം പണം വന്നോ? ഇങ്ങനെയൊന്നും ചെയ്യല്ലേ...

അപ്രതീക്ഷിതമായി കുറച്ചുപണം കയ്യില്‍ വന്നു. എന്തുചെയ്യും. നാമെല്ലാം പലതും ചെയ്യും. ചെയ്‌തോളൂ. പക്ഷേ ഒരു കാര്യം ചെയ്യുമ്പോള്‍ മാത്രം രണ്ടുവട്ടം ആലോചിക്കണം. പെട്ടെന്ന് കയ്യില്‍ വരുന്ന പണം കൊണ്ട് വായ്പകള്‍ തിരിച്ചടയ്ക്കാന്‍ മുതിരുമ്പോള്‍ ഒരു ശ്രദ്ധ വേണം. ദീര്‍ഘകാല വായ്പകള്‍ ഇങ്ങനെ അപ്രതീക്ഷിതമായി കിട്ടുന്ന പണം കൊണ്ട് തിരിച്ചടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഒന്നല്ല ഒരുപാടുകാര്യങ്ങളില്‍ ഒരു സ്വയം വലിയിരുത്തല്‍ നടത്തണം. ഇങ്ങനെ ചെയ്തില്ലെങ്കില്‍ സമ്പത്തുണ്ടാക്കാന്‍ ഉപകാരപ്പെടുന്ന പണമാണ് പാഴായിപ്പോകുക എന്നകാര്യവും മറക്കുരുത്.
വായ്പ കഴിയുന്നത്ര വേഗം തിരിച്ചടയ്ക്കാന്‍ വെമ്പല്‍ കൊള്ളുന്നതിന്റെ പ്രധാന കാരണം പലിശ ഇനിത്തില്‍ വരുന്ന അധികച്ചിലവ് കുറയ്ക്കാം എന്നുള്ളതാണല്ലോ. പ്രതിമാസ തവണയ്ക്കുപറമെ കയ്യില്‍ പണം വരുമ്പോഴൊക്കെ അതെല്ലാം വായ്പയിലേക്ക് അടച്ചാല്‍ അത്രയും വേഗം വായ്പ തീര്‍ന്നുകിട്ടുമല്ലോ എന്നതും നല്ല ചിന്ത തന്നെ. പക്ഷേ നിങ്ങള്‍ സാമ്പത്തികമായി അച്ചടക്കമുള്ളയാളാണ് എങ്കില്‍മാത്രമാണ് അത്തരം ചിന്തകള്‍ നല്ലതാകുക. അച്ചടക്കത്തോടെ പണം കൈകാര്യം ചെയ്യുന്ന ആളല്ല എങ്കില്‍ ഇതിനേക്കാള്‍ വലിയ മണ്ടത്തരം വേറൊന്നും ഇല്ല.
കയ്യില്‍ പണം ഇല്ലാതിരുന്നപ്പോള്‍ വായ്പ എടുത്തു. കയ്യില്‍ പണം വന്നപ്പോള്‍ വായ്പ ഒറ്റയടിക്ക് തിരിച്ചടച്ചു. പലിശ ഇനത്തില്‍ നഷ്ടപ്പെടുമായിരുന്ന നല്ലൊരു തുക ഈ ഇനത്തില്‍ ലാഭിച്ചു. വീണ്ടും പണത്തിന് ആവശ്യം വന്നാലോ. വീണ്ടും വായ്പ എടുക്കും. അത്തരം ഒരാളാണോ നിങ്ങള്‍. ഭൂരിഭാഗം മലയാളികളിലും ഒരു സമ്പാദ്യ ശീലവും സാമ്പത്തിക അച്ചടക്കവും ഉണ്ടാക്കുന്നത് വായ്പകളാണ് എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. പലരും ജീവിക്കുന്നതും ജോലിചെയ്യുന്നതും തന്നെ ഈ.എം.ഐ അടയ്ക്കാനാണ്. പല വിവാഹ മോചനങ്ങളും നീണ്ടുപോകുന്നത് സംയുക്തമായി എടുത്ത ഭവന വായ്പ ഉള്ളതുകൊണ്ടാണെന്നതും കുറച്ച് കാശ് എവിടേന്നെങ്കിലും കിട്ടിയുന്നേല്‍ വായ്പ ക്ലോസ് ചെയ്ത് രക്ഷപെടാമെന്നും പറയുന്നവരുണ്ട് നമുക്കിടയില്‍.
ശമ്പളവരുമാനക്കാരുടെ കാര്യം എടുക്കാം. അവരുടെ ശമ്പളം കിട്ടുമ്പോഴേ അതില്‍ നിന്ന് ആദ്യ ആഴ്ചതന്നെ ഏതാണ്ട് എല്ലാ ഇ.എം.ഐകളും കട്ട് ചെയ്ത് ബാങ്ക് എടുക്കുന്നു. ഭവന വായ്പ, വാഹന വായ്പ, പെഴ്‌സണല്‍ ലോണ്‍ തുടങ്ങിയവയുടെയൊക്കെ ഇക്കൂട്ടത്തില്‍ പെടും. ബാക്കിയുള്ളതാണ് വീട്ടില്‍ കൊണ്ടുപോകാന്‍ കിട്ടുന്നത്. അത്രയും തുകയാണ് യഥാര്‍ത്ഥ ശമ്പളം എന്നരീതിയില്‍ പൊരുത്തപ്പെട്ടാണ് മിക്കവരുടെയും ജീവിതം. ഏറെക്കുറെ ശമ്പളത്തിന്റെ പകുതി തുകയും വായ്പാതുക തിരിച്ചടയ്ക്കുകയാണ് എല്ലാ മാസവും കൃത്യമായി. യാതോരു പരാതിയും ഇല്ലാതെ. അതങ്ങനെ വായ്പ തീരുന്നതുവരെ സുഗമമായി പോയിക്കൊള്ളും.
ഇനി മൂന്നു ലക്ഷം രൂപ അപ്രതീക്ഷിതമായി കയ്യില്‍ വന്നപ്പോള്‍ ഏതെങ്കിലും ഒരു വായ്പ തിരിച്ചടച്ചു എന്നുകരുതുക. അതിന്റെ പ്രതിമാസ ഇ.എം.ഐ 6,000 രൂപ ആയിരുന്നു എന്നും കരുതുക. വായ്പ ക്ലോസ് ചെയ്ത പിറ്റേ മാസം മുതല്‍ 6000 രൂപ മിച്ചം ഉണ്ടാകും. ഈ തുക ഫലപ്രദമായ രീതിയില്‍ ഒരു നിക്ഷേപമാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ വിജയിച്ചു. അല്ലെങ്കിലോ. ഈ ആറായിരം രൂപയും മാസചെലവില്‍ മുങ്ങിപ്പോകും. ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ ഇത്തരത്തില്‍ മാസം ആറായിരം രൂപ മിച്ചം ഉണ്ടാക്കാന്‍ കഴിയുന്ന രീതിയില്‍ വായ്പ തിരിച്ചടച്ച കാര്യവും 6000 രൂപ അധികമായി ലാഭിച്ച കാര്യവും നിങ്ങള്‍ മറന്നുപോകും. പകരം വായ്പ അതേപടി തുടര്‍ന്നുകൊണ്ട് മൂന്ന് ലക്ഷം രൂപ സ്ഥിര നിക്ഷേപമാക്കി മാറ്റുകയോ സ്വര്‍ണമോ ഭൂമിയോ വാങ്ങി ഇടുകയോ ചെയ്തിരുന്നെങ്കിലോ.
മുകളില്‍ സൂചിപ്പിച്ച ഉദാഹരണത്തില്‍ ഇ.എം.ഐ ആയി ഉപയോഗിച്ചിരുന്ന 6000 രൂപ വായ്പ ക്ലോസ് ചെയ്തതുമുതല്‍ ചിട്ടിയിലോ, റിക്കറിങ് ഡിപ്പോസിറ്റിലോ മ്യൂച്വല്‍ ഫണ്ടിലോ നിക്ഷേപിച്ചുതുടങ്ങിയാല്‍ അതിനേക്കാള്‍ മികച്ച തീരുമാനം മറ്റൊന്നില്ല. അതിനു കഴിയുന്നവര്‍ കയ്യില്‍ പണം കൂടുതല്‍ വരുമ്പോള്‍ വായ്പകള്‍ ക്ലോസ് ചെയ്യാം. അത്തരം സാമ്പത്തിക അച്ചടക്കവും ദീര്‍ഘവീക്ഷണവും ഇല്ലാത്തവര്‍ പണം കൂടുതല്‍ കിട്ടുമ്പോള്‍ വായ്പ ക്ലോസ് ചെയ്യാന്‍ നില്‍ക്കാതെ അത് ആസ്തിയായോ നിക്ഷേപമായോ മാറ്റുന്നതാണ് ഉചിതം. ഭവന വായ്പകള്‍ നേരത്തെ ക്ലോസ് ചെയ്യുമ്പോള്‍ ആദായ നികുതി ഇളവ് ഇല്ലാതാകുന്ന കാര്യവും ശ്രദ്ധിക്കണം.
(ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ഫോണ്‍: 9447667716, email: jayakumarkk8@gmail.com )
Content Highlights: tips for handle your investments and debts