വാര്‍ധക്യത്തിലും സമ്പന്നനായി ജീവിക്കാം, മാസം നൂറുരൂപ മാറ്റി വെച്ചാല്‍

#കെ.കെ ജയകുമാര്‍
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ചെറുപ്പകാലം അതിന്റെ എല്ലാ പ്രസരിപ്പോടെയും ആഘോഷിക്കുമ്പോള്‍ വാര്‍ധക്യത്തെകുറിച്ച് ഓര്‍ക്കാന്‍ ആര്‍ക്കും ഇഷ്ടമല്ല. വാര്‍ധക്യത്തിലും ചെറുപ്പത്തിന്റെ ആഹ്ളാദം നിലനിര്‍ത്തേണ്ടെ. അതിന് ഏറ്റവും എളുപ്പവഴി ചെറുപ്പത്തില്‍ തന്നെ അതിനെ കുറിച്ച് ആലോചിക്കുക എന്നതാണ്. അത് പക്ഷെ എളുപ്പമുള്ള പണിയല്ല. കാരണം ജോലിയില്‍ നിന്ന് വിരമിയ്ക്കാന്‍ ഇനിയും വര്‍ഷങ്ങളുള്ളപ്പോള്‍ ആദ്യം കരുതും ഇത് എന്നെ ഇപ്പോള്‍ ബാധിക്കുന്ന കാര്യമല്ലല്ലോ, റിട്ടയര്‍മെന്റിന് ശേഷമുള്ള കാര്യമല്ലെ അപ്പോള്‍ ചിന്തിച്ചാല്‍ പോരെ എന്നൊക്കെ. റിട്ടയര്‍മെന്റിനോട് അടുത്തവരാകട്ടെ ഇനി എന്ത് പ്ലാനിംഗ്, എല്ലാം കഴിഞ്ഞില്ലെ എന്നാണ് ചിന്തിക്കുക. ഫലത്തില്‍ റിട്ടയര്‍മെന്റിനായുള്ള ആസൂത്രണം ഒന്നും നടക്കില്ല. കൃത്യമായി ശമ്പളമോ വരുമാനമോ ലഭിച്ചുകൊണ്ടിരിക്കുമ്പോള്‍ ജോലിയില്ലാതായി കഴിഞ്ഞാലുള്ള അവസ്ഥയെ കുറിച്ച് എത്രപറഞ്ഞാലും ആര്‍ക്കും മനസ്സിലാകില്ല.

ഇന്ത്യയില്‍ കഴിഞ്ഞയിടെ നടന്ന ഒരു പഠനം ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. ഇപ്പോള്‍ ശമ്പള വരുമാനക്കാരായ രാജ്യത്തെ ജനങ്ങളില്‍ 90 ശതമാനവും വിരമിച്ചുകഴിഞ്ഞാല്‍ ദാരിദ്ര്യരേഖക്ക് താഴെയാകും എന്നാണ് പഠനം പറയുന്നത്. ജോലിയുള്ളപ്പോള്‍ ആഹ്ളാദ ജീവിതം നയിച്ചവര്‍ വിരമിക്കുമ്പോള്‍ ദരിദ്രര്‍ ആകുന്ന അവസ്ഥ എത്ര ദയനീയമാണ്, നിങ്ങള്‍ അക്കൂട്ടത്തില്‍ പെടുമോ. ചിന്തിച്ചു നോക്കുക. പെന്‍ഷന്‍ ആനുകൂല്യം ലഭ്യമാകുക കേവലം നാലുകോടി ജനങ്ങള്‍ക്ക് മാത്രമാണ്. അക്കൂട്ടത്തില്‍ നിങ്ങള്‍ ഉണ്ടോ? ഇതൊന്നും ഇല്ലാത്ത കൂലിപ്പണിക്കാരുടെയും കര്‍ഷകരുടെയും അസംഘടിത തൊഴിലാളികളുടെയും കാര്യമോ?

മക്കള്‍ നോക്കില്ലെ, അവരുടെ സംരക്ഷണം കിട്ടില്ലേ എന്ന് ചിന്തിക്കുന്നവരോട്... ഇപ്പോഴത്തെ സാമൂഹ്യ ചുറ്റുപാടനുസരിച്ച് മലയാളികള്‍ 85 വയസുവരെ ജീവിച്ചിരിക്കാനുള്ള സാധ്യതയുണ്ട്. അതായത് 60 വയസു കഴിഞ്ഞ് 25 വര്‍ഷം കൂടി ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടി വരും. ഏറ്റവും മികച്ച വരുമാനവുമായി കൂടുതല്‍ കാലം ജീവിച്ച (35 മുതല്‍ 60 വരെ) അത്രയും വര്‍ഷം തന്നെ നിങ്ങള്‍ക്ക് വരുമാനം ഒന്നുമില്ലാതെ ആശ്രിതനായി ജീവിക്കേണ്ടി വരും. അത് കൈയില്‍ സ്വന്തമായി വരുമാനമുണ്ടായിരുന്നപ്പോള്‍ ജീവിച്ചതുപോലെയാവില്ല.

വാര്‍ധക്യകാലത്തെ ജീവിതച്ചെലവിനുള്ള പണം കണ്ടെത്താന്‍ ഇന്നേ തയാറെടുക്കുകയും ആസൂത്രണം ചെയ്യുകയും വേണമെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടുകാണുമല്ലോ. ഇനി അന്നത്തെ കാലത്ത് ജീവിക്കാന്‍ എന്ത് ചെലവു വരും എന്ന് കണ്ടുപിടിക്കാം.

നിങ്ങള്‍ക്ക് ഇപ്പോള്‍ 35 വയസുണ്ടെന്ന് കരുതുക. 60 വയസിലെത്താന്‍ 25 വര്‍ഷം കൂടിയുണ്ട്. പ്രതിമാസചെലവ് ഇപ്പോള്‍ 5000 രൂപയാണ്. എങ്കില്‍ 25 വര്‍ഷം കഴിയുമ്പോള്‍ 21000 രൂപ നിങ്ങള്‍ക്ക് പ്രതിമാസം വേണം. അത് ഇപ്പോഴത്തെ നിലവാരത്തില്‍ അന്ന് ജീവിക്കാനാവശ്യമായ തുകയാണ്. ഇപ്പോള്‍ 10,000 രൂപയാണ് പ്രതിമാസ ചെലവ് എങ്കില്‍ വാര്‍ധക്യത്തില്‍ 42,000 രൂപ വേണ്ടിവരും. 15,000 രൂപയാണ് ഇപ്പോഴത്തെ പ്രതിമാസത്തെ ചെലവ് എങ്കില്‍ അന്ന് വേണ്ടിവരുക 63,000 രൂപയാണ്.

25 വര്‍ഷം കഴിയുമ്പോള്‍ ഇത്രയും തുക സ്ഥിരമായി ഏതെങ്കിലും മാര്‍ഗത്തില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുമോ? ഭൂരിഭാഗം ജനങ്ങളുടെയും ഉത്തരം ഇല്ല എന്നുതന്നെ ആയിരിക്കും. അപ്പോള്‍ പിന്നെ എന്തുചെയ്യും. ഉത്തരം തേടി ഏറെ അലയേണ്ടതില്ല. പൂര്‍വികര്‍ പറഞ്ഞു തന്നിട്ടില്ലെ, സമ്പത്ത് കാലത്ത് തൈ പത്ത് വയ്ക്കുക. ദിവസം മൂന്നര രൂപ മാറ്റി വയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? അത് ആര്‍ക്കാണ് കഴിയാത്തത്, ഇതെന്താ പരിഹസിക്കുകയാണൊ എന്നാവും നിങ്ങള്‍ കരുതുക. പരിഹസിക്കുകയല്ല, പ്രതീകാത്മകമായി ചോദിച്ചു എന്ന് മാത്രം.

പ്രതിദിനം സമ്പാദിച്ച് നിക്ഷേപിക്കുന്ന മൂന്നര രൂപ വാര്‍ധക്യകാലത്ത് എത്രയായി മാറുമെന്ന് നമുക്ക് നോക്കാം. 20 വയസുള്ള ഒരാള്‍ ദിവസം 3.5 രൂപ (പ്രതിമാസം 100 രൂപ) പ്രതി വര്‍ഷം ഏഴ് ശതമാനം ലാഭം തരുന്ന പദ്ധതിയില്‍ 60 വയസുവരെ നിക്ഷേപിച്ചാല്‍ ലഭിക്കുക എത്ര തുകയാണെന്ന് അറിയാമോ? 2.2 ലക്ഷം രൂപ. അത് 20 വയസുകാരന്റെ കാര്യം. എനിക്കിപ്പോള്‍ 45 ആയി എന്നോര്‍ത്ത് നിരാശപ്പെടാന്‍ വരട്ടെ. നിങ്ങളുടെ മൂന്നര രൂപയുടെ നിക്ഷേപം 25333 രൂപയാകും. ഇത് ഏറ്റവും കുറഞ്ഞ ലാഭം തരുന്ന എന്നാല്‍ സുരക്ഷിതമായ ബാങ്കില്‍ നിക്ഷേപിച്ചാല്‍ കിട്ടുന്ന നേട്ടമാണ്. വളരെ മികച്ച നേട്ടം തരുന്ന (20 ശതമാനം വരെ) ഓഹരിയിലാണ് എങ്കിലോ, 20 വയസുകാരന്റെ മൂന്നര രൂപ 1.12 കോടി രൂപയായിട്ടാകും വളരുക. 45 കാരന്റെ മൂന്നര രൂപയാവട്ടെ 73,070 രൂപയാകും. ദിവസവും മൂന്നര രൂപയില്‍ കൂടുതല്‍ എന്തായാലും സമ്പാദിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇനി അത് എവിടെ നിക്ഷേപിക്കണം എന്നല്ലെ? അതേക്കുറിച്ച് അടുത്ത ഭാഗത്ത്.

(തുടരും)

Content Highlights: how to save for old age and retirement