മ്യൂച്വല്‍ ഫണ്ട്: സ്ത്രീകള്‍ക്ക് ചേര്‍ത്ത് പിടിക്കാവുന്ന നിക്ഷേപം

#കെ. കെ. ജയകുമാർ
പ്രതീകാത്മകചിത്രം/ shutterstock
പ്രതീകാത്മകചിത്രം/ shutterstock

ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പണം ലഘുസമ്പാദ്യത്തിലൂടെ സ്വരുക്കൂട്ടാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളുടെ യഥാര്‍ത്ഥ സുഹൃത്തും വഴികാട്ടിയുമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. മ്യൂച്വല്‍ ഫണ്ടുകളുടെ സഹായം ഉണ്ടെങ്കില്‍, അതിനെ ഒരു വിശ്വസ്ത സുഹൃത്തായി കരുതി നിക്ഷേപിച്ചാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് സാമ്പത്തിക ലക്ഷ്യത്തിലെത്താന്‍ കഴിയും. ഓഹരിയില്‍ നേരിട്ട് നിക്ഷേപിക്കാതെ മ്യൂച്വല്‍ ഫണ്ട് വഴി നിക്ഷേപിച്ച് ഓഹരിയില്‍ നിക്ഷേപിക്കുമ്പോഴുള്ളത്രയും നേട്ടം സ്വന്തമാക്കാനാണ് ഇതിലൂടെ അവസരം ലഭിക്കുക. സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഓരോ സ്ത്രീയും നിര്‍ബന്ധമായും അവരുടെ പല നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നായി മ്യൂച്വല്‍ ഫണ്ടുകളെയും ഉള്‍പ്പെടുത്താം.

വളര്‍ച്ചാസാധ്യതയുള്ള ഓഹരികള്‍ കണ്ടെത്തി അവയില്‍ നിക്ഷേപിക്കുകയും ആ നിക്ഷേപം അഞ്ചുകൊല്ലമോ പത്തുകൊല്ലമോ തുടരുകയും ചെയ്താല്‍ ഉറപ്പായും മറ്റേതൊരു മാര്‍ഗത്തില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ലാഭം കിട്ടും. എങ്ങനെയാണ് ഇത്തരത്തില്‍ മികച്ച ഓഹരികള്‍ കണ്ടെത്തുന്നത്. അവയില്‍ എപ്പോഴാണ് നിക്ഷേപിക്കേണ്ടത്. ഇതുപോലുള്ള കാര്യങ്ങള്‍ പഠിക്കാന്‍ സമയവും ക്ഷമയും ഇല്ലാത്ത ആളാണ് നിങ്ങള്‍ എങ്കില്‍ ഓഹരിയില്‍ നിന്ന് നേട്ടമുണ്ടാക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകള്‍.

മ്യൂച്വല്‍ ഫണ്ടുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് 

നിക്ഷേപകരില്‍ നിന്ന് പണം സമാഹരിച്ച് തുല്യ അളവുകളുള്ള യൂണിറ്റാക്കി മാറ്റുന്നു. ഇത്തരത്തില്‍ മാറ്റിയ ഓരോ യൂണിറ്റുകളും ചേര്‍ത്ത് ഒറ്റ ഫണ്ടാക്കുന്നു. ഈ ഫണ്ട് മികച്ച ഓഹരികളില്‍ നിക്ഷേപിക്കുന്നു. ഓഹരികളുടെ വില വര്‍ധിക്കുമ്പോള്‍ ലഭിക്കുന്ന  ലാഭം വീണ്ടും യൂണിറ്റടിസ്ഥാനത്തില്‍ വിഭജിച്ച് ഓരോ നിക്ഷേപകനും കൊടുക്കുന്നു.

മികച്ച ഓഹരികളെ കണ്ടെത്താന്‍ ഓരോ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്കും ഫണ്ട് മാനേജര്‍മാര്‍ ഉണ്ട്. ഓഹരി വിപണിയിലെ ചലനങ്ങള്‍, സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങള്‍ മുതലായവ ഇത്തരം ഫണ്ട് മാനേജര്‍മാര്‍ നിതാന്ത ജാഗ്രതയോടെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യും. ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നഷ്ടസാധ്യത കുറവും ലാഭസാധ്യത കൂടുതലും ഉള്ള ഓഹരികളെ കണ്ടെത്തി നിക്ഷേപിക്കുന്നു. നിശ്ചിത ഓഹരികളില്‍ നിക്ഷിപിക്കുന്നു.

മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം എത്രമാത്രം സുരക്ഷിതമാണ് 

മ്യൂച്വല്‍ ഫണ്ട് റെഗുലേഷന്‍ ആക്ട് പ്രകാരമാണ് ഓരോ മ്യൂച്വല്‍ ഫണ്ട് കമ്പനിയും പ്രവര്‍ത്തിക്കുന്നത്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യാണ് മ്യൂച്വല്‍ ഫണ്ട് കമ്പനികളെ നിയന്ത്രിക്കുന്നതും നിരീക്ഷിക്കുന്നതും. സെബി വളരെ കര്‍ശനമായ പ്രവര്‍ത്തന രീതികളാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. കാലാകാലങ്ങളില്‍ ഓരോ മ്യൂച്വല്‍ ഫണ്ട് കമ്പനിയും  ഇടപാടുകളുടെ വിശദാംശങ്ങളും റിപ്പോര്‍ട്ടുകളും സെബിക്ക് നല്‍കുന്നുണ്ട്. വര്‍ഷാവര്‍ഷം സെബി ഓരാ കമ്പനിയുടെയും പ്രവര്‍ത്തനം വളരെ കര്‍ശനമായി പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ഓരോ മ്യൂച്വല്‍ ഫണ്ട് കമ്പനിക്കുമുള്ള ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് സെബിയുടെ നിബന്ധനകള്‍ക്ക് അനുസരിച്ചും നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം അനുസരിച്ചുമാണ് ഓരോ സ്‌കീമും പ്രവര്‍ത്തിക്കുന്നതെന്ന് സ്വയം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.

അതായത് മ്യൂച്വല്‍ ഫണ്ട് കമ്പനികളില്‍ നിക്ഷേപിക്കുന്ന പണം ഫണ്ട് കമ്പനികള്‍ തന്നിഷ്ടപ്രകാരം ഉപയോഗിച്ച് നിക്ഷേപകര്‍ക്ക് നഷ്ടം വരുത്തിവയ്ക്കാന്‍ സാധ്യതയില്ല. എന്നിരുന്നാലും മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപത്തിന് ബാങ്ക് സ്ഥിര നിക്ഷേപത്തിലേതുപോലെ ലാഭം ഉറപ്പുതരാന്‍ കഴിയില്ല. കാരണം ഇവയും നിക്ഷേപിക്കുന്നത് ഓഹരികളിലാണ്. അതുകൊണ്ടുതന്നെ ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ മുതലിനെയും ലാഭത്തെയും ബാധിക്കും.

ഇക്വിറ്റി ഫണ്ടുകളും ഡെറ്റ് ഫണ്ടുകളും

നിക്ഷേപകരുടെ പണം ഓഹരിയില്‍ നിക്ഷേപിക്കുന്നതാണ് ഇക്വിറ്റി ഫണ്ടുകള്‍. കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്നതാണ് ഡെറ്റ് ഫണ്ടുകള്‍. ഇക്വിറ്റി ഫണ്ടില്‍ നിന്നുള്ള ലാഭ സാധ്യത ഉയര്‍ന്നതാണ്. അതേപാലെ ഉയര്‍ന്നതാണ് നഷ്ടസാധ്യതയും. എന്നാല്‍ ഡെറ്റ് ഫണ്ടിലെ നിക്ഷേപത്തില്‍ നഷ്ടസാധ്യത വളരെ കുറവാണ്. അതേപോലെ ലാഭ സാധ്യതയ്ക്കും പരിമിതി ഉണ്ട്. ഇക്വിറ്റി ഫണ്ടിലെ ലാഭ സാധ്യത അനന്തമാണ്. എന്നാല്‍ ഡെറ്റ് ഫണ്ടില്‍ നിന്ന് പരമാവധി ബാങ്ക് സ്ഥിര പലിശ നിരക്കിനേക്കാള്‍ അല്‍പ്പം കൂടി കൂടതല്‍ കിട്ടാം. റിസ്‌ക് എടുക്കാവുന്ന പണം ഇക്വിറ്റി ഫണ്ടിലും റിസ്‌ക് ഉള്ള പണം ഡെറ്റ് ഫണ്ടിലും നിക്ഷേപിക്കാം.

ഭാവിയിലെ ജീവിത ലക്ഷ്യങ്ങള്‍ക്കായി പരമാവധി പ്രതിമാസം ഒരു നിശ്ചിത തുക സാമ്പാദിക്കുന്നു എന്നു കരുതുക. ഇനി ലക്ഷ്യത്തിലെത്താന്‍ മൂന്നുവര്‍ഷമേയുള്ളൂ എന്നു കരുതക. ഈ പ്രതിമാസ സമ്പാദ്യമാല്ലാതെ മറ്റൊന്നും കയ്യിലില്ല എന്നും കരുതുക. അത്തരം സാഹചര്യത്തില്‍ പ്രതിമാസ സമ്പാദ്യത്തില്‍ നിന്ന് ഒരു രൂപ പോലും നഷ്ടപ്പെടാന്‍ പാടില്ല. അത്തരം സാഹചര്യത്തില്‍ സമ്പാദ്യത്തില്‍ നിന്ന് ഒരു രൂപയുടെ പോലും റിസ്‌ക് എടുക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. പ്രതിമാസ സമ്പാദ്യം ഡെറ്റ് ഫണ്ടില്‍ മാത്രമേ നിക്ഷേപിക്കാവൂ. ഇനി ലക്ഷ്യത്തിലെത്താന്‍ 10 വര്‍ഷം ഉണ്ടെങ്കില്‍ സമ്പാദ്യത്തിന്റെ 60 ശതമാനം ഇക്വിറ്റി ഫണ്ടില്‍ നിക്ഷേപിക്കാം. 20 ശതമാനം ഡെറ്റ് ഫണ്ടിലും നിക്ഷേപിക്കാം. ഇനി ലക്ഷ്യത്തിലെത്താന്‍ 20 വര്‍ഷം ഉണ്ടെങ്കില്‍ 85 ശതമാനം പണവും ഇക്വിറ്റി ഫണ്ടില്‍ നിക്ഷേപിക്കാം. ബാക്കി മാത്രം ഡെറ്റ് ഫണ്ടില്‍ നിക്ഷേപിച്ചാല്‍ മതി.

ഇന്ത്യയില്‍ 50ഓളം മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയിലെല്ലാമായി 2000ത്തോളം ഫണ്ടുകളുമുണ്ട്.ഇവിയില്‍ നിന്ന് നിങ്ങള്‍ക്ക് ഉചിതമായത് തിരഞ്ഞെടുക്കക എന്നതിന് നല്ല ഗൃഹപാഠം ആവശ്യമാണ്. അഡൈ്വസര്‍, ഏജന്റ്, ഫിനാന്‍ഷ്യല്‍ പ്ലാനര്‍ എന്നിവരുടെ സഹായം ഇക്കാര്യത്തില്‍ തേടുന്നതില്‍ തെറ്റില്ല. മോണിങ് സ്റ്റാര്‍, വാല്യുറിസര്‍ച്ച്, ക്രിസില്‍ പോലുള്ള റേറ്റിങ് ഏജന്‍സികള്‍ മ്യൂച്വല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം വിലയിരുത്തി മൂന്നുമാസം കൂടുമ്പോള്‍ റേറ്റിങ് നല്‍കാറുണ്ട്. ഇത്തരം റേറ്റിങിനായി ഫണ്ട് ഉണ്ടാക്കുന്ന ലാഭത്തിന്റെ തോത് മാത്രമല്ല വിലയിരുത്തുന്നത്.  ഫണ്ട് ഏതെല്ലാം ഓഹരികളിലാണ് പണം നിക്ഷേപിച്ചിരിക്കുന്നത്, ആ ഓഹരികളിലെ നഷ്ടസാധ്യത തുടങ്ങിയവയും വിലയിരുത്തും. ഇത്തരം റേറ്റിങ് സൂചനകളായി എടുത്ത് മികച്ച ഫണ്ടുകള്‍ കണ്ടെത്താം. അവയെക്കുറിച്ച് സ്വന്തം നിലയില്‍ പഠിച്ചശേഷം നിക്ഷേപ തീരുമാനം എടുക്കണം.

വിവിധ തരം മ്യൂച്വല്‍ ഫണ്ടുകള്‍

ഡൈവേഴ്‌സിഫൈഡ് ഇക്വിറ്റി ഫണ്ടുകള്‍, ലാര്‍ജ് ക്യാപ് ഫണ്ടുകള്‍, മിഡ് ക്യാപ് ഫണ്ടുകള്‍, സമോള്‍ ക്യാപ് ഫണ്ടുകള്‍, ഫ്‌ളെക്‌സി ക്യാപ് ഫണ്ടുകള്‍, ടാക്‌സ് സേവിങ്‌സ് ഫണ്ടുകള്‍, തീമാറ്റിക് ഫണ്ടുകള്‍, സെക്ടറല്‍ ഫണ്ടുകള്‍ എന്നിങ്ങനെ പലവിധത്തിലുള്ള മ്യൂച്വല്‍ഫണ്ടുകളുണ്ട്. വൈവിധ്യമാര്‍ന്ന കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടാണ് ഡൈവേഴ്‌സിഫൈഡ് ഇക്വിറ്റി ഫണ്ടുകള്‍. ഉയര്‍ന്ന വിപണി മൂല്യം ഉള്ള കമ്പനികളുടെ ഓഹരികളില്‍ മാത്രം നിക്ഷേപിക്കുന്ന ഡൈവേഴ്‌സിഫൈഡ് ഇക്വിറ്റി ഫണ്ടുകളാണ് ലാര്‍ജ് ക്യാപ് ഫണ്ടുകള്‍. ഇടത്തരം . വിപണി മൂല്യം ഉള്ള കമ്പനികളുടെ ഓഹരികളില്‍ മാത്രം നിക്ഷേപിക്കുന്ന ഡൈവേഴ്‌സിഫൈഡ് ഇക്വിറ്റി ഫണ്ടുകളാണ് മിഡ് ക്യാപ് ഫണ്ടുകള്‍. കുറഞ്ഞ  വിപണി മൂല്യം ഉള്ള കമ്പനികളുടെ ഓഹരികളില്‍ മാത്രം നിക്ഷേപിക്കുന്ന ഡൈവേഴ്‌സിഫൈഡ് ഇക്വിറ്റി ഫണ്ടുകളാണ് സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍. ആദായ നികുതി നിയമത്തിനുവിധേയമായി മൂന്നുവര്‍ഷത്തെ ലോക്ക് ഇന്‍ പീരീഡുള്ള  ഫണ്ടുകളാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ടാക്‌സ് സേവര്‍ ഫണ്ടുകള്‍.

(പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് ട്രെയിനറുമാണ് ലേഖകന്‍ 
ഫോണ്‍: 9447667716, email: jayakumarkk8@gmail.com)

Content Highlights: mutual funds and woman investors