വീടുപണിയാന്‍ സ്ഥലം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ഉറപ്പായും ഓര്‍ക്കണം

സ്വപ്നവീട് നിര്‍മ്മിക്കണമെങ്കില്‍ ആദ്യം മനസ്സിനിണങ്ങിയ നല്ലൊരു സ്ഥലം കണ്ടുപിടിക്കണം. കുടുംബ വിഹിതം കിട്ടിയ സ്ഥലത്തില്‍ വീടുണ്ടാക്കാന്‍ എളുപ്പമാണ്. വീടിനുള്ള പണം മാത്രം കണ്ടെത്തിയാല്‍ മതിയാവും. എന്നാല്‍ അതില്ലാത്തവര്‍ക്ക് സ്ഥലം വാങ്ങാനുള്ള ചെലവുകൂടി കണ്ടെത്തേണ്ടതുണ്ട്. നഗരത്തിലായാലും നാട്ടിന്‍പുറത്തായാലും വിലയില്‍ വലിയ വ്യത്യാസമൊന്നും കാണില്ല. ബിസിനസ്സ് വളരെമോശം, കച്ചവടം ഒന്നും നടക്കുന്നില്ല എന്നൊക്ക ചായക്കടയിലും ബാര്‍ബര്‍ ഷോപ്പിലും അന്തിചര്‍ച്ചകളിലും സംസാരവിഷയമാണെങ്കിലും സ്ഥലം വാങ്ങാന്‍ പോകുമ്പോള്‍ ഒരു ഉടമസ്ഥനും വില കുറച്ചു നല്‍കാന്‍ തയ്യാറാകില്ല. കയ്യിലുള്ള പൈസ മുഴുവന്‍ കൊടുത്ത് സ്ഥലം വാങ്ങിയവര്‍ വീടുണ്ടാക്കാന്‍ ഒരു ഡിസൈനറെ സമീപിക്കുമ്പോഴാണ് ചെലവ് എത്ര കൂടുതല്‍ ആണെന്ന് അറിയുന്നത്. തുടര്‍ന്ന് അതുവരെയുണ്ടായ താല്പര്യങ്ങളെല്ലാം അസ്തമിക്കുകയും ഇനി പണമാകുമ്പോള്‍ വീടിനെക്കുറിച്ചു ചിന്തിക്കാം എന്നു പറഞ്ഞ് ഒന്നോ രണ്ടോ വര്‍ഷം വീണ്ടും കാത്തിരിക്കുകയുമാണ് ചെയ്യാറുള്ളത്. ഫലമോ മെറ്റീരിയല്‍, ലേബര്‍ ചെലവുകള്‍ തുടങ്ങിയവയെല്ലാം രണ്ടു വര്‍ഷം കൊണ്ട് കൂടുകയും ചെയ്യും.
സ്ഥലം വാങ്ങി വീട് വെക്കുന്നവര്‍ തീര്‍ച്ചയായും സ്ഥലം വാങ്ങുന്നതിനു മുന്‍പുതന്നെ ആകെ ചെലവ് മനസ്സിലാക്കി തങ്ങള്‍ക്ക് ചെലവഴിക്കാന്‍ കഴിയുന്ന ഒരു ബജറ്റ് കണക്കാക്കണം. അതിനനുസരിച്ച് ആവശ്യങ്ങളില്‍ അല്പം വിട്ടുവീഴ്ചയാവാം. ബജറ്റ് കുറവാണെങ്കില്‍ പത്ത് സെന്റ് എട്ടു സെന്റാക്കി തൃപ്തിപ്പെടാം. 2000 സ്‌ക്വയര്‍ഫീറ്റ് വീട് വെക്കണം എന്ന് ആഗ്രഹിച്ചവര്‍ 1800 സ്‌ക്വയര്‍ഫീറ്റ് ആക്കി ഏരിയ കുറച്ചു നിര്‍മ്മിക്കാനും തയ്യാറാകേണ്ടിവരും. അങ്ങനെയെങ്കില്‍ ഒരുപരിധിവരെ വീട് നിര്‍മ്മാണസമയത്തുള്ള ടെന്‍ഷന്‍ ഒഴിവാക്കാം.
സ്ഥലം വാങ്ങുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു പ്ലോട്ട് വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നു നോക്കാം.
* ഏറ്റവും പ്രധാനം വാഹനസൗകര്യം തന്നെയാണ്. വീതിയുള്ള റോഡ് അത്യാവശ്യമാണ്. നഗരത്തില്‍ എല്ലാ കട്ട് റോഡുകളും നിസ്സാന്‍ റോഡുകളാണ്. നിസ്സാന്‍ ലോറി അതിലെപോകും എന്ന് സാരം. എന്നാല്‍ ഈ വഴികളിലൂടെ കുറെയേറെ ദൂരം വളവും തിരിവുമായി സഞ്ചരിക്കാനുണ്ടെങ്കില്‍ വാഹനവുമായി പോകുമ്പോള്‍ പണികിട്ടും. പ്രത്യേകിച്ച് വലിയ വാഹനങ്ങള്‍ ഉള്ളവര്‍ക്ക്.
* വാങ്ങുന്ന സ്ഥലം റോഡിന്റെ ലെവലൊ ഉയര്‍ന്നിട്ടോ ആണ് നല്ലത്.
* ചില പ്ലോട്ടുകള്‍ റോഡ് നിരപ്പില്‍ നിന്നും ഒരുപാട് താഴ്ന്ന് കിടക്കുന്നുണ്ടാകും. ഇത്തരം പ്ലോട്ടുകള്‍ തൊട്ടടുത്ത പ്ലോട്ടിനെക്കാള്‍ നല്ല വില കുറച്ചു കിട്ടുമ്പോള്‍ അത് വാങ്ങാന്‍ ചിലര്‍ തയ്യാറാകും. അപ്പോഴത്തെ ലാഭമാണ് ഇവര്‍ നോക്കുന്നത്. എന്നാല്‍ ഇത്തരം പ്ലോട്ടുകള്‍ വാങ്ങിയാല്‍ വീട് നിര്‍മ്മാണ സമയത്ത് ഫൗണ്ടേഷനും മണ്ണിട്ട് നികത്താനുമായി നല്ലൊരു തുക അധികം ചെലവഴിക്കേണ്ടി വരും.
* പല ലെവലില്‍ ചെയ്യാമല്ലോ എന്നൊക്കെ ആദ്യം തോന്നും. പിന്നീട് പ്ലാന്‍ ഡിസൈന്‍ ചെയ്യുന്ന സമയത്ത് മുറികള്‍ പല ലെവലുകളില്‍ ആവുന്നത് ബുദ്ധിമുട്ടാവും. അതു മനസ്സിലാക്കി ഒരേ ലെവലില്‍ തന്നെ ചെയ്യേണ്ട സ്ഥിതി വന്നേക്കാം.
* റോഡില്‍ നിന്നും സെക്കന്‍ഡ് പ്ലോട്ട് ആണെങ്കില്‍ അതിന് ശേഷമുള്ള പ്ലോട്ട് ഉയര്‍ന്നാണെങ്കില്‍ തീര്‍ച്ചയായും മെയിന്‍ റോഡിന്റെ ഉയരം നോക്കി ഫൗണ്ടേഷന്‍ ലെവല്‍ കാണേണ്ടി വരും. അല്ലെങ്കില്‍ മഴക്കാലത്ത് പറമ്പില്‍ വെള്ളം കെട്ടിക്കിടക്കും. ഇങ്ങനെ വരുമ്പോള്‍ വീടിന്റെ ഫൗണ്ടേഷന്‍, മണ്ണ് ഫില്ലിങ്, കോമ്പൗണ്ട് വോള്‍ ഫൗണ്ടേഷന്‍ ഒക്കെയായി അധികച്ചെലവ് ഉണ്ടാകും എന്നോര്‍ക്കുക.
* കഴിവതും ചതുരം/ദീര്‍ഘചതുരം പ്ലോട്ടുകള്‍ എടുക്കുക. ബില്‍ഡ് അപ്പ് ഏരിയ കൂടുതല്‍ കിട്ടാന്‍ ഇത് ഉപകരിക്കും. 90 ഡിഗ്രി അല്ലാത്ത ചെരിഞ്ഞ പ്ലോട്ട് ആണെങ്കില്‍ വീടുപണി കഴിഞ്ഞ് വീടിനു പാരലല്‍ അല്ലാതെ മതില്‍ ചെരിഞ്ഞുപോകുന്നതായി കാണും. ഇത് പുറത്തെ യാര്‍ഡ് ലാന്‍ഡ്സ്‌കേപ് പണിയെല്ലാം കഴിയുമ്പോള്‍ അഭംഗി ഉണ്ടാക്കും. മൂന്നോ നാലോ സെന്റ് വാങ്ങി വീടുവെക്കുന്നവര്‍ തീര്‍ച്ചയായും ഇത്തരം പ്ലോട്ടുകള്‍ വാങ്ങാതിരിക്കുക.
* ചെറിയ പ്ലോട്ട് വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വീടിന്റെ രണ്ടു അതിരുകളോട് ചേര്‍ന്ന് നടവഴി ഉണ്ടോ എന്നതാണ്. അവിടെ നിന്നും മുനിസിപ്പല്‍ റൂള്‍ പ്രകാരം സെറ്റ്ബാക്ക് വിട്ടുകഴിഞ്ഞാല്‍ ബില്‍ഡ് അപ്പ് ഏരിയ കുറെ നഷ്ടപ്പെടും.
* വാങ്ങാനുദ്ദേശിക്കുന്ന സ്ഥലം ഏതു സോണില്‍ ആണെന്ന് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളില്‍ പോയി മനസ്സിലാക്കി വേണം വാങ്ങാന്‍. അല്ലാത്ത പക്ഷം പ്ലാന്‍ സമര്‍പ്പിക്കുമ്പോള്‍ നിര്‍മ്മാണ അനുമതി നിഷേധിക്കാന്‍ സാധ്യതയുണ്ട്.
* അതിരുകളോട് ചേര്‍ന്ന് വലിയ ഓവുചാനലുകള്‍, കനാല്‍ എന്നിവ ഉണ്ടെങ്കില്‍ വൈഡനിങ് എന്തെങ്കിലും ഉണ്ടോ എന്ന് ബന്ധപ്പെട്ട വകുപ്പില്‍ പോയി അന്വേഷിക്കണം. വാങ്ങാനുദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള പ്രധാന റോഡുകളും ചിലപ്പോള്‍ ഭാവിയില്‍ വികസനസാധ്യത ഉള്ളതാണോ എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക.
* ഹൈ ടെന്‍ഷന്‍ വൈദ്യുതിലൈന്‍ സ്ഥലത്തിലൂടെ കടന്ന് പോകുന്നുണ്ടോ എന്ന് നോക്കുക.
* ആധാരം വക്കീലിനെ കാണിച്ച് രേഖകളെല്ലാം പരിശോധിക്കുക.
* ആധാരത്തില്‍ വയല്‍ ആണോ ആണെങ്കില്‍ ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നൊക്കെ ശ്രദ്ധിച്ചു വേണം സ്ഥലം വാങ്ങാന്‍. ഇതൊക്കെ പ്ലാന്‍ കിട്ടുന്നതിന് തടസ്സം ഉണ്ടോ, വീട് ഡിസൈന്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടോ എന്നൊക്ക അറിയാനുള്ള കാര്യങ്ങളാണ്. പിന്നെ, നാട്ടുനടപ്പനുസരിച്ചുള്ള ചില അന്വേഷണങ്ങള്‍ ഉണ്ടല്ലോ! കിണര്‍ കുഴിച്ചാല്‍ വെള്ളം കിട്ടുമോ, നല്ല വെള്ളം ആണോ, കോര്‍പറേഷന്‍ വെള്ളം ഇവിടെ ലഭ്യമാണോ, വൈദ്യുതി പോസ്റ്റ് അടുത്തുണ്ടോ, മഴവെള്ളം ഒഴുകിപ്പോകാന്‍ ഡ്രൈനേജ് സംവിധാനമുണ്ടോ, പറമ്പില്‍ വെള്ളം കെട്ടികിടക്കുമോ എന്നുകൂടി അന്വേഷിച്ച് സ്ഥലം വാങ്ങിയാല്‍ പിന്നീട് ഇക്കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചില്ലല്ലോ എന്നോര്‍ത്ത് ദു:ഖിക്കേണ്ടി വരില്ല.
Content Highlights: Ideal plot for building your dream home