നിങ്ങള്‍ ഒരു ധാരാളിയാണോ? സംശയമുണ്ടെങ്കില്‍ ഈ ടെസ്റ്റിന് വിധേയമാകൂ

രണ്ടറ്റവും കൂട്ടിമുട്ടുന്നില്ല. പണം പലവഴിക്ക് വരുന്നുണ്ട്, പക്ഷേ വന്നതുപോലെ പോകുന്നു. ഏതുവഴിക്കാണ് പോകുന്നത് എന്ന് ഒരു എത്തും പിടിയുമില്ല. മാസശമ്പളക്കാരുടെ പതിവ് ദയനീയ അവസ്ഥയാണിത്.
സത്യത്തില്‍ നിങ്ങളുടെ പോക്കറ്റിലെ പണം ചോര്‍ത്തുന്ന മാടമ്പള്ളിയിലെ യഥാര്‍ഥ ധാരാളി നിങ്ങളുടെ ഉള്ളില്‍ തന്നെയാണ്. പുറമേക്ക് നിങ്ങള്‍ സാമ്പത്തിക അച്ചടക്കമുള്ളയാളാണ് തോന്നുമെങ്കിലും പണം ചെലഴിക്കുന്ന സന്ദര്‍ഭത്തില്‍ നിങ്ങളോ നകുലനോ അറിയാതെ ധാരാളിയെന്ന നിങ്ങളുടെ അപരവ്യക്തിത്വം പുറത്തിറങ്ങും. നിങ്ങള്‍ പോലുമറിയാതെ. ഈ നഗവല്ലിയെ പിടിച്ചുപുറത്താക്കാന്‍ എന്താണ് ചെയ്യേണ്ടത്. അതിന് ആദ്യം ഒരു ധാരാളി നിങ്ങളില്‍ ഉണ്ട് എന്ന സത്യം നിങ്ങള്‍ മനസിലാക്കുക എന്നതാണ്. കാരണം പണം ഉണ്ടാക്കുന്നതിനു തുല്യമാണ് ഉണ്ടാക്കിയ പണം പാഴാക്കാതിരിക്കുന്നത്.
പണം പാഴാക്കാതിരിക്കുക എന്നത് ഒരിക്കലും പിശുക്കല്ല. പിശുക്കല്ല സമ്പാദ്യം എന്നും മറക്കരുത്. ജീവിതം ആസ്വാദ്യകരമാക്കാന്‍ പണം ചെലവഴിക്കുകതന്നെ വേണം. പക്ഷേ പാഴ്ചിലവ് തടയണം. തങ്ങള്‍ ഒരു രൂപപോലും പാഴാക്കുന്നില്ല എന്നാണ് എല്ലാവരുടെയും വിശ്വാസം. എന്നിട്ടും രണ്ടറ്റവും കൂട്ടുമുട്ടുന്നില്ല എന്നാണ് ആവലാതി. പണം ചെലവഴിക്കുന്ന കാര്യത്തില്‍ മുന്‍വിധികള്‍ മാറ്റിനിര്‍ത്തി ഒരു ആത്മപരിശോധന നടത്തി നോക്കൂ.
ഇതാ അതിനുള്ള രണ്ട് സഹായികള്‍. താഴെപറയുന്ന ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ ഉത്തരങ്ങള്‍ ടിക് ചെയ്യുക. നിങ്ങള്‍ക്ക് ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പണം ചെലവഴിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ ഏതു സ്വഭാവക്കാരനാണ് എന്ന് കണ്ടെത്താം.
- ഷോപ്പിങിന് പോകുമ്പോള്‍ കുടുംബാംഗങ്ങള്‍ കൂടെയുണ്ടാകുമോ?
ഉണ്ട്/ഇല്ല - ഷോപ്പിങിന് മുന്‍കൂട്ടി ലിസ്റ്റ് തയാറാക്കുന്ന പതിവുണ്ടോ?
ഉണ്ട്/ഇല്ല - ലിസ്റ്റില്‍ ഉള്‍പ്പെടാത്ത സാധനങ്ങള്‍ വാങ്ങുന്ന പതിവുണ്ടോ?
ഉണ്ട്/ഇല്ല - ഉല്‍പ്പന്നങ്ങള്‍ വാങ്ങും മുന്‍പ് അതിന്റെ മൂല്യം, ആവശ്യകത വിലയിരുത്താറുണ്ടോ?
ഉണ്ട്/ഇല്ല - ആവശ്യം വരുമ്പോള്‍ അപ്പപ്പോള്‍ സാധനം വാങ്ങുകയാണോ?
അതെ/അല്ല - ഭാവിയിലേക്ക് മുന്‍കൂറായി സാധനങ്ങള്‍ വാങ്ങി വയ്ക്കുന്ന പതിവുണ്ടോ?
ഉണ്ട്/ഇല്ല - ഡിസ്‌കൗണ്ട് സെയില്‍ പ്രയോജനപ്പെടുത്താറുണ്ടോ?
ഉണ്ട്/ഇല്ല - കച്ചവടക്കാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഉല്‍പ്പന്നങ്ങള്‍ വാങ്ങാറുണ്ടോ?
ഉണ്ട്/ഇല്ല - പണം നല്‍കും മുമ്പ് ഓരോന്നിന്റെയും വില പ്രത്യേകം ചോദിച്ചറിയാറുണ്ടോ?
ഉണ്ട്/ഇല്ല - ഷോപ്പിങിന് ഇറങ്ങുമ്പോള്‍ ആവശ്യത്തിലധികം പണം കൈയില്‍ കരുതാറുണ്ടോ?
ഉണ്ട്/ഇല്ല
ഈ പത്തു ചോദ്യങ്ങളില്‍ അഞ്ചെണ്ണത്തിനെങ്കിലും ഉണ്ട് എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ ഷോപ്പിങില്‍ വിവേകപൂര്‍വം പണം ചെലവഴിക്കുന്ന വ്യക്തിയാണ് നിങ്ങള്‍. അഞ്ചിലധികം ചോദ്യങ്ങള്‍ക്ക് ഇല്ല എന്നാണ് ഉത്തരമെങ്കില്‍ നിങ്ങളുടെ ഷോപ്പിങ് സ്വഭാവത്തില്‍ കാതലായ മാറ്റം വരുത്താന്‍ വൈകരുത്. അഞ്ചെണ്ണത്തിന് മാത്രമാണ് ഉണ്ട് എന്ന ഉത്തരമെങ്കില്‍ നിങ്ങള്‍ ഏതുനിമിഷവും പണം ചെലഴിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണം.
പണമെവിടെപ്പോകുന്നു?
കെെയിൽ എത്ര പണം വന്നാലും നില്‍ക്കില്ല. എങ്ങോട്ടുപോയി എന്നറിയില്ല. പക്ഷേ എത്ര ആലോചിച്ചിട്ടും അതിന്റെ കാരണം പിടികിട്ടുകയുമില്ല. അതിന്റെ കാരണം കണ്ടെത്താന്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി നിങ്ങളുടെ സ്‌കോര്‍ കണ്ടുപടിക്കുക.
- ശമ്പളം കിട്ടുമ്പോള്‍ തന്നെ അതതു മാസത്തെ ചെലവിനുള്ള തുക ഇനം തിരിച്ച് കൈകാര്യം ചെയ്യാറുണ്ടോ?
- ഉത്തരം: അതെ- 0 / ഇല്ല- 1
- ബാക്കി കൈയിലുള്ള പണം മുഴുവനും ദിവസവും ഓഫീസില്‍ പോകുമ്പോഴോ യാത്രയിലോ പേഴ്‌സില്‍ കരുതാറുണ്ടോ?
ഉത്തരം: അതെ- 0 / ഇല്ല- 1 - കടയില്‍ കയറുമ്പോള്‍ ഉദ്ധേശിച്ച സാധനമല്ലാതെ മറ്റെന്തെങ്കിലും കൂടി ആകര്‍ഷണം തോന്നി വാങ്ങുന്ന പതിവുണ്ടോ?
ഉത്തരം: അതെ- 0 / ഇല്ല- 1 - സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒപ്പമുള്ള ആഘോഷത്തില്‍ ബില്ല് താന്‍ തന്നെ നല്‍കിയില്ല എങ്കില്‍ കുറച്ചില്‍ അനുഭവപ്പെടാറുണ്ടോ?
ഉത്തരം: അതെ- 0 / ഇല്ല- 1 - കൂട്ടുകാര്‍ക്കോ പരിചയക്കാര്‍ക്കോ പണം കടം കൊടുത്താല്‍ ആ വിവരം എഴുതി സൂക്ഷിക്കാറുണ്ടോ?
ഉത്തരം: അതെ- 0 / ഇല്ല- 1 - ബില്ലുകള്‍ അടയ്ക്കാന്‍ അവസാന തീയതി വരെ കാത്തിരിക്കുമോ?
ഉത്തരം: അതെ- 0 / ഇല്ല- 1 - പണം കടം കൊടുത്ത ശേഷം അത് തിരികെ ചോദിക്കാന്‍ ബുദ്ധിമുട്ട് തോന്നാറുണ്ടോ?
ഉത്തരം: അതെ- 0 / ഇല്ല- 1 - പുറത്തു നിന്ന് ഭക്ഷണം കഴിക്കുമ്പോഴോ ചായ, ശീതള പാനീയങ്ങള്‍ മദ്യം തുടങ്ങിയവ കഴിക്കുമ്പോഴോ കമ്പനി നിര്‍ബന്ധമാണോ?
ഉത്തരം: അതെ- 0 / ഇല്ല- 1 - സമ്മാനങ്ങള്‍ നല്‍കുമ്പോള്‍ അത് അത്ഭുതപ്പെടുത്തുന്ന രീതിയിലാവണമെന്ന് കരുതുന്നുണ്ടോ?
ഉത്തരം: അതെ- 0 / ഇല്ല- 1 - സാധനം വാങ്ങുമ്പോള്‍ ഓരോന്നിന്റെയും വില കൃത്യമായി ചോദിക്കുകയും കണക്കുകൂട്ടി പണം നല്‍കുകയും ചെയ്യാറുണ്ടോ?
ഉത്തരം: അതെ- 0 / ഇല്ല- 1
നിങ്ങളുടെ സ്‌കോര്‍
10 ചോദ്യത്തിനും 10 ല്‍ 10 മാര്‍ക്കും ലഭിച്ചുവെങ്കില്‍ നിങ്ങള്‍ ധാരാളി തന്നെ. ഒരു മാര്‍ക്കും ലഭിച്ചില്ല എങ്കില്‍ നിങ്ങള്‍ ധാരാളിയല്ല. 10 ല്‍ 5 നും 10 നും ഇടയില്‍ മാര്‍ക്കാണ് ലഭിച്ചതെങ്കില്‍ ഒരു ധാരാളിയായി മാറിക്കൊണ്ടിരിക്കുകയാണ് നിങ്ങള്‍. 5 ല്‍ താഴെയാണ് മാര്‍ക്കെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ ധാരാളിയല്ല. പക്ഷെ പണം സൂക്ഷിച്ച് ചെലവഴിച്ചില്ലെങ്കില്‍ ഉടന്‍ ധാരാളിയാവും.
(ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ഫോണ്‍ 9447667716 ഇമെയ്ല്‍ jayakumarkk8@gmail.com)
Content Highlights: money spending analysis survey