അടുക്കള മുതല്‍ ശുചിമുറി വരെ: നാരങ്ങകൊണ്ട് വീട് തിളങ്ങാന്‍ 15 വഴികള്‍

പ്രതീകാത്മകചിത്രം (AI Generated)
പ്രതീകാത്മകചിത്രം (AI Generated)

ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ചെറു നാരങ്ങ. അതിന്റെ സുഗന്ധവും രുചിയും എല്ലാം നാരങ്ങയെ നമ്മുടെ അടുക്കളകളിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാക്കി മാറ്റുന്നുണ്ട്. എന്നാല്‍ ഭക്ഷണമായി മാത്രമല്ല മറ്റുപലഗുണങ്ങളുമുണ്ട് നാരങ്ങയ്ക്ക്. എത്ര ഉരച്ചാലും തേച്ചലും പോകാത്ത അഴുക്കിനെയൊക്ക അലിയിച്ചു കളയാന്‍ നാരങ്ങയൊരെണ്ണം മതി. നല്ലൊരു ക്ലീനിങ് സഹായിയാണ് നാരങ്ങ. പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും കറകളും നീക്കാനും ദുര്‍ഗന്ധമകറ്റാനുമൊക്കെ ഇനി നാരങ്ങയെ കൂട്ടുപിടിച്ചാലോ?

1. കട്ടിങ് ബോര്‍ഡ് വൃത്തിയാക്കാന്‍- കട്ടിങ് ബോര്‍ഡില്‍ അല്പം ഉപ്പ് വിതറിയ ശേഷം പകുതി നാരങ്ങ ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുക. ശേഷം വെള്ളമൊഴിച്ച് നന്നായി കഴുകുക. കട്ടിങ് ബോര്‍ഡിലെ കറകളൊക്കെ നീങ്ങി വൃത്തിയാവാന്‍ ഇത് സഹായിക്കും.

2. ഫ്രിഡ്ജ്, ഓവന്‍ ഡോര്‍ എന്നിവ വൃത്തിയാക്കാന്‍- ഒരു സ്‌പ്രേബോട്ടിലില്‍ വെള്ളം നിറച്ച് അതിലേക്ക് നാരങ്ങാനീര് മിക്‌സ് ചെയ്യുക. ഈ മിശ്രിതം ഫ്രിഡിജിലും ഓവന്‍ ഡോറിലും സ്‌പ്രേചെയ്ത ശേഷം അഞ്ചോ പത്തോ മിനിറ്റ് കഴിഞ്ഞ് തുടച്ച് വൃത്തിയാക്കാം.

3. സിങ്കില്‍ നിന്നുള്ള ദുര്‍ഗന്ധം അകറ്റാന്‍- അര കപ്പ് ബേക്കിങ് സോഡയില്‍ പകുതി നാരങ്ങയുടെ നീര് മിക്‌സ് ചെയ്യുക. ഇത് സിങ്കിലേക്ക് ഒഴിച്ച് അല്പസമയം കഴിഞ്ഞ് തണുത്തവെള്ളമൊഴിച്ച് കഴുകുക.

4. ഗ്ലാസ് പാത്രങ്ങള്‍ തിളങ്ങാന്‍- ഗ്ലാസ് പാത്രങ്ങള്‍ കുറച്ച് നാള്‍ ഉപയോഗിക്കുമ്പോള്‍ മങ്ങല്‍ വരാറുണ്ട്. ഇത് മാറാന്‍ നാരങ്ങാ നീര് ചേര്‍ത്ത വെള്ളത്തില്‍ പാത്രങ്ങള്‍ മുക്കിവെച്ച ശേഷം ബേക്കിങ് സോഡ കൊണ്ട് ഉരച്ചു കഴുകാം. പാത്രങ്ങള്‍ തിളങ്ങും.

5. വീടിനുള്ളിലെ ദുര്‍ഗന്ധമകറ്റാന്‍- നാരങ്ങകൊണ്ട് ഉഗ്രന്‍ എയര്‍ഫ്രഷ്‌നര്‍ തയ്യാറാക്കാം. ഒരുപിടി ഗ്രാമ്പുവിലേക്ക് രണ്ട് കഷണം നാരങ്ങ ചേര്‍ത്ത് ചെറുതീയില്‍ 30 മിനിറ്റ് തിളപ്പിച്ചെടുക്കുക.

6. ജനാലച്ചില്ലുകള്‍ വൃത്തിയാക്കാന്‍- ഒരു സ്‌പ്രേബോട്ടിലില്‍ നാരങ്ങാനീരും വെള്ളവും നിറച്ച് ചില്ലുകളില്‍ സ്‌പ്രേ ചെയ്യുക. കുറച്ച് സമയത്തിന് ശേഷം മൈക്രോഫൈബര്‍ തുണികൊണ്ട് തുടച്ച് വൃത്തിയാക്കാം.

7. മെറ്റല്‍ പൈപ്പുകള്‍, ഷവര്‍ഹെഡ് എന്നിവ ഭംഗിയാകാന്‍- ഒരു പാത്രത്തില്‍ നാരങ്ങാനീര്, ഉപ്പ് എന്നിവ മിക്‌സ് ചെയ്തശേഷ മെറ്റല്‍ പ്രതലങ്ങള്‍ അവ ഉപയോഗിച്ച് ഉരച്ച് കഴുകാം.

8. വാഷ് ബേസിനിലെ സോപ്പ് കറകള്‍ പോകാന്‍- നാരങ്ങാ നീര് വെള്ളത്തില്‍ മിക്‌സ് ചെയ്ത് തുടച്ചാല്‍ വാഷ്‌ബേസിനിലെയും മറ്റും സോപ്പ് കറകള്‍ പോകും. 

9. സ്റ്റൗടോപ്പ് വൃത്തിയാക്കാന്‍- സ്റ്റൗ ടോപ്പിന് മുകളില്‍ ബേക്കിങ് സോഡയും നാരങ്ങാനീരും ചേര്‍ത്ത മിശ്രിതം പുരട്ടുക. ശേഷം ഒരു കഷണം നാരങ്ങയുപയോഗിച്ച് സ്‌ക്രബ് ചെയ്യുക. ഇനി രണ്ടോ മൂന്നോ മിനിറ്റിന് ശേഷം നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുക.

10. സ്‌റ്റോറേജ് കണ്ടെയ്‌നേഴ്‌സിലെ കറകളയാന്‍- പച്ചക്കറികളും കറികളും മറ്റുമിട്ട് അടച്ചുസൂക്ഷിക്കുന്ന പ്ലാസ്റ്റിക്ക് പാത്രങ്ങളിലെ കറ ഒരു തലവേദനയാണ്. ഇത് കളയാന്‍ മുറിച്ച നാരങ്ങയുപയോഗിച്ച് കണ്ടെയ്‌നറുകള്‍ ഉരച്ച് കഴുകിയാല്‍ മതി.

11. ഗ്രില്‍ വൃത്തിയാക്കാന്‍- ഗ്രില്‍ നന്നായി ചൂടാക്കിയ ശേഷം നാരങ്ങയുടെ പകുതി ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കാം. കൈപൊള്ളാതിരിക്കാന്‍ ടോങ്‌സ് ഉപയോഗിച്ച് നാരങ്ങ പിടിക്കാം.

12. കരിഞ്ഞുപിടിച്ച പാത്രങ്ങള്‍- കരിഞ്ഞു പിടിച്ച പാത്രങ്ങള്‍ മിനുക്കുന്നത് ചില്ലറപ്പണിയല്ല. ഇത്തരം പാത്രങ്ങൾ കഴുകാൻ നാരങ്ങ ഉപയോഗിക്കാം. ആദ്യം നാരങ്ങ കഷണങ്ങളായി മുറിച്ച്  ഒരു വലിയ പാത്രത്തിലിടുക. ഇതില്‍ വെളളം നിറച്ച് കരിഞ്ഞുപിടിച്ച ഭാഗം മുങ്ങുന്ന രീതിയില്‍ വൃത്തിയാക്കാനുള്ള പാത്രം ഇറക്കിവയ്ക്കുക. ഇനി വെള്ളം തിളപ്പിക്കാം. ചൂടാറിയ ശേഷം പാത്രം പുറത്തെടുത്ത് കഴുകിയാല്‍ മതി.

13. ഓവന്‍ ക്ലീനാക്കാന്‍- ഓവനില്‍ നാരങ്ങാനീര് ചേര്‍ത്ത വെള്ളം 30 മിനിറ്റ് തിളപ്പിക്കുക. ഓവന്‍ തണുത്ത ശേഷം ഒരു വൈപ്പ് ഉപയോഗിച്ച് ഇതിനുള്ളിലെ നീരാവിയെല്ലാം തുടച്ച് നീക്കാം.

14. തറ തുടയ്ക്കാന്‍- നാരങ്ങാനീരും കുറച്ച് വിനാഗിരിയും വെള്ളത്തില്‍ ചേര്‍ത്ത് തറതുടച്ചാല്‍ നന്നായി വൃത്തിയാകുകയും ദുര്‍ഗന്ധമകലുകയും ചെയ്യും.

15. തുരുമ്പിനെ ഒഴിവാക്കാന്‍- തുരുമ്പ് പിടിച്ച പാത്രങ്ങള്‍, കത്തികള്‍, ട്രേകൾ എന്നിവ നാരങ്ങാനീരും ഉപ്പും ചേര്‍ന്ന മിശ്രിതമുപയോഗിച്ച് തുടച്ച് വൃത്തിയാക്കാം.

പ്രകൃതിദത്തമായ കല്ലുകള്‍, മരം കൊണ്ടുള്ള സാധനങ്ങള്‍, ഇലക്ട്രോണിക്‌സ്, അപ്‌ഹോള്‍സ്റ്ററി തുടങ്ങിയ പ്രതലങ്ങളില്‍ നാരങ്ങയും നാരങ്ങ അടിസ്ഥാനമാക്കിയുള്ള ക്ലീനറുകളും ഉപയോഗിക്കുന്നത് ഒഴിവാക്കുക, കാരണം നാരങ്ങയുടെ അസിഡിറ്റി അവയെ കേടുവരുത്താന്‍ സാധ്യതയുണ്ട്. മാര്‍ബിള്‍ ഉപയോഗിച്ച് പ്രതലങ്ങളില്‍ നാരങ്ങാമിശ്രിതം ഉപയോഗിക്കുന്നതും ഒഴിവാക്കുക.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover 15 natural and effective ways to use lemons to clean, freshen, and make your home sparkle.