മെത്തകൾ കൂടുതൽ കാലം ഉപയോഗിക്കാൻ ഈ ടിപ്പുകൾ പരീക്ഷിക്കാം

പ്രതീകാത്മക ചിത്രം/ Freepik
പ്രതീകാത്മക ചിത്രം/ Freepik

കിടന്നുറങ്ങുന്ന മെത്തയിലെ എല്ലാ ഭാഗവും ഒരേപോലെ അല്ല എന്ന് തോന്നാറുണ്ടോ? പലപ്പോഴും മെത്ത താഴ്ന്നുപോകുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ? മെത്ത ഇടയ്ക്കിടയ്ക്ക് മാറ്റി വാങ്ങുക എന്നത് പ്രായോഗികമല്ല. രസകരമായ കാര്യം എന്തെന്നാല്‍, പ്രശ്‌നം മിക്കവാറും മെത്തയില്‍ ആയിരിക്കില്ല. യഥാര്‍ത്ഥ പ്രശ്‌നം നമ്മുടെ ദൈനംദിന ശീലങ്ങളാണ്. നമ്മള്‍ വൃത്തിയുള്ള ഷീറ്റുകളും മനോഹരമായ തലയിണകളും കൊണ്ട് അലങ്കരിക്കുമ്പോള്‍, അതിനടിയിലെ മെത്തയ്ക്ക് പരിചരണങ്ങളൊന്നും ലഭിക്കുന്നില്ല. നിങ്ങളുടെ കിടക്കകള്‍ കേടുപാടുകള്‍ ഇല്ലാതെ പരിപാലിക്കാനുള്ള ലളിതമായ ചില വഴികള്‍ ഇതാ.

നിങ്ങളുടെ മെത്ത ദീര്‍ഘകാലം നിലനില്‍ക്കണമെങ്കില്‍  രണ്ട് മുതല്‍ മൂന്ന് മാസം കൂടുമ്പോള്‍ മെത്ത തിരിച്ചിടുന്നത് നല്ലതാണ്. ഇങ്ങനെ റൊട്ടേറ്റ് ചെയ്യുന്നത് മെത്തയുടെ ഉപരിതലം തുല്യമായി നിലനിര്‍ത്തുന്നു. മെത്തയുടെ ഒരു ഭാഗം മാത്രം കൂടുതൽ ഉപയോഗിക്കുമ്പോൾ ആ ഭാഗം കുഴിഞ്ഞതായി തോന്നാം. മെത്തയുടെ എല്ലാ ഭാഗവും ഒരുപോലെ നിലനിര്‍ത്താനാണ് ഇങ്ങനെ ചെയ്യുന്നത്.

ഇരുവശവും ഉപയോഗിക്കാന്‍ പറ്റുന്ന മോഡലുകളിലുളള മെത്തകള്‍, ഓരോ വശവും ആറ് മാസം കൂടുമ്പോഴും മറിച്ചിട്ട് ഉപയോഗിക്കാം. മെത്തയ്ക്കകത്തെ സ്പ്രിങ്ങുകളും പഞ്ഞികളും സംരക്ഷിക്കുന്നതിനായി മെത്ത ഉയര്‍ത്തുമ്പോള്‍ എല്ലാ വശവും ചേര്‍ത്ത് പിടിക്കുക.

മെത്ത വാങ്ങുമ്പോൾ നല്ലത് തന്നെ തിരഞ്ഞെടുക്കുക. മെത്തപോലെ തന്നെ അതിനടിയിലുളള കട്ടിലും ശ്രദ്ധയോടെ തിരഞ്ഞെടുക്കണം. കട്ടിലിന്റെ ബലഹീനത കാരണം മെത്ത താഴ്ന്നുപോവുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യാം.

മെത്ത കേടുപാടുകളില്ലാതെ സംരക്ഷിക്കാന്‍ ഈര്‍പ്പം, കറകള്‍, പൊടി എന്നിവ ഏല്‍ക്കാതിരിക്കുന്നതാണ് ഉത്തമം. അതിനായി മെത്തയ്ക്ക് കവര്‍ ഇട്ട് ഉപയോഗിക്കുക. ഒരുപാട് ബ്രാൻഡുകളുടെ കവര്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. കിടപ്പുമുറി പരമാവധി വൃത്തിയായി സുക്ഷിക്കുക. മുറിയിലെ ഈര്‍പ്പവും ശുചിത്വമില്ലായ്മയും മെത്തയെയും ബാധിക്കും. എണ്ണകളും അഴുക്കും മെത്തയുടെ അടിയിലേക്ക് ഊര്‍ന്നിറങ്ങാതിരിക്കാന്‍ ആഴ്ചതോറും ബെഡ് ഷീറ്റുകള്‍ മാറ്റുക. ബെഡ് ഷീറ്റ് മാറ്റുന്ന സമയത്ത്, ഉള്ളില്‍ തങ്ങിനില്‍ക്കുന്ന ചൂട് പുറത്തുപോകാനായി മെത്ത കുറച്ച് സമയം വെയിലുകൊളളിക്കുന്നതും നല്ലതാണ്.

മെത്ത കീറാതിരിക്കാനും തേയ്മാനം ഉണ്ടാവാതിരിക്കാനും വളര്‍ത്തു മൃഗങ്ങളെ അതിൽ കയറ്റാതിരിക്കുക. ഇങ്ങനെ വളരെ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മെത്തകള്‍ കൂടുതല്‍ കാലം ഉപയോഗിക്കാന്‍ സാധിക്കും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Learn how to extend your mattress`s life with simple rotation, cleaning, and protection tips. Prevent sagging and damage for a comfortable sleep.