സ്വപ്‌നഭവനത്തിന് സമാഹരിക്കാം 90 ലക്ഷം

മധ്യവര്‍ഗക്കാരുടെ സ്വപ്‌നങ്ങളില്‍ എന്നും മുന്നില്‍ വീട് സ്വന്തമാക്കുകയെന്നതാണ്. ആദ്യമൊക്കെ വീട് വെച്ചതിനുശേഷമായിരുന്നു കാറുവാങ്ങല്‍. അതിന് മാറ്റംവന്നിരിക്കുന്നു. ജോലി കിട്ടിയാല്‍ ഉടനെ കാറ്, അതിന് ശേഷം വീട് എന്നായിരിക്കുന്നു. സാമ്പത്തിക ലക്ഷ്യങ്ങളുടെ മുന്‍ഗണന നിശ്ചയിച്ച് അതിനനുസരിച്ച് വരുമാനം ചെലവഴിക്കാന്‍ ശ്രദ്ധിക്കണം.
ലോണോ നിക്ഷേപമോ?
പത്ത് വര്‍ഷംകൊണ്ട് വീടിനായി പണം സമാഹരിക്കാം. നിലവില്‍ ആവശ്യമുള്ള തുക 50 ലക്ഷം രൂപയാണെന്ന് കരുതുക. ആറ് ശതമാനം വിലക്കയറ്റ പ്രകാരം പത്ത് വര്‍ഷത്തിനു ശേഷം 90 ലക്ഷമെങ്കിലും അതിനായി കണ്ടെത്തേണ്ടിവരും. ഈ തുക സമാഹരിക്കാനായി 25,000 രൂപയുടെ പ്രതിമാസ എസ്.ഐ.പി തുടങ്ങാം. വരുമാന വര്‍ധനവിന് അനുസരിച്ച് വര്‍ഷംതോറും എസ്.ഐ.പി തുകയില്‍ 10 ശതമാനം വര്‍ധന വരുത്താം. 12 ശതമാനം വാര്‍ഷിക ആദായം ലഭിച്ചാല്‍ 84 ലക്ഷം രൂപയാണ് ഇതിലൂടെ സമാഹരിക്കാനാകുക. 15 ശതമാനം ആദായം ലഭിച്ചാലാകട്ടെ ഈ തുക 98 ലക്ഷമാകുകയും ചെയ്യും.
വായ്പയെടുത്ത് വീടുവെയ്ക്കാനാണെങ്കില്‍ 30 ലക്ഷം രൂപയ്ക്ക് ഒമ്പത് ശതമാനം പലിശ പ്രകാരം 20 വര്‍ഷ കാലയളവില്‍ 27,000 രൂപയെങ്കിലും ഇ.എം.ഐ. അടക്കേണ്ടിവരും. 50 ലക്ഷം രൂപയാണ് വായ്പയെടുക്കുന്നതെങ്കില്‍ മാസംതോറും 45,000 രൂപയാണ് തിരിച്ചടക്കേണ്ടിവരിക. മൊത്തം അടച്ചുതീര്‍ക്കേണ്ട തുക പലിശയടക്കം ഒരുകോടിയിലേറെ രൂപയുമാണ്. ഇപ്പോള്‍ 50 ലക്ഷം രൂപ വായ്പയെടുത്ത് ഇത്രയും തുക അടച്ചുതീര്‍ക്കണോ 25,000 രൂപ വീതം മാസംതോറും നിക്ഷേപം നടത്തി 10 വര്‍ഷത്തിനുള്ളില്‍ 90 ലക്ഷം രൂപ മൂല്യമുള്ള വീട് വെയ്ക്കണോഎന്ന് ആലോചിക്കാം.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ദീര്‍ഘ കാലയളവില്‍ മികച്ച ആദായം നേടാന്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളാണ് അനുയോജ്യം. വൈവിധ്യവത്കരണത്തിലൂടെ നേട്ടമുണ്ടാക്കാന്‍ ഫ്‌ളക്‌സി ക്യാപ് വിഭാഗത്തിലെ മ്യൂച്വല്‍ ഫണ്ട് തിരഞ്ഞെടുക്കാം. 12 ശതമാനമെങ്കിലും ആദായം അതില്‍നിന്ന് പ്രതീക്ഷിക്കാം.
അടിയന്തര സാഹചര്യം നേരിടാന്‍ ആറ് മാസത്തെയെങ്കിലും ജീവിത ചെലവിനുള്ള തുക കരുതിവെയ്ക്കുക. കുടുംബത്തിന് ഒന്നാകെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുക. വരുമാന ദാതാവിന്റെ അഭാവത്തില്‍ കുടുംബത്തിന് സംരക്ഷണമേകാന്‍ ടേം ഇന്‍ഷുറന്‍സും കരുതിവെയ്ക്കുക.
പുതിയ മോഡല്‍ ഫോണോ, കാറോ നിക്ഷേപ പദ്ധതിയെ തകിടം മറിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രമുഖ ഓഹരി നിക്ഷേപകനായ വാറന്‍ ബഫറ്റ് പറഞ്ഞതുപോലെ 'ചെലവാക്കിയ ശേഷം അവശേഷിക്കുന്നതല്ല, സമ്പാദിച്ചതിനുശേഷം ബാക്കിയുള്ളതാണ് ചെലവാക്കേണ്ടത്.'
Content Highlights: how to save money for future home