കുളിപ്പിച്ചു തോർത്തിത്തരുന്ന മെഷീൻ ഭാവി വീടുകളിൽ മസ്റ്റ് തിങ് ആവുമോ?

പ്രതീകാത്മകചിത്രം | AI
പ്രതീകാത്മകചിത്രം | AI

ഇന്റർനെറ്റിൽ തരംഗമാവുകയാണ് കുളിമെഷീൻ. വാഷിങ് മെഷീനും ഫ്രിഡ്ജുമെല്ലാം പോലെ ഭാവിയിൽ നമ്മുടെ വീടുകളിലെ പ്രധാന ഉപകരണമായി മാറിയേക്കാവുന്ന കുളിമെഷീൻ പരീക്ഷണഘട്ടം ഏറെക്കുറെ പൂർത്തിയാക്കിക്കഴിഞ്ഞു. 15 മിനിറ്റിനുള്ളിൽ ശരീരം വൃത്തിയാക്കാനും ഉണക്കാനും കഴിയുന്ന 'ഹ്യൂമൻ വാഷിങ് മെഷീൻ' ജപ്പാൻ അവതരിപ്പിച്ചത് മാസങ്ങൾക്കുമുമ്പാണ്. വ്യക്തിശുചിത്വത്തിലും വിശ്രമത്തിലും വിപ്ലവം തന്നെ വാഗ്ദാനം ചെയ്യുന്നതാണ് പുതിയ സാങ്കേതികവിദ്യ. 

പുതിയ കണ്ടുപിടിത്തങ്ങളുടെ നാടായ ജപ്പാൻ, എഐ സാങ്കേതികവിദ്യയിലാണ് മെഷീൻ തയ്യാറാക്കിയിരിക്കുന്നത്. സയൻസ് കോ എന്ന കമ്പനിയാണ് പിന്നിൽ. 'മിറായ് നിൻഗൻ സെന്റകുക്' എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം ഒരു സ്പായിലേതുപോലത്തെ അനുഭവമാണ് നൽകുകയെന്ന് കമ്പനി പറയുന്നു.

ശരീരം വൃത്തിയാക്കുന്നതിനായി നൂതനമായ വാട്ടർ ജെറ്റുകളും സൂക്ഷ്മമായ വായു കുമിളകളും ഇതിലുണ്ട്. ഉപയോക്താവിൻ്റെ ചർമം ഏതുതരമാണെന്നതിനെയും ശാരീരിക അളവുകൾ എങ്ങനെയെന്നതിനും അടിസ്ഥാനമാക്കി ഓരോരുത്തർക്കും വ്യത്യസ്തസേവനം നൽകുന്നതാണ് ഇതിന്റെ സിസ്റ്റം. കുളിക്കുന്ന സമയത്ത് മെഷീനുള്ളിൽ ഡിജിറ്റൽ വീഡിയോകൾ കാണാനുള്ള അവസരവുമുണ്ട്.

ഒരു സുതാര്യമായ മെഷീനായിരിക്കുമിത്. ഉള്ളിലേക്ക് കയറിയശേഷം പകുതിയോളം ചൂടുവെള്ളം കൊണ്ട് നിറയും.

പിന്നീട് അതിവേഗത്തിലുള്ള വാട്ടർ ജെറ്റുകൾ പ്രവർത്തിക്കും. ചർമത്തിലെ അഴുക്കും മാലിന്യങ്ങളും ഇത് നീക്കം ചെയ്യും. വാട്ടർ ജെറ്റുകളുടെ താപനിലയും മർദ്ദവും നമ്മുടെ ആവശ്യത്തിനൊത്ത് ക്രമീകരിക്കാനാവുമെന്നതാണ് മറ്റൊരു വസ്തുത.

വിപണിയിൽ എപ്പോൾ

1970-കളിൽ സാൻയോ ഇലക്ട്രിക് അവതരിപ്പിച്ച ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ പതിപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. ജപ്പാനിൽ നടക്കുന്ന ഒസാക്ക എക്‌സ്‌പോയിൽ ആദ്യമാതൃകകൾ 1,000 പേർക്ക് നേരിട്ട് ഉപയോഗിച്ചുനോക്കാൻ അവസരം ലഭിക്കും. ഈ പരീക്ഷണത്തിന് ശേഷമായിരിക്കും വൻതോതിലുള്ള ഉത്പാദനത്തിലേക്ക് കടക്കുക. ഗാർഹിക ഉപയോഗത്തിനുള്ള പതിപ്പ് പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Japan`s AI-powered `human washing machine` cleans and dries you in 15 minutes. Launching at Osaka Expo 2025.