മക്കളുടെ പഠനത്തിന് പത്തു വര്‍ഷം മുന്നേ തുടങ്ങണോ സാമ്പത്തിക മുൻകരുതൽ?

മക്കള്‍ക്ക് ഏതു കോഴ്‌സണ് പഠിക്കാന്‍ താല്‍പര്യം എന്നത് നേരത്തെ അറിയാന്‍ കഴിഞ്ഞാല്‍ അതിനുവേണ്ടിവരുന്ന പണം എത്രയെന്ന് കണക്കാക്കി അത് സ്വരുക്കൂട്ടാനുള്ള മുന്നൊരുക്കങ്ങള്‍ നേരത്തെ നടത്താന്‍ കഴിയും.
ഏതു കോഴ്‌സ് പഠിപ്പിക്കാനാണോ തീരുമാനിച്ചിരക്കുന്നത് ആ കോഴ്‌സിന്റെ ഇപ്പോഴത്തെ നിലയിലുള്ള ചെലവ് എത്രയാണെന്ന് അറിഞ്ഞിരിക്കണം. ഇവിടെ നിങ്ങളുടെ ഉള്ളില്‍ ഒരു സംശയം ഉയരാം.10 വര്‍ഷം മുമ്പേ തന്നെ കുട്ടിയെ ഇന്ന കോഴ്‌സ് പഠിപ്പിക്കും എന്ന് മുന്‍കൂട്ടി തീരുമാനക്കേണ്ടതുണ്ടോ. അവന്‍ വളര്‍ന്നുവരുമ്പോള്‍ അവന് ആഗ്രഹമുള്ള കോഴ്‌സ് പഠിപ്പിച്ചാല്‍ പോരേ. മതി. പക്ഷേ അപ്പോഴേ ഒരു കോഴ്‌സിനു പഠിപ്പിക്കണം എന്ന് ലക്ഷ്യമിട്ട് പണം സ്വരുക്കൂട്ടുന്നതില്‍ തെറ്റില്ലല്ലോ. എന്‍ജിനീയറിംഗ് പഠിപ്പിക്കണം എന്ന ലക്ഷ്യത്തില്‍ പണം സ്വരുക്കൂട്ടി. പ്ലസ് ടു കഴിഞ്ഞപ്പോള്‍ കുട്ടി പറയുകയാണ് എനിക്ക് ഫൈന്‍ ആര്‍ട്‌സിനു പോയാല്‍ മതി എന്ന്. എന്‍ജിനീയറിംഗിനു പഠിക്കാനുള്ള പണം ഉണ്ടാക്കിപ്പോയതുകൊണ്ടുമാത്രം കുട്ടി അത് പഠിക്കണം എന്ന ശഠിക്കാതിരുന്നാല്‍ മതി. ആ പണം മറ്റെന്തെങ്കിലും കാര്യത്തിന് ഉപയോഗിക്കാമല്ലോ.
ഇപ്പോഴത്തെ നിലയിലുള്ള ചെലവ് അനുസരിച്ച് ആ ചെലവിന്റെ ഫ്യൂച്ചര്‍ വാല്യൂ കണക്കാക്കണം. ഫ്യൂച്ചര്‍ വാല്യൂ എന്നാല്‍ കുട്ടി ഭാവിയില്‍ പഠിക്കാന്‍ പോകുന്ന കോഴ്‌സിന്റെ ചെലവ് എന്നാണര്‍ത്ഥം. ഇപ്പോള്‍ 10 ലക്ഷം രൂപയാണ് പഠന ചെലവ് എന്നു കരുതുക. കുട്ടി പഠിക്കാന്‍ ചേരുന്നത് 10 വര്‍ഷം കഴിഞ്ഞാണെന്നും കരുതുക. ഇപ്പോഴത്തെ 10 ലക്ഷം രൂപയായിരിക്കല്ല അന്നത്തെ യഥാര്‍ത്ഥ ചെലവ്. വിദ്യാഭ്യാസ ചെലവിലെ ഇപ്പോഴത്തെ ഇന്‍ഫ്‌ളേഷന്‍ അഥവാ നാണ്യപ്പെരുപ്പം അല്ലെങ്കില്‍ വിലക്കയറ്റം ശരാശരി 11 ശതമാനത്തോളമാണ്. അടുത്ത 10 വര്‍ഷവും ഇത് ഇങ്ങനെതന്നെ ആയിരിക്കും എന്ന അനുമാനത്തിലാണ് വിദ്യാഭ്യാസ ചെലവിന്റെ ഫ്യൂച്ചര്‍ വാല്യൂ കാണേണ്ടത്. ഫ്യൂച്ചര്‍ വാല്യൂ കാല്‍ക്കുലേറ്റര്‍ ഇന്റര്‍നെറ്റില്‍ ലഭിക്കും. അതില്‍ ഇപ്പോഴത്തെ ചെലവായ 10 ലക്ഷവും എത്രവര്‍ഷം കഴിഞ്ഞുള്ള നിരക്ക് ആണ് അറിയേണ്ടതെന്നും ഇന്‍ഫ്‌ളേഷന്‍ നിരക്കും അടിച്ചുകൊടുത്താല്‍ ഫ്യൂച്ചര്‍ വാല്യൂ കിട്ടും.
ഇത്തരത്തില്‍ 10 വര്‍ഷം കഴിഞ്ഞുള്ള യഥാര്‍ത്ഥ പഠനച്ചെലവ് എത്രയാണെന്ന് മനസിലാക്കിയാല്‍ ഇത്രയും പണം എങ്ങനെ സ്വരുക്കൂട്ടും എന്ന് തീരുമാനിക്കാം. ഇതിനായി എത്ര തുക പ്രതിമാസം മാറ്റിവയ്ക്കാനുണ്ട് എന്ന് തീരുമാനിക്കുക. നിങ്ങളുടെ റിസ്‌ക് എടുക്കാനുള്ള ശേഷി എത്രയാണെന്ന് നോക്കുക. ഉയര്‍ന്ന റിസ്‌ക് എടുക്കാന്‍ ശേഷിയുള്ള ആളാണ് എങ്കില്‍ ഓഹരി അധിഷ്ഠിത നിക്ഷേപ മാര്‍ഗം സ്വീകിരിക്കാം. മിതമായ രീതിയില്‍ റിസ്‌ക് എടുക്കാന്‍ ശേഷിയുള്ള ആളാണ് എങ്കില്‍ സംതുലിതമാര്‍ഗം സ്വീകരിക്കാം. അതായത് പകുതി ഓഹരിയധിഷ്ഠിത മാര്‍ഗങ്ങളിലും പകുതി സ്ഥിര നിക്ഷേപ മാര്‍ഗങ്ങളിലും നിക്ഷേപിക്കാം. ഒട്ടും റിസ്‌ക് എടുക്കാനുള്ള ശേഷിയില്ലെങ്കില്‍ പണം മുഴുവന്‍ ബാങ്ക് ഡിപ്പോസിറ്റ് പോലുള്ള സ്ഥിര നിക്ഷേപ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കാം.
കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്താനുള്ള ഒരു നിക്ഷേപ പ്ലാന്‍ നോക്കാം.
ഈ പ്ലാനനുസരിച്ച് പണം നിക്ഷേപിക്കേണ്ട വിധം എങ്ങനെയെന്ന് നോക്കാം.
മികച്ച ഓഹരികള്‍ വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്തി നിക്ഷേപിക്കണം. ഓഹരി വിപണിയില്‍ അവസരം വരുമ്പോഴെക്കെ നല്ല ഓഹരികള്‍ വിലകുറവില്‍ ലഭിക്കുമ്പോള്‍ വാങ്ങിക്കൊണ്ടിരിക്കണം. വിദ്യാഭ്യാസ ചെലവിനായി പ്രതിമാസം മാറ്റിവയ്ക്കുന്ന തുകയുടെ 15 ശതമാനം തുകയേ ഇതിനായി വിനിയോഗിക്കാവൂ എന്ന കാര്യം മറക്കരുത്. ഓഹിരി അധിഷ്ഠിത മ്യച്വല്‍ ഫണ്ടില്‍ ചെറിയ തുകകള്‍ പ്രതിമാസ തവണകളായി എസ്.ഐ.പി മാതൃകയിലാണ് നിക്ഷേപിക്കേണ്ടത്. പബ്ലിക് പ്രോവിഡന്റ് ഫണ്ടില്‍ പ്രതിവര്‍ഷം ഒരു ലക്ഷം രൂപവരെയാണ് നിക്്‌ഷേപിക്കാന്‍ കഴിയൂ. പ്രതിമാസമോ ഒറ്റത്തവണയായോ ഇതില്‍ നിക്ഷേപിക്കാം. കടപ്പത്രാധിഷ്ഠിത ഡെറ്റ് മ്യൂച്വല്‍ ഫണ്ടിലും ഗോള്‍ഡ് ഫണ്ടിലും പ്രതിമാസ തവണകളായി വേണം നിക്ഷേപം നടത്തേണ്ടത്.
വിദ്യാഭ്യാസ വായ്പ
മക്കള്‍ മെറിറ്റില്‍ പ്രവേശനം നേടുകയും പഠനച്ചെലവിനുള്ള പണം ഇല്ലാതിരിക്കുകയും ചെയ്താല്‍ വിദ്യാഭ്യാസ വായ്പയെ ആശ്രയിക്കാം. മക്കള്‍ പഠിക്കാന്‍ സമര്‍ത്ഥരും പഠനശേഷം ജോലികിട്ടാന്‍ സാധ്യതയും ഉണ്ടെങ്കില്‍ മാത്രമേ സാമ്പത്തിക ഞെരുക്കമുള്ള മാതാപിതാക്കള്‍ വിദ്യാഭ്യാസ വായ്പ എടുത്ത് പഠിപ്പിക്കാവൂ. അല്ലെങ്കില്‍ അത് മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും പിന്നീട് വലിയ ബാധ്യതയാകും.
(പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് ട്രെയിനറുമാണ് ലേഖകന്‍
ഫോണ്‍: 9447667716, email: jayakumarkk8@gmail.com)
Content Highlights: how to plan savings for higher studies of your child