ഭവനവായ്പ കിടപ്പാടമില്ലാതാക്കുമോ? അറിയണം ഇക്കാര്യങ്ങള്‍

രഘുവും രശ്മിയും കൊച്ചിയിലെ ഒരു അഡ്വര്‍ടൈസിങ് ഏജന്‍സിയിലാണ് ജോലി ചെയ്തിരുന്നത്. രഘു അക്കൗണ്ട്‌സ് എക്‌സിക്യുട്ടീവും രശ്മി കോപ്പിറൈറ്ററും. രണ്ടുപേരും പരിചയപ്പെട്ടശേഷം അത് സൗഹൃദമായും പിന്നീട് പ്രണയമായും വളര്‍ന്നു. ഒടുവില്‍ ഇരുവരും വിവാഹിതരായി. വിവാഹശേഷം രഘുവിന്റെ വീട്ടില്‍ ഇരുവരും താമസമാക്കി. രഘുവിന്റെ മാതാപിതാക്കളും അനുജനും രഘുവും രശ്മിയും ചേര്‍ന്ന കുടുംബം സസന്തോഷം ജീവിച്ചുപോന്നു. രണ്ടുപേര്‍ക്കും കൊച്ചിയില്‍ ജോലിക്കെത്താന്‍ ഒരു മണിക്കൂര്‍ യാത്ര ചെയ്യണമായിരുന്നു. ഒരു പുതുപുത്തന്‍ ഡിസയര്‍ കാര്‍ വാങ്ങി രഘു ആ പ്രശ്‌നം പരിഹരിച്ചു. ജോലിത്തിരക്കും കഴിഞ്ഞ് നീണ്ട ഡ്രൈവിങ്ങായി അടുത്ത പ്രശ്‌നം. മാത്രമല്ല രണ്ടുപേരും വ്യത്യസ്ത സ്വഭാവമുള്ള ജോലിചെയ്യുന്നവരായതുകൊണ്ട് ഒരേ സമയത്ത് വീട്ടിലേക്ക് മടങ്ങാനും വയ്യാതായി. നഗരത്തില്‍ ഒരു ഫ്‌ളാറ്റ് വാങ്ങാന്‍ ഇരുവരും തീരുമാനിച്ചു.
രണ്ടുപേര്‍ക്കും കൂടി 1.2 ലക്ഷം രൂപ മാസശമ്പളം ഉണ്ട്. അതുകൊണ്ട് വായ്പയെടുത്ത് അനായാസം ഫ്‌ളാറ്റ് വാങ്ങാമെന്ന് ഇരുവരും കണക്കുകൂട്ടി. 60 ലക്ഷം രൂപയുടെ ഫ്‌ളാറ്റ് കണ്ടെത്തി. 9 ലക്ഷം രൂപ മാര്‍ജിന്‍ മണി വേണം. 51 ലക്ഷം രൂപ ഭവന വായ്പ കിട്ടി. 10.5 ശതമാനം പലിശയ്ക്ക് 20 വര്‍ഷത്തേക്കായിരുന്നു വായ്പ. 50,920 രൂപ ഇ.എം.ഐ. ഫ്‌ളാറ്റ് വാങ്ങാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാന്‍ തന്നെ ഇരുവരും തീരുമാനിച്ചു. അതേവരെയുള്ള രണ്ടുപേരുടെയും സമ്പാദ്യവും സുഹൃത്തുക്കളില്‍ നിന്നു വാങ്ങിയ കടവും ചേര്‍ത്ത് മാര്‍ജിന്‍ മണി ഒപ്പിച്ചു. വായ്പ ശരിയായി. ഫ്‌ളാറ്റ് കിട്ടി. അത് ഫര്‍ണിഷ് ചെയ്യാനും ഗൃഹോപകരണങ്ങള്‍ക്കുമായി വീണ്ടും 5 ലക്ഷം രൂപ കൂടി വേണ്ടിവന്നു. സ്വര്‍ണവും മറ്റും വിറ്റ് അതിനുള്ള വഴിയും കണ്ടു. ഫ്‌ളാറ്റില്‍ അവസാനം താമസമായി. ആറുമാസം കഴിഞ്ഞപ്പോഴേക്ക് രഘുവിന് മുംബൈയിലേക്ക് സ്ഥലംമാറ്റം. രഘു ജോലിരാജിവെച്ച് കൊച്ചിയിലുള്ള മറ്റൊരു കമ്പനിയില്‍ ചേര്‍ന്നു. മൂന്നു മാസം കഴിഞ്ഞപ്പോഴേക്ക് ആ കമ്പനിയുമായി ഒത്തുപോകാന്‍ പറ്റില്ല എന്നുപറഞ്ഞ് അതും രാജിവെച്ചു. മാസങ്ങളോളം ജോലിയില്ലാതെ കഴിയേണ്ടിവന്നു. ഇതിനിടയില്‍ ബാങ്കിലെ ഇ.എം.ഐ മുടങ്ങി. അവരത് കിട്ടാക്കടമായി പ്രഖ്യാപിച്ചു. ഫ്‌ളാറ്റ് ബാങ്ക് ലേലം ചെയ്യുമെന്ന അവസ്ഥയിലായി. ഒടുവില്‍ സുഹൃത്തുക്കള്‍ ഇടപെട്ടു. ഒരു സുഹൃത്തിന്റെ പേരില്‍ ഫ്‌ളാറ്റ് എഴുതിക്കൊടുത്തു. അയാള്‍ വായ്പ അടച്ചുതീര്‍ത്തു. രഘുവും രശ്മിയും രഘുവിന്റെ വീട്ടിലേക്ക് താമസം മാറ്റി. ഫ്‌ളാറ്റും നഷ്ടപ്പെട്ടു. അതേവരയുള്ള സമ്പാദ്യവും തീര്‍ന്നു. പുതുതായി 18 ലക്ഷം രൂപയുടെ കടബാധ്യതയുമായി.
എവിടെയാണ് പാളിച്ചപറ്റിയത്
മാതാപിതാക്കളില്‍ നിന്ന് കൈമാറിക്കിട്ടിയ വീട്ടില്‍ താമസിക്കുകയും പിന്നീട് അത് ഭവനവായ്പ എടുത്ത് പുതുക്കിപ്പണിയുകയും ചെയ്യുന്നതുപോലെ നിസ്സാരമല്ല സ്ഥലം വാങ്ങി അവിടെ ഒരു വീട് വെച്ച് സ്വപ്നം സാക്ഷാത്കരിക്കുന്നതും നഗരത്തില്‍ ഫ്‌ളാറ്റ് വാങ്ങി അങ്ങോട്ടുതാമസംമാറ്റുന്നതും. ഇങ്ങനെ വായ്പയെടുത്ത് സ്ഥലം വാങ്ങി വീടു വയ്ക്കാനുള്ള തീരുമാനം ശരിയായി ആലോചിച്ചശേഷം എടുത്തില്ലെങ്കില്‍ അതുമതി ജീവിതം ആകെ താറുമാറാകാന്‍. രഘുവിന് ജോലി നഷ്ടപ്പെട്ടില്ലായിരുന്നു എങ്കില്‍ ഒരു പക്ഷേ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല എന്ന് വേണമെങ്കില്‍ കരുതാം. പക്ഷേ വലിയ സാമ്പത്തികബാധ്യത എടുക്കുമ്പോള്‍ എല്ലാ സാധ്യതകളും വിലയിരുത്തണം.
നമ്മുടെ സാമ്പത്തികനിലയെക്കുറിച്ച് എല്ലാ വശങ്ങളും ആലോചിച്ചശേഷമേ വീട് നിര്‍മാണം എന്ന ലക്ഷ്യം നടപ്പാക്കാന്‍ തീരുമാനിക്കാവൂ. മിക്കവരുടെയും ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് വീട് എന്ന സ്വപ്‌നം നടപ്പാകുക. അതുകൊണ്ടുതന്നെ അതിനായി ഇറങ്ങിത്തിരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
1.വലിയ ഒരു സാമ്പത്തികബാധ്യതയാണ് വീട് നിര്‍മാണത്തിലൂടെ ഏറ്റെടുക്കുന്നത്. പണത്തിനു ഞെരുക്കം ഉറപ്പാണ്. വിചാരിച്ചപോലെ കാര്യങ്ങള്‍ ഒരിക്കലും മുന്നോട്ടുപോകില്ല. വായ്പാത്തുക കൊണ്ട് മാത്രം പണിതീര്‍ന്നുവെന്നും വരില്ല. ആദ്യത്തെ ഏതാനും വര്‍ഷം കടുത്ത സാമ്പത്തികഞെരുക്കത്തിലൂടെയാകും കടന്നുപോകുക. ഇക്കാര്യം കുടുംബാംഗങ്ങളുമായി ചര്‍ച്ചചെയ്യണം. ജീവിതച്ചെലവില്‍ 35-45 ശതമാനം വെട്ടിക്കുറക്കേണ്ടിവരും. ജീവിതശൈലിയിലും ചിലപ്പോള്‍ മാറ്റം വേണ്ടിവരും.
2. വീട് നിര്‍മാണത്തിനുള്ള പണം മുഴുവന്‍ ബാങ്ക് വായ്പയായി തരില്ല. മൊത്തം ചെലവിന്റെ 80-85 ശതമാനം തുകയാണ് വായ്പയായി നല്‍കുക. ബാക്കി 15-20 ശതമാനം തുക സ്വയം കണ്ടെത്തണം. ഇതിനുപുറമേ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് തുടങ്ങിയവ. ഇവ ഏതാണ്ട് 69 ശതമാനം വരും.
3. പണത്തിനു ഞെരുക്കം വരുമ്പോള്‍ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, റിട്ടയര്‍മെന്റ് തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി നടത്തിക്കൊണ്ടിരിക്കുന്ന സമ്പാദ്യത്തിന് കോട്ടം തട്ടാതെ നോക്കണം. അതേപോലെ ഇന്‍ഷുറന്‍സ് പ്രീമിയം, വാഹന വായ്പ തുടങ്ങിയവയിലേക്കുള്ള മാസ അടവുകള്‍ക്ക് കോട്ടം തട്ടാതെ നോക്കുകയും വേണം.
4. മറ്റ് വായ്പകള്‍ ഉണ്ടെങ്കില്‍ അത് അടച്ചുതീര്‍ക്കുന്നതായിരിക്കും നല്ലത്. ഭവനവായ്പ ഇ.എം.ഐ വളരെ കൂടുതലായിരിക്കും എന്നതിനാല്‍ ഇതിലേക്കുള്ള തിരിച്ചടവ് തുടങ്ങിയാല്‍ മറ്റ് വായ്പകളും കൂടി കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും.
5. ഭവന വായ്പയ്ക്ക് അപേക്ഷിക്കുംമുമ്പ് സിബില്‍ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിച്ച് നോക്കണം. സ്‌കോര്‍ മോശമാണെങ്കില്‍ നിങ്ങള്‍ക്ക് വായ്പ കിട്ടില്ല എന്ന് നിസ്സംശയം പറയാം. സ്‌കോര്‍ മെച്ചപ്പെടുത്തിയശേഷം മാത്രം വായ്പയ്ക്ക് അപേക്ഷിക്കുക. ഇതറിയാതെ ബാങ്കുകള്‍ തോറും വായ്പയ്ക്കായി കയറിയിറങ്ങുന്നതോടെ സ്‌കോര്‍ വീണ്ടും വീണ്ടും മോശമായിക്കൊണ്ടിരിക്കും.
6. ദീര്‍ഘകാലത്തേക്കുള്ള ബാധ്യതയാണ് ഭവനവായ്പയിലൂടെ എടുക്കുന്നത്. 15-20 വര്‍ഷത്തേക്ക് മുടങ്ങാതെ ഇ.എം.ഐ അടയ്‌ക്കേണ്ടതുണ്ട്. അതുകൊണ്ട് ജോലിയിലെ സുരക്ഷിതത്വമോ വരുമാനത്തിലെ സ്ഥിരതയോ ഉറപ്പുവരാതെ ഇത്തരമൊരു വായ്പ എടുക്കരുത്. ഈ രണ്ടുകാര്യത്തിലും ഉറപ്പുവരുന്നതുവരെ വീട് നിര്‍മിക്കാനുള്ള തീരുമാനം നീട്ടിവച്ചാലും തെറ്റില്ല.
(തുടരും)
(പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് ട്രെയിനറുമാണ് ലേഖകന്‍
ഫോണ്‍: 9447667716, email: jayakumarkk8@gmail.com)
Content Highlights: Things to consider while taking a home loan