ടോയ്‌ലറ്റ് സീറ്റിനേക്കാൾ അഴുക്ക് നിങ്ങളുടെ ഫോണിലോ? ഫോൺ വൃത്തിയാക്കാൻ ലളിതമായ മാർഗങ്ങളിതാ

AI Image
AI Image

നമ്മുടെ കൈവിട്ടുപോകാത്ത സ്മാർട്ട്‌ഫോൺ നമുക്ക് തന്നെ 'പണി' തരുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയാണ് ദുബായിൽ ജോലി ചെയ്യുന്ന മൈക്രോബയോളജിസ്റ്റ് നീതു സുരേഷ്‌കുമാർ. കൈയിലിരിക്കുന്ന സ്മാർട്ട്‌ഫോൺ നിരവധി ബാക്ടീരിയകളുടെ ആവാസകേന്ദ്രമാകാമെന്നാണ് അവർ പറയുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് 'നിങ്ങളുടെ മൊബൈൽ ഫോൺ ടോയ്ലറ്റ് സീറ്റിനേക്കാൾ കൂടുതൽ ബാക്ടീരിയകൾ വഹിക്കുന്നുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?' എന്ന ചോദ്യത്തിലൂടെ അവർ ശ്രദ്ധ നേടിയത്.

എന്തുകൊണ്ടാണ് ഫോണിൽ ഇത്രയും ബാക്ടീരിയകൾ?
നമ്മൾ പോകുന്ന മിക്ക സ്ഥലങ്ങളിലേക്കും മൊബൈൽ ഫോൺ കൂടെ കൊണ്ടുപോകുന്നതാണ് പ്രധാന കാരണം. ഓഫീസിലായാലും വീട്ടിലായാലും ജിമ്മിലായാലും യാത്രയ്ക്കിടയിലായാലും ഫോൺ പലതരം പ്രതലങ്ങളുമായി സമ്പർക്കത്തിൽ വരുന്നു. ചിലർ ശുചിമുറിയിലേക്കുപോലും ഫോൺ കൊണ്ടുപോകാറുണ്ടെന്നും നീതു ചൂണ്ടിക്കാട്ടുന്നു.

ദിവസം മുഴുവൻ ഫോൺ സ്പർശിച്ച ശേഷം അതേ കൈകൊണ്ട് ഭക്ഷണം കഴിക്കുകയോ പാചകം ചെയ്യുകയോ ഫോൺ മുഖത്തോട് ചേർത്ത് സംസാരിക്കുകയോ ചെയ്യുമ്പോൾ ബാക്ടീരിയകൾ ഒരു പ്രതലത്തിൽ നിന്ന് മറ്റൊന്നിലേക്ക് തുടർച്ചയായി പടരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള ക്രോസ്-കണ്ടാമിനേഷൻ ശുചിത്വത്തെ ബാധിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

ഫോണിലെ അഴുക്ക് കുറയ്ക്കാൻ എന്തുചെയ്യണം?
ഭയപ്പെടുത്തുകയല്ല, നല്ല ശുചിത്വശീലങ്ങൾ വളർത്തുകയാണ് ലക്ഷ്യമെന്ന് നീതു വ്യക്തമാക്കുന്നു. ഇതിനായി അവർ നിർദേശിക്കുന്ന ചില ലളിതമായ മാർഗങ്ങളിതാ…
സുരക്ഷിതമായ ഡിസിൻഫെക്ടന്റ് വൈപ്പ് (Disinfectant wipes) ഉപയോഗിച്ച് ഫോൺ ഇടയ്ക്കിടെ തുടച്ചുവൃത്തിയാക്കുക. അല്ലെങ്കിൽ, മൃദുവായ തുണിയിൽ അൽപം ഹാൻഡ് സാനിറ്റൈസർ പുരട്ടി ഫോണിന്റെ പുറംഭാഗം സാവധാനം വൃത്തിയാക്കാം. ചാർജിങ് പോർട്ടിലോ സ്പീക്കറിലോ മറ്റ് തുറന്ന ഭാഗങ്ങളിലോ നേരിട്ട് വെള്ളമോ മറ്റോ പതിയാതിരിക്കാൻ ശ്രദ്ധിക്കണം. ഫോൺ വൃത്തിയാക്കുന്നതും കൈകൾ പതിവായി കഴുകുന്നതും ഒരുപോലെ പ്രധാനമാണ്. ഫോൺ പതിവായി വൃത്തിയാക്കുന്നത് കൈകളിലേക്കും മുഖത്തേക്കും ഭക്ഷണത്തിലേക്കും രോഗാണുക്കൾ പകരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. അതിനാൽ 'വൃത്തിയുള്ള ഫോൺ, മികച്ച ശുചിത്വം' എന്ന ശീലം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് നീതു ഓർമ്മിപ്പിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: how-to-sanitize-smartphone-hygiene-tips