വ്യത്യസ്ത ആസ്തികളിലെ നിക്ഷേപത്തിന് ഒരിടം; മള്‍ട്ടി അസറ്റ് ഫണ്ടുകള്‍

പ്രതീകാത്മകചിത്രം | Shutterstock
പ്രതീകാത്മകചിത്രം | Shutterstock

അശ്വതിക്ക് സ്വര്‍ണത്തിലും എഫ്.ഡി.യിലും നിക്ഷേപമുണ്ട്. ശമ്പളം കിട്ടിയാല്‍ അതിലൊരു ഭാഗം സ്വര്‍ണത്തില്‍ നിക്ഷേപിക്കാനായി നീക്കിവെക്കും. കുടുംബസ്വത്ത് ഭാഗംവെച്ച വകയില്‍ കിട്ടിയ തുകയുപയോഗിച്ച് വസ്തു വാങ്ങിയിട്ടിട്ടുണ്ട്. സമ്പാദ്യപദ്ധതികളെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലെങ്കിലും ഭാവിയിലേക്കുള്ള കരുതലായിത്തന്നെയാണ് ഈ നിക്ഷേപമെല്ലാം. സ്ഥിരനിക്ഷേപം, ഓഹരി, സ്വര്‍ണം, റിയല്‍ എസ്‌റ്റേറ്റ് എന്നിങ്ങനെ വ്യത്യസ്ത ആസ്തികളില്‍ എളുപ്പത്തില്‍ നിക്ഷേപിക്കാനുള്ള അവസരം നിലവിലുണ്ട്. ഈ ആസ്തികളിലെ നേട്ടം വിപണിയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ വ്യത്യസ്ത ആസ്തികളില്‍ നിക്ഷേപിച്ച് പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാം. കുറഞ്ഞത് മൂന്ന് ആസ്തികളെങ്കിലും നിക്ഷേപത്തിനായി പരിഗണിക്കാം.

റിസ്‌ക് കുറച്ച്, മികച്ച ആദായം നേടാന്‍ വ്യത്യസ്ത ആസ്തികളിലെ നിക്ഷേപത്തിലൂടെ കഴിയും. ഉദാഹരണത്തിന്, ഓഹരിവിപണി അസ്ഥിരമാകുമ്പോള്‍ കടപ്പത്രം പോലുള്ള സ്ഥിരനിക്ഷേപപദ്ധതികള്‍ പോര്‍ട്ട് ഫോളിയോയെ വലിയ ഇടിവില്‍ നിന്ന് സംരക്ഷിക്കും. 

ദീര്‍ഘകാലം തുടര്‍ച്ചയായി ഒരു നിക്ഷേപ ആസ്തിക്ക് മുന്നേറാന്‍ കഴിയില്ലെന്ന് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. ഈ വര്‍ഷം ഓഹരിവിപണി മുന്നേറ്റം നടത്തിയെങ്കില്‍, അടുത്ത വര്‍ഷം അതാവര്‍ത്തിക്കണമെന്നില്ല. അതായത്, ഏത് ആസ്തി, ഏത് സമയത്ത് മികച്ച റിട്ടേണ്‍ നല്‍കുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ചുരുക്കം. ഓഹരി, സര്‍ക്കാര്‍ കടപ്പത്രം, സ്വര്‍ണം തുടങ്ങിയ ആസ്തികള്‍ വിവിധ വര്‍ഷങ്ങളില്‍ നല്‍കിയ റിട്ടേണ്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. 

മള്‍ട്ടി അസറ്റ് ഫണ്ടുകള്‍
മൂന്നോ അധിലധികമോ ആസ്തികളില്‍ നിക്ഷേപം നടത്തുന്നവയാണ് 'മള്‍ട്ടി അസറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍'. നിക്ഷേപത്തിനുവേണ്ടി വ്യത്യസ്ത ആസ്തികളുടെ പോര്‍ട്ട് ഫോളിയോ ഫണ്ട് മാനേജര്‍മാര്‍ ക്രമീകരിക്കുന്നു. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ വ്യവസ്ഥപ്രകാരം കൈകാര്യം ചെയ്യുന്ന തുകയുടെ പത്തുശതമാനമെങ്കിലും മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ടുകള്‍ മൂന്നോ അധിലധികമോ ആസ്തികളില്‍ നിക്ഷേപിക്കണം. വിപണി സാചഹചര്യം വിലയിരുത്തി വിവിധ ആസ്തികളിലെ നിക്ഷേപാനുപാതം ക്രമീകരിക്കാന്‍ നിക്ഷേപകര്‍ തലപുകയ്‌ക്കേണ്ടതില്ല. നേട്ട സാധ്യത കണക്കിലെടുത്ത് മികച്ച രീതിയില്‍ ഫണ്ട് മാനേജര്‍മാര്‍ അത് ചെയ്തുകൊള്ളും. 

ഹ്രസ്വ-ദീര്‍ഘ കാലയളവുകളില്‍ ഈ വിഭാഗത്തിലെ ഫണ്ടുകള്‍ മികച്ച ആദായം നല്‍കിയതായി കാണാം. ഒരു വര്‍ഷത്തിനിടെ നല്‍കിയ ശരാശരി റിട്ടേണ്‍ 28 ശതമാനമാണ്. മൂന്ന്- അഞ്ച് വര്‍ഷക്കാലയളവുകളിലാവട്ടെ, 18 ശതമാനവും. ഇടയ്ക്കിടെ ലാഭമെടുക്കാനോ പോര്‍ട്ട്‌ഫോളിയോ ക്രമീകരിക്കാനോ മിനക്കെടാതെ, ഏത് വിപണിസാഹചര്യത്തിലും വിവിധ ആസ്തികളിലെ നേട്ടം സ്വന്തമാക്കാന്‍ മള്‍ട്ടി അസറ്റ് ഫണ്ടിലെ നിക്ഷേപത്തിലൂടെ കഴിയും. 

Content Highlights: money too column multi asset funds