നിക്ഷേപിക്കാന്‍ വൈകിയാല്‍ വലിയ വിലകൊടുക്കേണ്ടിവരും

ഒരേ ദിവസം ഒരേ സ്ഥാപനത്തില്‍ ജോലിക്ക് കയറിയവരാണ് അബിനും സന്ദീപും. കുറച്ച് കുടുംബ പ്രാരാബ്ദങ്ങളൊക്കെയുള്ളതിനാല്‍ കരുതലോടെയാണ് അബിന്റെ ജീവിതം. സന്ദീപാകട്ടെ വീക്കെന്‍ഡ് ട്രിപ്പുകളും വിലകൂടിയ സ്മാര്‍ട്ട്ഫോണുമൊക്കെയായി മുന്നോട്ടുപോകുന്നു.
ശമ്പളത്തില്‍നിന്ന് ചെലവ് കഴിച്ച് നല്ലൊരു തുക വിവിധ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി നീക്കിവെക്കാന്‍ അബിന്‍ ശ്രദ്ധിച്ചിരുന്നു. സന്ദീപാകട്ടെ നിക്ഷേപത്തിനും ഭാവിയിലേക്കുള്ള കരുതലിനും അത്ര പ്രാധാന്യം നല്‍കിയില്ല.
25-ാമത്തെ വയസ്സിലാണ് അബിന് ജോലി ലഭിച്ചത്. വിരമിച്ചശേഷം ജീവിക്കാനുള്ള തുക സമാഹരിക്കാന്‍ 10,000 രൂപ വീതം മാസംതോറും മ്യൂച്വല്‍ ഫണ്ടില്‍ എസ്.ഐ.പിയായി നിക്ഷേപിച്ചുപോന്നു. ഇപ്പോള്‍ അദ്ദേഹത്തിന് 35 വയസ്സായി. ഇതുവരെ നിക്ഷേപം മുടക്കിയിട്ടില്ല.
റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് സന്ദീപ് ചിന്തിച്ചത് 40-ാംവയസ്സില്‍ എത്തിയപ്പോഴാണ്. അബിനുമായുള്ള സൗഹൃദ സംഭാഷണത്തിനിടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുള്ള നിക്ഷേപത്തെക്കുറിച്ച് പറഞ്ഞപ്പോഴായിരുന്നു സന്ദീപ് അതേക്കുറിച്ച് ആലോചിക്കുന്നതുതന്നെ. ഉടനെ നിക്ഷേപം തുടങ്ങാന്‍ അദ്ദേഹം തീരുമാനിക്കുകയും ചെയ്തു.
എത്രയുംനേരത്തെ നിക്ഷേപം ആരംഭിച്ചാല്‍ അനായാസേന സാമ്പത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാം. ഉദാഹരണത്തിന്, 25-ാം വയസ്സില്‍ 10,000 രൂപ വീതം നിക്ഷേപിക്കുന്നുവെന്ന് കരുതുക. പ്രതിമാസം 12 ശതമാനം വാര്‍ഷിക ആദായ പ്രകാരം 60 വയസ്സാകുമ്പോള്‍ 6,49,09,595 രൂപ സ്വന്തമാക്കാം(42 ലക്ഷം രൂപയാണ് ഈകാലയളവിലെ നിക്ഷേപ തുക). മറിച്ച് 35-ാമത്തെ വയസ്സിലാണെങ്കില്‍ ഈ തുകയുടെ നിക്ഷേപത്തില്‍നിന്ന് 1,89,76,351 രൂപയാണ് ലഭിക്കുക(നിക്ഷേപിച്ച തുക 30 ലക്ഷം രൂപ). 10 വര്‍ഷത്തെ വൈകലിന് കൊടുക്കേണ്ടിവരുന്ന വില നാലര കോടിയിലേറെ!
10 വര്‍ഷം മുമ്പാണ് മാസം തോറും 10,000 രൂപ വീതം റിട്ടയര്‍മെന്റ് ജീവിതത്തിനായി അബിന്‍ നീക്കിവെയ്ക്കാന്‍ തുടങ്ങിയത്. 40,000 രൂപയാണ് നിലവിലെ ജീവിത ചെലവ്. ആറ് ശതമാനം ശരാശരി പണപ്പെരുപ്പം കൂടി ചേരുമ്പോള്‍ 35 വര്‍ഷം കഴിഞ്ഞാല്‍ 80 വയസ്സുവരെ ജീവിക്കാന്‍ മാസംതോറും മൂന്ന് ലക്ഷം രൂപയിലേറെ കണ്ടെത്തേണ്ടിവരും. അതായത് മൊത്തമായി സമാഹരിക്കേണ്ട തുക ആറു കോടി രൂപയിലേറെ. നിക്ഷേപം നേരത്തെ തുടങ്ങിയതിനാല്‍ ഈ തുക ലഭിക്കാന്‍ നിലവിലെ നിക്ഷേപം മതിയാകും.
സന്ദീപാകട്ടെ, 40-ാം വയസ്സിലാണ് ഇതേക്കുറിച്ച് ആലോചിക്കുന്നതുതന്നെ. പ്രതിമാസം 26,000 രൂപയെങ്കിലും നീക്കിവെച്ചെങ്കില്‍ മാത്രമേ ജീവിത ചെലവിനുള്ള തുക കണ്ടെത്താന്‍ കഴിയൂ.
Content Highlights: investment plans for retirement